Latest News

കേരള ടൂറിസം വകുപ്പിന് രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍

കേരളത്തിലെ ടൂറിസം മേഖലയിലെ സമഗ്ര വികസനത്തിന് മൂന്നാം സ്ഥാനം ലഭിച്ചു. ടൂറിസം ഹൃസ്വ ചിത്രങ്ങളുടെ മല്‍സരത്തില്‍ കം ഔട്ട് ആന്റ് പ്ലേ എന്ന ടാഗ് ലൈനുമായി സംസ്ഥാന ടൂറിസം വകുപ്പു നിര്‍മിച്ച ഹൃസ്വ ചിത്രത്തിന് ഒന്നാം സ്ഥാനവും ലഭിച്ചു.

കേരള ടൂറിസം വകുപ്പിന് രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍
X

ന്യൂഡല്‍ഹി: ലോക ടൂറിസം ദിനത്തില്‍ സംസ്ഥാന ടൂറിസം വകുപ്പിന് രണ്ട് ദേശീയ ടൂറിസം പുരസ്‌കാരങ്ങള്‍. 2017-18 വര്‍ഷത്തെ കേരളത്തിലെ വിനോദ സഞ്ചാര മേഖലയിലെ പ്രവര്‍ത്തനങ്ങല്‍ക്കാണ് അവാര്‍ഡുകള്‍ ലഭിച്ചത്. കേരളത്തിലെ ടൂറിസം മേഖലയിലെ സമഗ്ര വികസനത്തിന് മൂന്നാം സ്ഥാനം ലഭിച്ചു. ടൂറിസം ഹൃസ്വ ചിത്രങ്ങളുടെ മല്‍സരത്തില്‍ കം ഔട്ട് ആന്റ് പ്ലേ എന്ന ടാഗ് ലൈനുമായി സംസ്ഥാന ടൂറിസം വകുപ്പു നിര്‍മിച്ച ഹൃസ്വ ചിത്രത്തിന് ഒന്നാം സ്ഥാനവും ലഭിച്ചു.

ലോക വിനോദ സഞ്ചാര ദിനാഘോഷത്തിന്റെ ഭാഗമായി ന്യൂഡല്‍ഹി വിഞ്ജാന്‍ ഭവനില്‍ നടന്ന അവാര്‍ഡുദാന ചടങ്ങില്‍ സംസ്ഥാന ടൂറിസം സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ കേന്ദ്ര ടൂറിസംസാംസ്‌കാരിക സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍, യുനൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം സെക്രട്ടറി ജനറല്‍ സൂറബ് പോളോളികാഷ്‌വില്ലി (Zurab Pololikashvili) എന്നിവരില്‍ നിന്നും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വിശിഷ്ടാഥിതി ആയിരുന്നു. 'വിനോദസഞ്ചാരവും തൊഴിലവസരങ്ങളും: സമൂഹത്തിന്റെ നല്ല ഭാവിക്കായി' എന്ന സന്ദേശത്തിലൂന്നിയാണ് 2019ലെ ലോക ടൂറിസം ദിനം ആഘോഷിച്ചത്. ഇതിനായി ആതിഥേയ രാജ്യമായി യുനൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ (യുഎന്‍ഡബ്ല്യുടിഒ) ഇന്ത്യയെയാണ് തിരഞ്ഞെടുത്തത്.

വിനോദസഞ്ചാരം, ടൂറിസം മേഖലയിലെ വ്യവസായം, ഹോസ്പിറ്റാലിറ്റി എന്നീ വിഭാഗങ്ങളിലാണ് കേന്ദ്ര ടൂറിസം മന്ത്രാലയം അവാര്‍ഡുകള്‍ നല്‍കുന്നത്. അതത് മേഖലകളിലെ മികച്ച പ്രകടനത്തിന് സംസ്ഥാന സര്‍ക്കാരുകള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ ക്ലാസിഫൈഡ് ഹോട്ടലുകള്‍, ഹെറിറ്റേജ് ഹോട്ടലുകള്‍, അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ടൂറിസ്റ്റ് ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍, വ്യക്തികള്‍, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. കേരളത്തില്‍ നിന്നുള്ള കാലിപ്‌സോ അഡ്വഞ്ചര്‍ ടൂര്‍ ഓപ്പറേറ്റേഴ്‌സ്, മൂന്നാര്‍ റോസ് ഗാര്‍ഡന്‍ ഹോം സ്‌റ്റേ, കുമരകം കോക്കനട്ട് ക്രീക്ക് ഫാം ഹോം സ്‌റ്റേ, തിരുവനന്തപുരത്തെ മണല്‍തീരം ആയുര്‍വേദിക് ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ എന്നീ സ്ഥാപനങ്ങളും കേരളത്തില്‍ നിന്നും അവാര്‍ഡ് നേടി.

Next Story

RELATED STORIES

Share it