Big stories

കര്‍ണാടക അഴിമതിയുടെ തലസ്ഥാനം; ബിജെപിയുടെ വര്‍ഗീയനീക്കങ്ങള്‍ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്നും കോണ്‍ഗ്രസ്

കര്‍ണാടക അഴിമതിയുടെ തലസ്ഥാനം; ബിജെപിയുടെ വര്‍ഗീയനീക്കങ്ങള്‍ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്നും കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: കര്‍ണാടക രാജ്യത്തിന്റെ അഴിമതിതലസ്ഥാനമായി മാറിക്കഴിഞ്ഞെന്നും ഇത്തരം ആരോപണങ്ങളില്‍നിന്ന് ഒളിച്ചോടുന്നതിനാണ് വര്‍ഗീയ നീക്കങ്ങള്‍ ശക്തിപ്പെടുത്തുന്നതെന്നും കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡി കെ ശിവകുമാര്‍. ഹിജാബ്, ഈദ്ഗാഹ് ഭൂമിയിലെ ഗണേശ ചതുര്‍ത്ഥി, ഹലാല്‍ മീറ്റ് തുടങ്ങിയ വിവാദങ്ങള്‍ ഇത് ലക്ഷ്യമിട്ടാണ്. അടുത്തു നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അഴിമതി വിഷയമായി വരും. അതൊഴിവാക്കാനാണ് വര്‍ഗീയ അജണ്ടകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് ശ്രദ്ധതിരിച്ചുവിടുന്നതെന്നും ശിവകുമാര്‍ പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം മുതല്‍ സംസ്ഥാനത്ത് നിരവധി വിവാദങ്ങളാണ് കഴിഞ്ഞ കാലങ്ങളിലുണ്ടായത്. ഇന്നലെ ബംഗളൂരു ഈദ്ഗാഹ് മൈതാനിയില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടത്താന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ ഹുബ്ബള്ളിയിലെ ഈദ്ഗാഹ് ഭൂമിയില്‍ ആഘോഷങ്ങള്‍ നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കി.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെതിരേ രണ്ട് പ്രമുഖ സംഘടനകള്‍ പ്രധാനമന്ത്രിക്ക് നേരിട്ട് കത്തെഴുതിയതിനെക്കുറിച്ചും ശിവകുമാര്‍ പറഞ്ഞു. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷനാണ് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയത്. സര്‍ക്കാരിലെ അഴിമതിയായിരുന്നു വിഷയം.

ഇത് രണ്ടാം തവണയാണ് കരാറുകാരുടെ സംഘടന പ്രധാനമന്ത്രിക്ക് കത്തയക്കുന്നത്. ഒരു പദ്ധതിയുടെ മൂല്യത്തിന്റെ 40 ശതമാനം വരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കരാര്‍ ഉറപ്പിക്കുന്നതിനായി കോഴ നല്‍കേണ്ടിവരുന്നുവെന്ന് അവര്‍ ആരോപിച്ചു. കോണ്‍ഗ്രസ് ഭരണകാലത്ത് 10 ശതമാനം മാത്രമാണ് തങ്ങള്‍ക്ക് നല്‍കേണ്ടിയിരുന്നതെന്നും ഇപ്പോള്‍ വര്‍ധിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി.

വിദ്യാഭ്യസ മേഖലയില്‍നിന്നും സമാനമായ ആരോപണമുയര്‍ന്നിട്ടുണ്ട്. ക്ലിയറന്‍സുകള്‍ക്കായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കേണ്ടിവരുന്നെന്നായിരുന്നു അവരുടെ ആരോപണം. രണ്ട് സ്‌കൂള്‍ അസോസിയേഷനുകളാണ് കത്തയച്ചത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ നിര്‍ബന്ധിത പ്രവേശനവുമായി ബന്ധപ്പെട്ടാണ് അഴിമതി. അവര്‍ക്ക് സൗജന്യമായി പഠിക്കാന്‍ അനുമതിയുണ്ട്. ഇതിനായി സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ റീ ഇംബേഴ്‌സ്‌മെന്റ് നല്‍കണം. എന്നാല്‍ ഇവിടെയും ഫണ്ട് അനുവദിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കേണ്ടിവരുമെന്നാണ് അസോസിയേഷനുകളുടെ വാദം.

ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിഷേധിച്ചു.

Next Story

RELATED STORIES

Share it