Latest News

സംസ്ഥാനത്ത് മുസ്‌ലിം വികസന കോര്‍പ്പറേഷന്‍ രൂപീകരിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ

സംസ്ഥാനത്ത് മുസ്‌ലിം വികസന കോര്‍പ്പറേഷന്‍ രൂപീകരിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ
X

കോട്ടയം: സംസ്ഥാനത്ത് അടിയന്തിരമായി മുസ്‌ലിം വികസന കോര്‍പ്പറേഷന്‍ രൂപികരിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കോട്ടയം ജില്ലാകമ്മിറ്റി. മുഴുവന്‍ മുസ്‌ലിം വികസന ക്ഷേമപദ്ധതികളും കോര്‍പ്പറേഷനുകീഴില്‍ കൊണ്ടുവരണമെന്നും കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ കോട്ടയം ജില്ലാ കമ്മിറ്റി ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ആവശ്യപ്പെട്ടു.

എല്‍ഡിഎഫ് സര്‍ക്കാര്‍ ന്യൂനപക്ഷവകുപ്പിന് മതിയായ പരിഗണന നല്‍കണമെന്നും യോഗം ആഭ്യര്‍ഥിച്ചു. യുഡിഎഫ് ഭരണകാലത്ത് ബജറ്റില്‍ ന്യൂനപക്ഷ ക്ഷേമത്തിനുവേണ്ടി ഫണ്ട് വകയിരുത്തിയതുപോലെ എല്‍ഡിഎഫ് സര്‍ക്കാര്‍ മതിയായ തുക മാറ്റിവയ്ക്കണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു. കേരളത്തില്‍ പതിറ്റാണ്ടുകളായി പരിവര്‍ത്തിത ക്രൈസ്തവ വിഭാഗ വികസന കോര്‍പറേഷന്‍, നായര്‍-നമ്പൂതിരി-മുന്നാക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്കായി മുന്നാക്ക വികസന കോര്‍പറേഷന്‍, എസ്സി/എസ്ടി വിഭാഗത്തിനായി പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍, കോര്‍പറേഷനുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മുസ്ലിം ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപവത്ക്കരിച്ചിരുന്നില്ല. 2008ലാണ് പൊതുഭരണ വകുപ്പിനു കീഴില്‍ ഒരു ന്യൂനപക്ഷ സെല്‍ നിലവില്‍വരുന്നതുപോലും. ഉദ്യോഗരംഗത്തെ മുസ്ലിം പ്രാതിനിധ്യക്കുറവ് പരിഹരിക്കാനായി അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ മുസ്ലിം യുവതീയുവാക്കള്‍ക്ക് മൂന്നു സൗജന്യ മത്സരപ്പരീക്ഷ പരിശീലന കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചെങ്കിലും അവിടെയും മുസ്‌ലിം വിഭാഗത്തിന് മതിയായ പ്രതിധ്യം ലഭിച്ചില്ല. പരിശീലന കേന്ദ്രങ്ങളില്‍ മറ്റു പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുകൂടി പ്രവേശനം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നത് മുസ്‌ലിം വിഭാഗത്തിന് തിരിച്ചടിയായി.

ആവശ്യത്തെത്തുടര്‍ന്ന 10 മുതല്‍ 20 ശതമാനം വരെ സീറ്റുകളില്‍ മറ്റു ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കും മറ്റു പിന്നാക്ക സമുദായങ്ങള്‍ക്കുംകൂടി പ്രവേശനം അനുവദിച്ചു. ഇതോടെ മുസ്ലിം ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് അവസര നഷ്ടമാണ് ഉണ്ടായത്. പിന്നീട് 2011-2016 കാലയളവില്‍ കേരളത്തിലെ മുസ്ലിം, ക്രിസ്ത്യന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് യഥാക്രമം 80:20 അനുപാതത്തിലാണ് പരിശീലന കേന്ദ്രങ്ങളില്‍ പ്രവേശനം നല്‍കിയിരുന്നത്. ഇക്കാലയളവില്‍ പരിശീലന കേന്ദ്രങ്ങളില്‍ ഒരു ക്രൈസ്തവ ഉദ്യോഗാര്‍ഥിക്കുപോലും അവസരം നിഷേധിക്കപ്പെട്ടില്ല എന്ന് യോഗം ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും മുന്നാക്ക വിഭാഗങ്ങള്‍ക്കും കേരള സര്‍ക്കാര്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ താരതമ്യം ചെയ്യുമ്പോള്‍ മുന്നാക്കവിഭാഗ കോര്‍പ്പറേഷന്‍ നല്‍കുന്നതിനെക്കാള്‍ താരതമ്യേന വളരെ കുറച്ചുതുക മാത്രമാണ് ന്യൂനപക്ഷ ക്ഷേമവകുപ്പ് നല്‍കുന്നത്.

