- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അന്യായ വിധികള്‍: ഹിന്ദുത്വ ഫാഷിസത്തിനു മുന്നില്‍ കൂപ്പുകൈയോടെ ജസ്റ്റിസ് അരുണ്‍ മിശ്ര
ജുഡീഷ്യറിയും രാഷ്ട്രീയ നേതൃത്വും തമ്മില്‍ വിട്ടുപിരിയാത്ത ബന്ധമാണെങ്കിലും അവ തികച്ചും സമാന്തരമായി കടന്നുപോകുന്നുവെന്നാണ് കരുതപ്പെടുന്നത്. പരസ്പരം കൂട്ടുതൊടാതെ എന്നാല്‍ വിട്ടുപിരിയാതെ ഒരു ബന്ധം. എക്സിക്യൂട്ടിവും ജുഡീഷ്യറിയും തമ്മിലും ഇതേ ബന്ധമുണ്ട്. തീര്‍ച്ചയായും വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനമെന്ന നലിയില്‍ ജുഡീഷ്യറിയുടെ ഈ 'നിസ്സംഗത' എല്ലാ ജൂഡീഷ്യല്‍ തസ്തികകളെയും വിട്ടൊഴിഞ്ഞിട്ടില്ല. കലക്ടര്‍മാരും ആര്‍ഡിഒമാരും കൈകാര്യം ചെയ്യുന്ന റവന്യുവില്‍ ചില രംഗത്തെങ്കിലും കൊളോണിയല്‍ കാലത്തിന്റെ ചില അപകടകരമായ അവശേഷിപ്പുകള്‍ ഇപ്പോഴും തുടരുന്നു. എന്നാല്‍ ഇതില്‍ നിന്നു വ്യത്യസ്തമായ നമ്മുടെ ജുഡീഷ്യല്‍ സംവിധാനം ഈ കൂട്ടിത്തൊടായ്ക കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനപ്പുറം സുഗമമായി വളര്‍ത്തിയെടുത്തിട്ടുണ്ടെന്നുതന്നെയാണ് നാം കരുതിയിട്ടുളളത്.
എന്നാല്‍ ഈ ചിന്തകളെയും വിശ്വാസങ്ങളെയും തുരങ്കം വയ്ക്കുന്ന, ചില അനുഭവങ്ങള്‍ കുറേ നാളായി നമ്മുടെ ആലോചനകളെ അപഹരിക്കുന്നുണ്ട്. സ്വന്തം വര്‍ഗതാല്‍പര്യങ്ങളും ജാതി താല്പര്യങ്ങളും എന്നും ജുഡീഷ്യറി വച്ചുപുലര്‍ത്തിയിരുന്നെങ്കിലും ഇതാദ്യമായി രാഷ്്ട്രീയ നേതൃത്വത്തോട് അടിയറവ് പറയുടെ ഒരു സംവിധാനം രാജ്യത്ത് വളര്‍ന്നുവരികയാണ്. അതിന്റെ ഒരു മാതൃക ചൂണ്ടിക്കാട്ടാന്‍ ആവശ്യപ്പെട്ടാല്‍ നിസ്സംശയം ഒരാളുടെ നേര്‍ക്ക് നമുക്ക് വിരല്‍ ചൂണ്ടാം- ഈ സെപ്റ്റംബര്‍ 2ന് സുപ്രിംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര. അദ്ദേഹത്തെ കുറിച്ചുള്ള നമ്മുടെ അറിവും അനുഭവവും ഇന്ത്യന്‍ നീതിന്യായസംവിധാനത്തിന് വന്നുചേര്‍ന്ന പരിണാമത്തിന്റെയും വിപര്യയത്തിന്റെയും സൂചന കൂടി നല്‍കും.
മധ്യപ്രദേശ് ഹൈക്കോടതിയില്‍ 1977-82 കാലത്ത് ജഡ്ജിയായിരുന്ന ഹര്‍ഗോവിന്ദ് ജി മിശ്രയുടെ മകനായാണ് ജസ്റ്റിസ് അരുണ്‍ മിശ്ര പിറന്നത്. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ചീഫ് ജസ്റ്റിസായ ആര്‍ എം ലോധയുടെ കാലത്ത്് ജസ്റ്റിസ് അരുണ്‍ മിശ്ര കല്‍ക്കത്ത ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായി. നേരത്തെ അദ്ദേഹം രാജസ്ഥാന്‍, മധ്യപ്രദേശ് ഹൈക്കോടതിയില്‍ വിവിധ കാലങ്ങളില്‍ ജഡ്ജിയായി സേവനമനുഷ്ടിച്ചിരുന്നു.
