Latest News

കാസര്‍കോഡ് ഗവ. മെഡിക്കല്‍ കോളേജില്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന് 29 കോടി: വാട്ടര്‍ സപ്ലൈ സ്‌കീം ടെന്‍ഡര്‍ പൂര്‍ത്തിയായി

കാസര്‍കോഡ് ഗവ. മെഡിക്കല്‍ കോളേജില്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന് 29 കോടി: വാട്ടര്‍ സപ്ലൈ സ്‌കീം ടെന്‍ഡര്‍ പൂര്‍ത്തിയായി
X

കാസര്‍കോഡ്: വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി കാസര്‍കോഡ് ഗവ. മെഡിക്കല്‍ കോളേജില്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന് 29 കോടി രൂപയുടെ സാങ്കേതികാനുമതിയായി. ഗേള്‍സ് ഹോസ്റ്റലിന്റെ നിര്‍മ്മാണത്തിനായി 14 കോടി രൂപയും ടീച്ചേഴ്‌സ് ക്വാര്‍ട്ടേഴ്‌സിന്റെ നിര്‍മ്മാണത്തിനായി 11 കോടി രൂപയുമാണ് വകയിരുത്തിയത്. 6600 ച. മീ വിസ്തീര്‍ണമുളള, നാല് നിലകളോടു കൂടിയ ഒരു ഗേള്‍സ് ഹോസ്റ്റലും 4819 ച.മീ വിസ്തീര്‍ണ്ണമുളളതും ഒമ്പത് നിലകളോടും കൂടിയ ടീച്ചേഴ്‌സ് ക്വാര്‍ട്ടേഴ്‌സും ഉള്‍പ്പെടുത്തികൊണ്ടാണ് മെഡിക്കല്‍ കോളേജിന്റെ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സ് നിര്‍മ്മാണത്തിന് സാങ്കേതികാനുമതി ലഭിച്ചത്. ഇതോടൊപ്പം കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി എട്ട് കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ച മെഡിക്കല്‍ കോളേജിലെ ജലവിതരണ സംവിധാനത്തിന്റെ ടെന്‍ഡര്‍ പൂര്‍ത്തിയായി. മെഡിക്കല്‍ കോളേജ് ക്യാമ്പസിലേക്കും സമീപ പ്രദേശങ്ങളിലേക്കും ജലവിതരണം ചെയ്യുന്ന രീതിയിലുളള ജലവിതരണ പദ്ധതിയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായ പദ്ധതി കിറ്റ്‌കോ വഴിയാണ് നടപ്പാക്കുന്നത്.

ഗേള്‍സ് ഹോസ്റ്റലിന്റെ ഒന്നാം നിലയില്‍ ഭക്ഷണ മുറി, വിശ്രമ മുറി, കിച്ചണ്‍, സ്‌റ്റോര്‍ റൂം, സിക്ക് റൂം, റിക്രിയേഷന്‍ ഹാള്‍, സ്റ്റഡി റൂം, ഗസ്റ്റ് റൂം, വാഷ് റൂം, ജിം സൗകര്യം, വിശാലമായ ലാന്‍ഡ് സ്‌കേപ്പ് ക്വാര്‍ട്ടിയാര്‍ഡ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടും, മൂന്നും നിലകളിലായി 21.175 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ രണ്ട് കിടക്കകളോടു കൂടിയ കിടപ്പുമുറികളും ശുചിമുറികളും അലക്കുന്നതിനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഒമ്പത് നിലകളോടു കൂടിയ ടീച്ചേഴ്‌സ് ക്വാര്‍ട്ടേഴ്‌സ് കിടപ്പുമുറി, ശുചിമുറി, ഡൈനിംഗ് ഹാള്‍, വിശ്രമ മുറി, കിച്ചണ്‍, സ്‌റ്റോര്‍ റൂം, സിക്ക് റൂം, ഫയര്‍ റൂം, റിക്രിയേഷന്‍ ഹാള്‍, ഗസ്റ്റ് റൂം, വാഷ് റൂം, ജിം സൗകര്യം, ലിഫ്റ്റ സൗകര്യം എന്നിങ്ങനെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയാണ് നിര്‍മ്മിക്കുന്നത്.

നിലവിലെ ജലവിതരണ സ്‌കീമില്‍ നിന്നും ഒരു അധിക ഫീഡര്‍ലൈന്‍ സ്ഥാപിച്ച് ബദിയഡുക്കയിലുളള മെഡിക്കല്‍ കോളേജ് ക്യാമ്പസിലേക്കും സമീപ പ്രദേശങ്ങളിലേക്കും ജലവിതരണം ചെയ്യുന്ന രീതിയിലാണ് വാട്ടര്‍ സപ്ലൈ സ്‌കീം നിര്‍മ്മിക്കുക. 0.88 എം.എല്‍.ഡി ശുദ്ധീകരിച്ച വെളളം മെഡിക്കല്‍ കോളേജ് ക്യാമ്പസിലേക്ക് വിതരണം ചെയ്യാന്‍ മൂന്ന് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുളള റിസര്‍വോയര്‍ എന്‍മകജെ പഞ്ചായത്തിലെ പെര്‍ളയിലും മൂന്ന് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുളള റിസര്‍വോയര്‍ ബദിയഡുക്ക മെഡിക്കല്‍ കോളേജ് ക്യാമ്പസിലും നിര്‍മ്മിക്കും. എട്ട് കോടി രൂപ വകയിരുത്തിയ ഈ ജലവിതരണ പദ്ധതിയുടെ ഉറവിടം ഷിറിയ നദിയാണ്.

ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സാങ്കേതിക കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. നിലവില്‍ കാസര്‍കോട് വികസന പാക്കേജില്‍ 30 കോടി രൂപയ്ക്ക് പൂര്‍ത്തിയായ അക്കാദമിക് കെട്ടിടത്തിലാണ് കോവിഡ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. 82 കോടി രൂപ ചെലവില്‍ നബാര്‍ഡിന്റെ ധനസഹായത്തോടെ 400 കിടക്കകള്‍ ഉളള ആശുപത്രി കെട്ടിടത്തിന്റെ പ്രവൃത്തി ദ്രുതഗതിയില്‍ പൂര്‍ത്തിയായി വരികയാണ്. കൂടാതെ മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന അനുബന്ധ റോഡ് 10 കോടി രൂപ ചെലവില്‍ കാസര്‍കോട് വികസന പാക്കേജ് ഉള്‍പ്പെടുത്തി പൂര്‍ത്തിയായിട്ടുണ്ട്.

മെഡിക്കല്‍ കോളേജ് റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന്റെ ടെണ്ടര്‍ നടപടി ഉടന്‍ ആരംഭിക്കുമെന്ന് കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജമോഹന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it