Latest News

പത്രപ്രവര്‍ത്തക, പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ ചട്ടങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിക്കും: മുഖ്യമന്ത്രി

ചട്ടങ്ങള്‍ പരിഷ്‌കരിക്കാനായി രൂപീകരിച്ച കമ്മിറ്റി ഉടനെ ചേരാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

പത്രപ്രവര്‍ത്തക, പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ ചട്ടങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിക്കും: മുഖ്യമന്ത്രി
X

തിരുവനന്തപുരം: 1993ല്‍ രൂപം കൊടുത്ത പത്രപ്രവര്‍ത്തക ക്ഷേമ പെന്‍ഷന്‍ പദ്ധതിയുടെയും 2000ല്‍ ഏര്‍പ്പെടുത്തിയ പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതിയുടെയും ചട്ടങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പത്രപ്രവര്‍ത്തക പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ മാനേജിങ് കമ്മിറ്റികളുടെ യോഗങ്ങളില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ചട്ടങ്ങള്‍ പരിഷ്‌കരിക്കാനായി രൂപീകരിച്ച കമ്മിറ്റി ഉടനെ ചേരാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ആയിട്ടായിരുന്നു യോഗങ്ങള്‍. നയപരമായ തീരുമാനങ്ങള്‍ എടുക്കേണ്ട വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. പെന്‍ഷന്‍, അംഗത്വം തുടങ്ങിയ വിഷയങ്ങളിലെ അപേക്ഷകളുടെ തീര്‍പ്പ് സുഗമവും സമയബന്ധിതവും ആകാന്‍ അത്യാവശ്യമായ ചില പരിഷ്‌കാരങ്ങള്‍ക്ക് കമ്മിറ്റി തുടക്കം കുറിച്ചിട്ടുണ്ട്. ഉപസമിതികള്‍ക്കു കൂടുതല്‍ അധികാരം നല്‍കുന്നത് ഉള്‍പ്പെടെ ഉള്ള കാര്യങ്ങളില്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കും.

വ്യക്തിഗത അപേക്ഷകളും മറ്റു വിഷയങ്ങളും പരിഗണിക്കാന്‍ അടിയന്തരമായി ഉപസമിതി യോഗങ്ങള്‍ കൂടാനും തീരുമാനം ആയിട്ടുണ്ട്. പത്രപ്രവര്‍ത്തക പത്രപ്രവര്‍ത്തകേതര സംഘടനകള്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങളിന്മേല്‍ അനുഭാവപൂര്‍ണമായ നടപടി കൈക്കൊള്ളാനും തീരുമാനമെടുത്തു.

വിരമിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും സാങ്കേതിക കാരണങ്ങളാല്‍ പെന്‍ഷന്‍ കിട്ടാത്ത അംഗങ്ങളുടെ പ്രശ്‌നവും പദ്ധതിയില്‍ അംഗത്വം നേടിയ ശേഷം വിവിധ കാരണങ്ങളാല്‍ സ്ഥാപനത്തില്‍ നിന്ന് മാറുകയോ സ്ഥാപനം അടച്ചു പൂട്ടുകയോ ചെയ്തത് മൂലം അംശദായം അടയ്ക്കാന്‍ കഴിയാത്ത മാധ്യമപ്രവര്‍ത്തകരുടെ പ്രശ്‌നവും പരിഹരിക്കാന്‍ നടപടി സ്വീകരിക്കും.

പത്രപ്രവര്‍ത്തക പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ തുകയ്ക്ക് ആനുപാതികമായി കുടുംബ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ധനകാര്യ വകുപ്പിന് ശുപാര്‍ശ നല്‍കാനും തീരുമാനമായി. കൊവിഡ് പശ്ചാത്തലത്തില്‍ ആറു മാസത്തിലേറെ അംശദായ കുടിശ്ശിക വന്നത് മൂലം അംഗത്വം റദ്ദായവര്‍ക്ക് തുടര്‍ന്ന് തുക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ ഒരു അവസരം കൂടി നല്‍കാനും നടപടി സ്വീകരിക്കും.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന സംസ്ഥാന അക്രഡിറ്റേഷന്‍ കമ്മിറ്റി യോഗത്തില്‍ ഇതുവരെ വകുപ്പില്‍ ലഭിച്ചവയില്‍ സാധുവായ 181 അപേക്ഷകര്‍ക്ക് അക്രഡിറ്റേഷന്‍ അനുവദിക്കാനും തീരുമാനമായി. യോഗങ്ങളില്‍ കമ്മിറ്റി അംഗങ്ങളായ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തക പത്രപ്രവര്‍ത്തകേതര മേഖലകളിലെ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it