1998 ല്‍ അദ്ദേഹം 43ാം വയസ്സില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി. ആ സ്ഥാനത്തെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ആള്‍. ഇക്കാലത്താണ് അദ്ദേഹം 5 വര്‍ഷം നീണ്ടു നില്‍ക്കുന്ന നിയമപഠന കോഴ്സ് രാജ്യത്ത് നടപ്പാക്കുന്നത്. ഈ സമയത്ത് നിലവാരമില്ലാത്ത നിരവധി കോളജുകള്‍ നിര്‍ത്തലാക്കി അദ്ദേഹം അക്കാദമിക്കുകളുടെ കയ്യടി നേടുകയും ചെയ്തു. എന്നാല്‍ അത്ര രസകരമായിരുന്നില്ല മിശ്രയുടെ ജുഡീഷ്യല്‍ ജീവിതം. സ്വജനപക്ഷപാതിത്വവും യജമാനഭക്തിയും ഹിന്ദുത്വരുടെ വംശീയ താല്‍പ്പര്യങ്ങളോട് ചേര്‍ന്നുനിന്നുമാണ് മിശ്ര തന്റെ സ്ഥാനമുറപ്പിച്ചത്. കഴിഞ്ഞ കുറേ വര്‍ഷമായി രാജ്യത്ത് നടന്ന മിക്കവാറും വംശീയാക്രമണങ്ങളില്‍ നിന്ന് അതിന്റെ സൂത്രധാരന്മാരായ മോദി, അമിത് ഷാ കൂട്ടുകെട്ടിനെ രക്ഷിച്ചെടുക്കുന്നതിലും അവരുടെ രാഷ്ട്രീയ എതിരാളികളെ തകര്‍ക്കുന്നതിലും ഒരു ജഡ്ജിയെന്ന നിലയില്‍ അരുണ്‍ മിശ്രയുടെ പങ്ക് വമ്പിച്ചതാണ്. അത്രത്തോളം ഭീതിജനകവുമാണ് അത്. ജഡ്ജിയായിരുന്ന സമയത്ത് അദ്ദേഹം എഴുതിയ വിധിന്യായങ്ങള്‍ തന്നെയാണ് ഇതിനുള്ള തെളിവ്.
2014 ജൂലൈ 7 മുതല്‍ സുപ്രിംകോടതി ജഡ്ജിയെന്ന പദവിയിലിരുന്നുകൊണ്ട് അരുണ്‍ മിശ്ര 132 വിധികളാണ് പുറപ്പെടുവിച്ചത്. ഈ സമയത്തിനുള്ളില്‍ 540 ബെഞ്ചുകളില്‍ അദ്ദേഹം അംഗമായിരുന്നു. 7 ചീഫ്ജസ്റ്റിസുമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.
ജസ്റ്റിസ് ദത്തു മുതല്‍ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ വരെയുള്ളവരില്‍ വലിയ സ്വാധീനമുണ്ടായിരുന്ന മിശ്ര മിക്കപ്പോഴും രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകള്‍ കേള്‍ക്കുന്ന ബെഞ്ചിലാണ് നിയമിക്കപ്പെട്ടത്. മറ്റുള്ളവര്‍ അംഗങ്ങളായിരിക്കുമ്പോഴും പല വിധിന്യായങ്ങളും എഴുതിയതും അരുണ്‍ മിശ്ര തന്നെ. അത്തരം ചില കേസുകളുടെ പേര് കേട്ടാല്‍ തന്നെ മനസ്സിലോടിയെത്തും അതിനുള്ള കാരണവും-സഞ്ജീവ്് ഭട്ട് കേസ്, സഹാറ ബിര്‍ള കേസ്, ലാലുപ്രസാദ് യാദവ് കാലിത്തീറ്റ കുംഭകോണം, നാഗേശ്വര്‍ റാവു കേസ്... പലതിലും മോദിയും മോദിയുമായി ബന്ധപ്പെട്ടവരുമാണ് പ്രതിസ്ഥാനത്തുണ്ടായിരുന്നത്.