മുഹമ്മദ് കോയ സ്‌കോളര്‍ഷിപ് പ്രകാരം, ഡിഗ്രി-പി.ജി കോഴ്സുകള്‍ പഠിക്കുന്നവര്‍ക്ക് വാര്‍ഷിക സ്‌കോളര്‍ഷിപ്പായി യഥാക്രമം അയ്യായിരവും ആറായിരവും പ്രഫഷനല്‍ കോഴ്സുകള്‍ക്ക് 7,000 രൂപയുമാണ് ലഭിക്കുന്നത്. അതേസമയം, സംസ്ഥാന മുന്നാക്ക വികസന കോര്‍പറേഷന്‍ ഡിഗ്രി, പി.ജി കോഴ്സുകള്‍ക്ക് യഥാക്രമം 6,000, 10,000 രൂപയും പ്രഫഷനല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് 10,000 മുതല്‍ 50,000 രൂപ വരെയും നല്‍കുന്നു. ഇതില്‍ മാറ്റമുണ്ടാകേണ്ടത് ആവശ്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

2012ല്‍ രൂപവത്കരിച്ച മുന്നാക്ക വികസന കോര്‍പറേഷനിലെ വിവിധ പദ്ധതികളിലെ ഗുണഭോക്താക്കളില്‍ 50 ശതമാനവും ക്രൈസ്തവ വിഭാഗത്തിലെ സീറോ മലബാര്‍, സീറോ മലങ്കര, ഓര്‍ത്തഡോക്സ്, യാക്കോബായ, മാര്‍ത്തോമ സിറിയന്‍ തുടങ്ങിയ മുന്നാക്ക വിഭാഗക്കാരാണ്. ഈ കോര്‍പറേഷന്റെ പദ്ധതികളില്‍ ഒരു പൈസയുടെ ആനുകൂല്യം പോലും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കായി നല്‍കുന്നില്ല. മാത്രവുമല്ല, ഈ കോര്‍പറേഷന്റെ സര്‍ക്കാര്‍ വിഹിതം മുന്‍വര്‍ഷങ്ങളില്‍ 17 കോടിയില്‍നിന്ന് 40 കോടിയായി ഉയര്‍ത്തിയപ്പോള്‍ സംസ്ഥാനത്തെ 45 ശതമാനം വരുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനുള്ള വിഹിതം 107 കോടിയില്‍നിന്ന് 42 കോടിയായി കുറയുകയാണുണ്ടായത്. ഈ സാഹചര്യം നിലനില്‍ക്കെയാണ് ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ നിന്നും മുസ്‌ലിം സമുദായത്തിന് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നു എന്ന തെറ്റായ ആരോപണം ചില ക്രൈസ്തവ സംഘടനകള്‍ ഉന്നയിക്കുന്നത്.

ഇതിന് സര്‍ക്കാര്‍ തലത്തില്‍ തന്നെ ആധികരിമായ മറുപടി നല്കണമെന്നും സമുദായങ്ങള്‍ തമ്മിലുള്ള അസ്വാരസ്യം ഒഴിവാക്കണമെന്നും ജമാഅത്ത് കൗണ്‍സില്‍ ആവശ്യപ്പെട്ടു. യോഗം സംസ്ഥന ജനറല്‍ സെക്രട്ടറി എം.എച്ച് ഷാജി ഉദ്ഘടനം ചെയ്യ്തു. ജില്ലാ പ്രസിഡന്റ് എം.ബി അമീന്‍ഷാ അധ്യക്ഷത വഹിച്ച യോഗത്തില്‍ വി.ഓ അബു സാലി, ഹബീബുള്ളാ ഖാന്‍ ഈരാറ്റുപേട്ട, സെമീര്‍ മൗലനാ, എന്‍.എ ഹബീബ്, തബികുട്ടി പറത്തോട്, പി.എസ് ഹു സെയിന്‍, എസ്.എം ഫുവാദ് ചങ്ങാനശ്ശേരി, ടിപ്പു മൗലനാ എന്നിവര്‍ പ്രസംഗിച്ചു.

Next Story

RELATED STORIES

Share it