Sub Lead

മൂന്ന് പേരെ കൊന്ന നരഭോജി പുള്ളിപ്പുലിക്ക് ജീവപര്യന്തം

മൂന്ന് പേരെ കൊന്ന നരഭോജി പുള്ളിപ്പുലിക്ക് ജീവപര്യന്തം
X

അഹമ്മദാബാദ്: മാസങ്ങള്‍ക്കുള്ളില്‍ മൂന്ന് പേരെ കൊന്ന നരഭോജി പുള്ളിപ്പുലിക്ക് ഇനി 'ജീവപര്യന്തം തടവ്'. ഗുജറാത്തിലെ പുള്ളിപ്പുലിയെയാണ് പുനരധിവാസ കേന്ദ്രത്തില്‍ പാര്‍പ്പിക്കാന്‍ തീരുമാനിച്ചത്. മാണ്ഡിയില്‍ നിന്നാണ് പുള്ളിപ്പുലിയെ വനം വകുപ്പ് പിടികൂടിയത്. ഒരാഴ്ച നീണ്ട ശ്രമത്തിനൊടുവിലായിരുന്നു പുലിയെ പിടികൂടിയത്. ജീവിച്ചിരിക്കുന്ന അത്ര കാലം പുള്ളിപ്പുലിയെ സാങ്ഖാവിലെ പുനരധിവാസ കേന്ദ്രത്തില്‍ പാര്‍പ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജനവാസ മേഖലയിലെത്തുന്ന പുലിയുടെ ആക്രമണം തുടര്‍ക്കഥയാക്കിയിരുന്നു. ഇതോടെയാണ് പുള്ളിപ്പുലിയെ ജീവപര്യന്തം തടവിലാക്കാനുള്ള ശ്രമങ്ങള്‍ വനംവകുപ്പ് ആരംഭിച്ചത്.

മനുഷ്യജീവന് ഭീഷണിയുണ്ടാക്കുന്ന ആക്രമണങ്ങള്‍ നടത്തുന്ന മൃഗങ്ങളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നാണ് മാനദണ്ഡം. മാണ്ഡിയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏഴ് വയസുകാരനെ പുള്ളിപ്പുലി പിടിച്ചത് വലിയ ജനരോഷത്തിന് ഇടയാക്കിയിരുന്നു. ഇതോടെയാണ് പുലിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. കുട്ടിയ്ക്കായി നടത്തിയ തിരച്ചിലിലാണ് പാതി ഭക്ഷിച്ച നിലയിലുള്ള കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ഇതോടെ പത്തോളം കൂടുകള്‍ പ്രദേശത്ത് വനം വകുപ്പ് സ്ഥാപിച്ചു. ഇതില്‍ ഒരു കൂടില്‍ പിന്നീട് പുലി വീഴുകയായിരുന്നു. ആദ്യം പുള്ളിപ്പുലിയെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുമെന്നും ശേഷം വിട്ടയക്കുമെന്നുമായിരുന്നു വനം വകുപ്പിന്റെ അറിയിപ്പ്. എന്നാല്‍ ഇതിനെതിരെയും ജനങ്ങള്‍ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു. സെപ്റ്റംബറില്‍ സമീപ പ്രദേശമായ അംറേലിയില്‍ രണ്ട് വയസുകാരനെ പുലി ആക്രമിച്ചിരുന്നു.





Next Story

RELATED STORIES

Share it