ചീഫ് ജസ്റ്റിസ് ദത്തുവും മിശ്രയും അംഗങ്ങളായിരുന്ന സഞ്ജീവ് രാജേന്ദ്ര ഭട്ട് കേസില്‍ വിധിയെഴുതിയത് മിശ്രയായിരുന്നു. ഗുജറാത്ത് സര്‍ക്കാര്‍ മുന്‍ ഐപിഎസ് ഓഫിസറായിരുന്ന സഞ്ജീവ് ഭട്ട് തന്റെ പേരില്‍ ചാര്‍ജ് ചെയ്യപ്പെട്ട എഫ്ഐആറില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ദത്തുവും മിശ്രയും ചേര്‍ന്ന് തള്ളി. ബിജെപി നേതാക്കളായ അമിത് ഷായെയും മറ്റുള്ളവരെയും കേസില്‍ പ്രതി ചേര്‍ക്കാനുള്ള അപേക്ഷയും മിശ്രയുടെ ബെഞ്ച് തള്ളിക്കളഞ്ഞു.
ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദിയുടെ പങ്കിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കേസിലേക്ക് നയിച്ചത്. ഗോധ്ര ട്രെയിന്‍ തീവെപ്പു കേസിനു ശേഷം 2002 ഫെബ്രുവരി 27ന് താന്‍ കൂടി പങ്കെടുത്ത ഒരു യോഗത്തില്‍ മുസ്ലിംകള്‍ക്കെതിരേ ആക്രമണം അഴിച്ചുവിടാന്‍ നരേന്ദ്ര മോദി ഉദ്യോഗസ്ഥര്‍ക്ക് അനുവാദം നല്‍കിയെന്ന് സഞ്ജീവ് ഭട്ട് ആരോപിച്ചു. ഇന്ദിരാ ജെയ്സിങ്, പ്രശാന്ത് ഭൂഷന്‍ തുടങ്ങിയവരാണ് അദ്ദേഹത്തിനു വേണ്ടി ഹാജരായത്. അന്ന് ഗുജറാത്ത് അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായിരുന്ന തുഷാര്‍ മേത്ത പ്രതികളുമായി നടത്തിയ ഏതാനും ഇമെയില്‍ സന്ദേശങ്ങളും ഭട്ട് പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഭട്ടിനെതിരേ ചുമത്തിയ കേസ് അന്വേഷിക്കാന്‍ ഒരു പ്രത്യേക ടീമിനെ നിയോഗിക്കണമെന്ന ആവശ്യവും മിശ്രയുടെ ബെഞ്ച് പരിഗണിച്ചില്ല. പ്രതികളുമായി നിയമ രഹസ്യങ്ങള്‍ കൈമാറിയെന്ന തുഷാര്‍ മേത്തക്കെതിരേയുള്ള ആരോപണവും കോടതി തള്ളി. പ്രതികളും അഡ്വക്കേറ്റ് ജനറലും തമ്മില്‍ അവിശുദ്ധബന്ധമുണ്ടെന്ന ഭട്ടിന്റെ വാദം ശരിയല്ലെന്നും മൂന്നാമതൊരു പാര്‍ട്ടിയുമായി നിയമപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതില്‍ തെറ്റില്ലെന്നും അത് ഗൂഢാലോചയല്ലെന്നും മിശ്ര വിധിച്ചു. അതു വഴി തുഷാര്‍ മേത്ത മാത്രമല്ല, മോദിയും അമിത്ഷായും ബിജെപിയിലെ ക്രിമിനല്‍ സംഘങ്ങളും ഗുജറാത്ത് കലാപക്കേസില്‍ നിന്ന് രക്ഷപ്പെട്ടു. അതിനും പുറമെ ഒരു കേസ് കൂടി ഭട്ടിനെതിരേ ചാര്‍ജ് ചെയ്തു. അദ്ദേഹമിപ്പോള്‍ ജയിലിലാണ്. തുഷാര്‍ മേത്ത ഗുജറാത്ത് വിട്ടു, ഇപ്പോള്‍ രാജ്യത്തിന്റെ സോളിസിറ്റര്‍ ജനറലാണ്.
ബിജെപിയുമായി ബന്ധപ്പെട്ടവര്‍ പ്രതിപ്പട്ടികയിലെത്തിയ മറ്റൊരു കേസാണ് സഹാറ ബിര്‍ള ഡയറി കേസ്. ഖേഹര്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന സമയത്ത് വന്ന ഈ കേസ് മിശ്രയുടെ ബെഞ്ചാണ് പരിഗണിച്ചത്. കെ വി ചൗധരിയെ കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി നിയമിച്ചതായിരുന്നു കേസിനാസ്പദമായ സംഭവം.
