Latest News

കര്‍ണാടകയില്‍ കൊവിഡ് വ്യാപനത്തില്‍ കുറവ്; നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ഉണ്ടാവില്ല. ബംഗളൂരുവിലെ സ്‌കൂളുകളും കോളജുകളും തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവൃത്തിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.

കര്‍ണാടകയില്‍ കൊവിഡ് വ്യാപനത്തില്‍ കുറവ്; നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍
X

ബംഗളൂരു: കൊവിഡ് വ്യാപനം കുറഞ്ഞതിനാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. രോഗമുക്തിയാവുന്നവരുടെ എണ്ണം വര്‍ധിക്കുകയും ആശുപത്രി പ്രവേശന നിരക്ക് രണ്ട് ശതമാനത്തില്‍ എത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇളവ് പ്രഖ്യാപിക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമായത്.

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ഉണ്ടാവില്ല. ബംഗളൂരുവിലെ സ്‌കൂളുകളും കോളജുകളും തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവൃത്തിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങളോടെ തിങ്കളാഴ്ച മുതല്‍ സ്‌കൂളുകളും കോളജുകളും തുറന്നു പ്രവൃത്തിക്കുമെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് അറിയിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

50 ശതമാനം ജീവനക്കാരുമായി നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന എല്ലാ സര്‍ക്കാര്‍ ഓഫിസുകളും മുഴുവന്‍ ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് സാധാരണഗതിയില്‍ തുറന്നു പ്രവര്‍ത്തിക്കും. ഇളവ് നല്‍കിയതിന്റെ ഭാഗമായി ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ക്ലബ്ബുകള്‍, പബ്ബുകള്‍, ബാറുകള്‍ എന്നിവ മുഴുവന്‍ സീറ്റ് കപ്പാസിറ്റിയോടെ പ്രവര്‍ത്തിക്കാനും അനുമതിയായി.

അതേസമയം, തിയേറ്റര്‍, ഓഡിറ്റോറിയങ്ങള്‍, മള്‍ട്ടിപ്ലക്‌സുകള്‍ എന്നിവയില്‍ 50 ശതമാനം സീറ്റിങ് കപ്പാസിറ്റി മാത്രമേ അനുവദിക്കുകയുള്ളൂ. ജിമ്മുകള്‍ക്കും സ്വിമ്മിങ് പൂളുകള്‍ക്കും സമാന നിയന്ത്രണം ബാധകമാണ്. മെട്രോ റെയിലും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും മുഴുവന്‍ സീറ്റിങ് കപ്പാസിറ്റിയിലായിരിക്കും ഓടുക. വീടിനകത്ത് 200 അംഗങ്ങളും പുറത്ത് 300 അംഗങ്ങളുമായി വിവാഹ ചടങ്ങുകള്‍ അനുവദനീയമാക്കി. മതപരമായ സ്ഥാപനങ്ങള്‍ക്ക് 50 ശതമാനം ആളുകളെ ഉള്‍ക്കൊള്ളിച്ച് തുറക്കാം.

എന്നാല്‍, സാമൂഹിക, മത, രാഷ്ട്രീയ റാലികള്‍, ധര്‍ണകള്‍, കണ്‍വെന്‍ഷനുകള്‍, പ്രതിഷേധങ്ങള്‍ എന്നിവ സംസ്ഥാനത്ത് അനുവദിച്ചിട്ടില്ല. സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെ 25 ശതമാനം കൊവിഡ് രോഗികള്‍ക്കായി സംവരണം ചെയ്യാനും തീരുമാനമെടുത്തിട്ടുണ്ട്, കൂടാതെ കൊവിഡ് അല്ലാത്ത രോഗികള്‍ക്ക് ശരിയായ ചികില്‍സ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

കേരളം, മഹാരാഷ്ട്ര, ഗോവ അതിര്‍ത്തികളില്‍ കര്‍ശന നിരീക്ഷണം തുടരും. വെള്ളിയാഴ്ച കര്‍ണാടകയില്‍ 31,198 പുതിയ കേസുകളാണ് കണ്ടെത്തിയത്. വ്യാഴാഴ്ചയേക്കാള്‍ 7000 കുറവ് കേസുകളാണിത്. വെള്ളിയാഴ്ച റിപോര്‍ട്ട് ചെയ്ത കേസുകളില്‍ 50 ശതമാനവും ബംഗളൂരുവില്‍ നിന്നാണ് (15,199). അന്നേദിവസം 50 മരണവും 71,092 രോഗമുക്തിയും സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it