Latest News

രമ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും കടന്നാക്രമിക്കുന്നു; വിധവയായത് നിര്‍ഭാഗ്യകരമായ അവസ്ഥ, പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും എംഎം മണി

കഴിഞ്ഞ ഒരു വര്‍ഷവും നാലുമാസവുമായി അവര്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും കടന്ന് ആക്രമിക്കുന്നു. ഞങ്ങള്‍ പ്രതികരിച്ചിട്ടില്ല

രമ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും കടന്നാക്രമിക്കുന്നു; വിധവയായത് നിര്‍ഭാഗ്യകരമായ അവസ്ഥ, പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും എംഎം മണി
X

തിരുവനന്തപുരം: വടകര എംഎല്‍എ കെ കെ രമയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നതായി എം എം മണി. കഴിഞ്ഞ ഒരു വര്‍ഷവും നാലുമാസവുമായിട്ട് മുഖ്യമന്ത്രി വ്യക്തിപരമായി അവര്‍ കടന്നാക്രമിക്കുന്നു. അതിനെ കുറിച്ച് പറയണമെന്ന് തോന്നിയതുകൊണ്ടാണ് അത്തരം പരാമര്‍ശം നടത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു.

കെകെ രമയ്ക്ക് ശേഷം തനിക്കാണ് സഭയില്‍ അവസരം ലഭിച്ചത്. പ്രസംഗം തുടങ്ങി മഹതി എന്ന് പറഞ്ഞ് തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം ഇടപെട്ടെന്നും എം എം മണി പറഞ്ഞു. കൂടുതല്‍ പ്രസംഗിക്കുന്നതിന് മുമ്പ് പ്രതിഷേധിച്ചു. അവരുടെ കൂട്ടത്തില്‍ നിന്ന് ആരോ വിധവ എന്ന് വിളിച്ചു പറഞ്ഞു. അപ്പോഴാണ് വിധവയായത് അവരുടെ വിധി എന്ന് പറഞ്ഞത്. വായില്‍ വന്നത് പറഞ്ഞു. അതില്‍ എനിക്ക് തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്നും എംഎം മണി പറഞ്ഞു.

'പറഞ്ഞതില്‍ ഖേദമില്ല. നിയമസഭാംഗങ്ങള്‍ പ്രത്യേക പദവിയില്ല. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ക്കെല്ലാം പ്രത്യേക പദവി ഉണ്ട്. അവിടെ സംവാദങ്ങളും ചര്‍ച്ചകളും നടക്കും. കഴിഞ്ഞ ഒരു വര്‍ഷവും നാലുമാസവുമായി അവര്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും കടന്ന് ആക്രമിക്കുന്നു. ഞങ്ങള്‍ പ്രതികരിച്ചില്ല. ഇന്നലെ സഭയില്‍ അവര്‍ എത്തിയത് വൈകുന്നേരമാണ്. യുഡിഎഫുകാര്‍ ബോധപൂര്‍വ്വം അങ്ങനെ സമയം നിശ്ചയിച്ചു നല്‍കുന്നുണ്ടെന്ന് എനിക്ക് തോന്നുണ്ട്. അതേ സംബന്ധിച്ച് എനിക്ക് പ്രതികരിക്കണമെന്ന് തോന്നിയിരുന്നു. ഞാന്‍ എന്റെ പ്രസംഗം തുടങ്ങി മഹതി എന്ന് പറഞ്ഞ് തുടങ്ങിയപ്പോള്‍ തന്നെ അപ്പുറത്ത് നിന്നും ഇടപെടല്‍ തുടങ്ങി. വേറെ കൂടുതല്‍ പ്രസംഗിക്കുന്നതിന് മുമ്പ് പ്രതിഷേധിച്ചു. അവരുടെ കൂട്ടത്തില്‍ നിന്ന് ആരോ വിധവ എന്ന് വിളിച്ചു പറഞ്ഞു.അപ്പോഴാണ് ഞാന്‍ പറഞ്ഞത് വിധവയായത് അവരുടെ വിധി എന്ന്. വായില്‍ വന്നത് പറഞ്ഞു അതില്‍ എനിക്ക് തെറ്റുണ്ടെന്ന് തോന്നുന്നില്ല.ദൈവ വിശ്വാസികളായ ആളുകളാണ് അതില്‍ എല്ലാം വിശ്വസിക്കുന്നത്. ഞാന്‍ ദൈവ വിശ്വാസിയല്ല. നിയമസഭിലുള്ളവര്‍ മുഖ്യമന്ത്രിയെയും എല്ലാവരെയും വിമര്‍ശിക്കും. അത് സ്വാഭാവികമാണ്. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ഞങ്ങള്‍ക്ക് പങ്കില്ല. പാര്‍ട്ടി തീരുമാനം കൊണ്ടല്ല ഒരാളും കൊല്ലപ്പെടുന്നത്. പാര്‍ട്ടി അതിനെ തള്ളി പറഞ്ഞിട്ടുണ്ട്. അവരോട് പ്രത്യേക വിദ്വേഷമൊന്നും ഇല്ല. വിധവയായത് നിര്‍ഭാഗ്യകരമായ അവസ്ഥയാണ്. ഞാന്‍ അതില്‍ ഉറച്ച് നില്‍ക്കുന്നു. ഞാന്‍ പറഞ്ഞതില്‍ സ്ത്രീ വിരുദ്ധമായി ഒന്നും ഇല്ല. പ്രതിപക്ഷം അങ്ങനെ പറയുന്നതാണ്.' എം എം മണി.

ഒരു മഹതി സര്‍ക്കാരിന് എതിരെ സംസാരിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധിയാണ്. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ലെന്നാണ് എം എം മണി നിയമസഭയില്‍ പറഞ്ഞത്. പ്രതിപക്ഷം ബഹളം വെച്ചതോടെ കൂവിയിരുത്തലൊന്നും തന്റെ അടുത്ത് നടക്കില്ലെന്ന് എം എം മണി പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it