കോമണ്‍ കോസ് എന്ന എന്‍ജിഒ ഇതിനെതിരേ കേസ് ഫയല്‍ ചെയ്തു. ആദിത്യ ബിര്‍ളയുടെ കമ്പനിയില്‍ നിന്ന് ഇന്‍കം ടാക്സ് പിടിച്ചെടുത്ത ഒരു ഡയറിയില്‍ ഏതാനും പൊതുപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി നല്‍കിയ കണക്കുകള്‍ കണ്ടെത്തിയിരുന്നു. 2013 ലാണ് സംഭവം. അതില്‍ ഒരു പേര് നരേന്ദ്ര മോദിയുടേതാണ്. അദ്ദേഹം വാങ്ങിയതായി പറയുന്നത് 25 കോടിയും. അന്നദ്ദേഹം മുഖ്യമന്ത്രിയാണ് ഗുജറാത്തില്‍. ഈ ഡയറികള്‍ കേസന്വേഷിക്കുന്ന സിബിഐക്ക് ഇന്‍കം ടാക്സ് കൈമാറിയില്ല. അന്ന് കെ വി ചൗധരിയാണ് ഇന്‍കം ടാക്സ് മേധാവി.
ഇത്തരമൊരാളെ കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി നിയമിക്കുന്നതിനെതിരേയാണ് കോമണ്‍ കോസ് പരാതി നല്‍കിയത്. ആ പരാതി മിശ്രയുടെ ബെഞ്ച് തള്ളി. ഏതാനും കുത്തഴിഞ്ഞ കടലാസ്സു കഷണങ്ങളില്‍ പേരുണ്ടെന്നു പറഞ്ഞ് മോദിയെപ്പോലെയുള്ള ഒരാള്‍ക്കെതിരേ അന്വേഷണം നടത്താനാവില്ലെന്നായിരുന്നു മിശ്രയുടെ വിധി. നാളുകള്‍ക്കു ശേഷം നടന്ന മിശ്രയുടെ അനന്തിരവളുടെ വിവാഹത്തില്‍ നിരവധി ബിജെപി നേതാക്കള്‍ പങ്കെടുത്തു. അതിലൊരാള്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനാണ്. അതിലും അസ്വാഭാവികമായി ഒന്നുമില്ലായിരുന്നു. ചൗഹാനും കുത്തഴിഞ്ഞ കൈക്കൂലിക്കടലാസില്‍ പേര് വന്നയാളാണ്. എന്തായാലും 2018, ജൂലൈ 2ന് കോമണ്‍ കോസിന്റെ മുഴുവന്‍ കേസുകളും കോടതി തീര്‍പ്പാക്കി.
ജസ്റ്റിസ് ലോയയുടെ കൊലപാതക കേസാണ് അരുണ്‍ മിശ്ര പരിഗണിച്ച മറ്റൊരു കേസ്. ഇക്കാലത്താണ് നാല് സീനിയര്‍ ജഡ്ജിമാര്‍ ജുഡീഷ്യറിയ്ക്കു സംഭവിച്ച അപചയത്തിനെതിരേ ചരിത്രപ്രസിദ്ധമായ വാര്‍ത്താസമ്മേളനം നടത്തിയത്. 2018 ജനുവരി 12നായിരുന്നു അത്. ഒടുവില്‍ ജനങ്ങളുടെ സമ്മര്‍ദ്ദം വര്‍ധിച്ചപ്പോള്‍ ബെഞ്ചിനെ മാറ്റി. പക്ഷേ, ഗുണമുണ്ടായില്ല. കേസ് തള്ളിപ്പോയി.
ബിജെപിയെ സംബന്ധിച്ചിടത്തോളം ജസ്റ്റിസ് ലോയയുടെ മരണം നിര്‍ണായകമായിരുന്നു. അന്നത്തെ ബിജെപി പ്രസിഡന്റും ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാക്ക് സൊഹ്‌റാബുദ്ദീന്‍-കൗസര്‍ബാനു കൊലപാതകക്കേസില്‍ നിന്ന് വിചാരണ പോലും നേരിടാതെ രക്ഷപ്പടാനായത് ലോയയുടെ മരണത്തോടെയാണ്.
ലോയുടെ മരണം സ്വാഭാവിക കാരണങ്ങളാലാണെന്ന ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് ബി.ആര്‍ ഗവായിയുടെ വിധികളെ ആശ്രയിച്ചാണ് ഈ കേസില്‍ പുതുതായി നിയമിക്കപ്പെട്ട സുപ്രിംകോടതി ബെഞ്ച് വിധിയെഴുതിയത്. അതിന്റെ ബാക്കി പത്രം രസകരമായിരുന്നു. സൊറാബുദ്ദീന്‍ കേസിന് അന്ത്യമായി. ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് ബി ആര്‍ ഗവായ് സുപ്രിം കോടതി ജഡ്ജിയായി.
