Latest News

കത്വ, ഉന്നാവോ ഫണ്ട്; യൂത്ത്‌ലീഗ് നേതാക്കള്‍ വകമാറ്റിയതായി ആരോപണം

കത്വ, ഉന്നാവോ ഫണ്ട്; യൂത്ത്‌ലീഗ് നേതാക്കള്‍ വകമാറ്റിയതായി ആരോപണം
X

കോഴിക്കോട്: കത്വ ഉന്നാവോ പീഡനത്തിലെ ഇരകളായ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടി യൂത്ത്‌ലീഗ് പിരിച്ച ഫണ്ട് പി കെ ഫിറോസ് അടക്കമുള്ള നേതാക്കള്‍ തിരിമറി നടത്തിയെന്ന് ആരോപണം. യൂത്തലീഗ് ദേശീയ നിര്‍വാഹക സമിതി അംഗം യൂസഫ് പടനിലമാണ് നേതാക്കള്‍ക്കെതിരേ ഗുരുതരമായ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.

2018ന് ഏപ്രില്‍ 20ന് വെള്ളിയാഴ്ച പള്ളികളില്‍ നിന്ന് യൂത്ത്‌ലീഗ് പിരിച്ച പണത്തിലാണ് തിരിമറി നടത്തിയിരിക്കുന്നത്. 48 ലക്ഷം രൂപ പള്ളികള്‍ കേന്ദ്രീകരിച്ച് യൂത്ത്‌ലീഗ് പിരിച്ചെന്നാണ് ഔദ്യോഗിക വിവരം. പള്ളികളില്‍ നിന്ന് പിരിച്ചതിനു പുറമെ വിദേശ നാടുകളില്‍ നിന്നും വ്യാപകമായി പണപ്പിരിവ് നടത്തിയിട്ടുണ്ട്. ഇത് ഇരകള്‍ക്ക് കൈമാറാതെ യൂത്ത്‌ലീഗ് ഭാരവാഹികളില്‍ ചിലര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചിരിക്കുകയാണെന്ന് യൂസുഫ് പടനിലം കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

പി കെ ഫിറോസിന്റെ നേതൃത്വത്തില്‍ നടന്ന 2019ലെ യുവജന യാത്രയിലെ കടം വീട്ടാനുണ്ടെന്ന് പറഞ്ഞ് ഈ ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ വകമാറ്റി ചെലവഴിച്ചു. രോഹിത് വെമുലയുടെ കുടുംബത്തിന് വീട് നിര്‍മിക്കാന്‍ യൂത്ത്‌ലീഗ് ദേശീയ കമ്മിറ്റി നല്‍കിയ പത്ത് ലക്ഷത്തിന്റെ ചെക്ക് മടങ്ങിയിരുന്നു. ഇതില്‍ മുഖം രക്ഷിക്കാന്‍ നല്‍കിയ അഞ്ച് ലക്ഷം രൂപയും ഈ ഫണ്ടില്‍ നിന്നാണ് നല്‍കിയത്. എന്നാല്‍ പീഡന ഇരകള്‍ക്ക് ഒരു പൈസയും ഇതുവരെ നല്‍കിയിട്ടില്ല. പിരിച്ച പണത്തിന്റെ കണക്ക് സംബന്ധിച്ച് ദേശീയ കമ്മിറ്റിയില്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് ദേശീയ പ്രസിഡന്റായ സാബിര്‍ ഗഫാര്‍ രാജിവെച്ചത്. ഇത്തരം അഴിമതികള്‍ ചോദ്യം ചെയ്തതിന്റെ പേരില്‍ ഹൈദരലി തങ്ങളുടെ മകനും യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈനലി തങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പുകച്ച് പുറത്ത് ചാടിക്കാന്‍ ശ്രമം നടക്കുകയാണ്. ഗുജറാത്ത്, സുനാമി ഫണ്ടുകളില്‍ നടത്തിയത് പോലുള്ള തട്ടിപ്പിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്- യൂസഫ് പടനിലം പറഞ്ഞു തട്ടിപ്പുകാര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it