ലാലുപ്രസാദ് യാദവ് പ്രതിയായ കാലിത്തീറ്റ കുംഭകോണക്കേസും അരുണ്‍ മിശ്രയുടെ ബെഞ്ചാണ് പരിഗണിച്ചത്. ഹൈക്കോടതി ലാലുവിനെതിരേയുള്ള കേസ് തള്ളിയെങ്കിലും സുപ്രിംകോടതി ശിക്ഷ പുനഃസ്ഥാപിച്ചു. ഒരു കേസില്‍ രണ്ട് തവണ വിചാരണ നടത്താമോ തുടങ്ങിയ അടിസ്ഥാനപരമായ നിയമപ്രശ്നങ്ങള്‍ ഉയര്‍ന്നുവന്ന കേസാണ് ഇത്. അങ്ങനെയാണ് രാഷ്ട്രീയ എതിരാളിയായ ലാലു ജയിലില്‍പോകുന്നത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ തടവിലിട്ടവരുടെ ഹേബിയസ് കോര്‍പസ് ഹരജികള്‍ പരിഗണിച്ചത് മിശ്രയുടെ ബെഞ്ചാണ്. മുന്‍ മുഖ്യമന്ത്രിയായിരുന്ന മെഹ്ബൂബ മുഫ്ത്തിയുടെയും കേന്ദ്ര മന്ത്രി സെയ്ഫുദ്ദീന്‍ സോസിന്റെയും ഹേബിയസ് കോര്‍പസ് ഹരജികളാണ് അവയില്‍ പ്രധാനം. മുഫ്ത്തിയുടെ മകളുടെ പരാതി മിശ്ര ഫെബ്രുവരി 26നു ശേഷം കേട്ടിട്ടേയില്ല. സോസിന്റെ ഭാര്യ നല്‍കിയ ഹരജി തള്ളിയത് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഭരണകൂടം നല്‍കിയ സത്യവാങ്മൂലം പരിഗണിച്ചാണ്. സോസിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നായിരുന്നു ഭരണകൂടത്തിന്റെ വാദം. സോസിനെ തടവിലിട്ടിരിക്കുകയാണെന്നും അദ്ദേഹത്തെ പുറത്തുകടക്കാന്‍ പോലിസ് അനുവദിക്കുന്നില്ലെന്നതിനും തെളിവായി ഏതാനും ദൃശ്യങ്ങള്‍ അന്നു വൈകീട്ടു തന്നെ ടെലവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടു. പക്ഷേ, ഇതൊക്കെയുണ്ടായിട്ടും തെറ്റായ സത്യവാങ് മൂലം നല്‍കിയ അധികാരികള്‍ക്കെതിരേ കോടതി അലക്ഷ്യം ചുമത്താല്‍ മിശ്ര തയ്യാറായില്ല. സോസും മുഫ്തിയും ഇപ്പോഴും തടവിലാണ്. എന്നാല്‍ അവര്‍ തടവിലാണെന്ന കാര്യം കേന്ദ്ര സര്‍ക്കാരും സുപ്രിംകോടതിയും അംഗീകരിച്ചിട്ടില്ലെന്നു മാത്രം.
ഇക്കഴിഞ്ഞ മാസങ്ങളില്‍ രാജസ്ഥാനില്‍ നടന്ന രാഷ്ട്രീയ അട്ടിമറികളില്‍ ഭരണകൂടത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് കൂട്ടു നില്‍ക്കുകയായിരുന്നു അരുണ്‍ മിശ്രയുടെ ബെഞ്ച്. സ്വമേധയാ തന്നെ രാജസ്ഥാനിലെ കോണ്‍ഗ്രസ്സിനകത്തെ പ്രതിസന്ധിക്ക് പരിഹാരമായതുകൊണ്ട് വലിയ പ്രശ്നങ്ങളൊന്നുമില്ലാത അതവസാനിച്ചു. അല്ലെങ്കില്‍ അതുവഴി ബിജെപി രാജസ്ഥാനിലും അധികാരത്തിലെത്തുമായിരുന്നു.
അരുണ്‍ മിശ്രയുടെ അന്യായ വിധികള്‍ ഇവിടെ തീരുന്നില്ല.
RELATED STORIES
ഉത്തര്പ്രദേശില് ഏറ്റുമുട്ടല്; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര് തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില് 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല് ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന് കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMT