Emedia

പൗരത്വ പട്ടികയെ കുറിച്ചുള്ള കേന്ദ്രത്തിന്റെ കത്തിന് എന്തു മറുപടി കൊടുത്തു? കേരള സര്‍ക്കാരിനോടുള്ള മാധവന്‍ കുട്ടിയുടെ ചോദ്യത്തിന് മറുപടി തേടി കെ എം ഷാജഹാന്‍

' കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ പൗരത്വ രജിസ്റ്റര്‍ കണക്കെടുപ്പില്‍ ഇന്ത്യന്‍ പൗരത്വം നിഷേധിക്കുന്നവരെ ഇടാന്‍ പണിയേണ്ട തടവ് കേന്ദ്രങ്ങളുടെ വിവരം അടക്കം ചെയ്ത ഔദ്യോഗിക കത്ത്, കേന്ദ്ര ആഭ്യന്തര വകുപ്പ് എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും അയച്ചിരുന്നു. അതിന് എന്ത് മറുപടി കൊടുത്തുവെന്നാണ് മാധവന്‍ കുട്ടി ചോദിച്ചത്‌

പൗരത്വ പട്ടികയെ കുറിച്ചുള്ള കേന്ദ്രത്തിന്റെ കത്തിന് എന്തു മറുപടി കൊടുത്തു? കേരള സര്‍ക്കാരിനോടുള്ള മാധവന്‍ കുട്ടിയുടെ ചോദ്യത്തിന് മറുപടി  തേടി കെ എം ഷാജഹാന്‍
X

തിരുവനന്തപുരം: പിണറായി വിജയനോട് ഏറെ അടുപ്പം പുലര്‍ത്തുന്ന പത്രപ്രവര്‍ത്തകനായ മാധവന്‍ കുട്ടി ഉയര്‍ത്തിയ ചോദ്യം ഗൗരവത്തോടെ പരിഗണിക്കണമെന്ന് കെ എം ഷാജഹന്‍. അതിഗുരുതരമായ, അതീവ ഗൗരവമുള്ള ഒരു വിഷയമാണ് പൊതുമണ്ഡലത്തിന് മുന്നില്‍ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നതെന്ന് ഷാജഹാന്‍ ഓര്‍മിപ്പിച്ചു.

ഡിസംബര്‍ 13ന് ഇട്ട ഫേസ് ബുക്ക് പോസ്റ്റില്‍ മാധവന്‍കുട്ടി പറയുന്നതനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ പൗരത്വ രജിസ്റ്റര്‍ കണക്കെടുപ്പില്‍ ഇന്ത്യന്‍ പൗരത്വം നിഷേധിക്കുന്നവരെ ഇടാന്‍ പണിയേണ്ട തടവ് കേന്ദ്രങ്ങളുടെ വിസ്താരം, അതിന് വേണ്ട സൗകര്യങ്ങള്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങളും, മാതൃകാ ഡിസൈനും അടക്കം ചെയ്ത അതിരഹസ്യമായ ഔദ്യോഗിക കത്ത്, കേന്ദ്ര ആഭ്യന്തര വകുപ്പ് രാജ്യത്തെ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും, ഈ വര്‍ഷം 2019 ജനുവരി രണ്ടാം വാരം അയച്ചിരുന്നു. അതിന്റെ മറുപടി ലഭിക്കാതായപ്പോള്‍ വീണ്ടും ഒരു കത്തെഴുതി. അതിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മറുപടി എന്താണെന്നാണ് മാധവന്‍ കുട്ടി ചോദിച്ചത്.

മാധവന്‍ കുട്ടിയെ പോലെ സര്‍ക്കാരുമായി അടുത്തു നില്‍ക്കുന്ന ഒരാളുടെ ചോദ്യം അവഗണിക്കരുതെന്ന് കെ എം ഷാജഹാന്‍ പറയുന്നു.

കെ എം ഷാജഹാന്റെ മുഴുവന്‍ പോസ്റ്റും വായിക്കാം:

അതിഗുരുതരമായ, അതീവ ഗൗരവമുള്ള ഒരു വിഷയം പൊതുമണ്ഡലത്തിന് മുന്നില്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു.

വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നതോ, പിണറായി വിജയനെ മുഴുവനാളുകളും എതിര്‍ക്കുന്ന വിഷയങ്ങളില്‍ പോലും പരസ്യമായി പിന്തുണക്കാന്‍ യാതൊരു മടിയും ഒരിക്കലും കാണിച്ചിട്ടില്ലാത്ത, പതിറ്റാണ്ടുകളായി പാര്‍ടി അസ്ഥിയില്‍ പിടിച്ച സി പി എം കാരെ പോലും ഞെട്ടിക്കുന്ന തരത്തില്‍ പിണറായി വിജയനെ പരസ്യമായി പിന്താങ്ങുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എന്‍ മാധവന്‍കുട്ടിയും! (പക്ഷേ രണ്ട് സി പി എം കാരെ, അവര്‍ മാവോയിസ്റ്റുകളാണെന്ന് പോലീസ് അന്വേഷണത്തില്‍ പോലും കണ്ടെത്തുന്നതിന് മുമ്പ്, പിണറായി വിജയന്‍ അവരെ മാവോയിസ്റ്റുകളാക്കിയതില്‍ ഉള്ള അമര്‍ഷം മാധവന്‍കുട്ടിക്ക് പോലും അടക്കിവെക്കാനായില്ല എന്നത് വേറെ കാര്യം. അതിനെ കുറിച്ച് വിശദമായി പിന്നീട് പറയാം).

മാധവന്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിലേക്ക് വരാം. ഡിസംബര്‍ 13ന് ഇട്ട ഫേസ് ബുക്ക് പോസ്റ്റില്‍ മാധവന്‍കുട്ടി പറയുന്നു:

' കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ പൗരത്വ രജിസ്റ്റര്‍ കണക്കെടുപ്പില്‍ ഇന്ത്യന്‍ പൗരത്വം നിഷേധിക്കുന്നവരെ ഇടാന്‍ പണിയേണ്ട തടവ് കേന്ദ്രങ്ങളുടെ വിസ്താരം, അതിന് വേണ്ട സൗകര്യങ്ങള്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങളും, മാതൃകാ ഡിസൈനും അടക്കം ചെയ്ത അതിരഹസ്യമായ ഔദ്യോഗിക കത്ത്, കേന്ദ്ര ആഭ്യന്തര വകുപ്പ് രാജ്യത്തെ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും, ഈ വര്‍ഷം 2019 ജനുവരി രണ്ടാം വാരം അയച്ചിരുന്നു.'

എന്നിട്ട് മാധവന്‍കുട്ടി തുടര്‍ന്നു:

'മേല്പറഞ്ഞ കത്തില്‍ എന്ത് നടപടിയെടുത്തു എന്ന് അന്വേഷിച്ചു കൊണ്ട് രണ്ടാമത്തെ ഒരു രഹസ്യ കത്തും കേന്ദ്ര ആഭ്യന്തര വകുപ്പ് കേരളമടക്കം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇതിനകം അയച്ചിട്ടുണ്ട്. '

തുടര്‍ന്ന് മാധവന്‍കുട്ടിയുടെ ആവശ്യം ഇതാണ്:

'ഈ കത്തുകളുടെ ഉള്ളടക്കവും, കത്തുകള്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കിയ മറുപടിയും അതില്ലേല്‍ എടുത്ത നടപടിയും കേരളത്തിലെ ജനങ്ങളെ അറിയിക്കണം'.

എത്ര ഗുരുതരമാണ് മാധവന്‍കുട്ടി നടത്തിയ വെളിപ്പെടുത്തല്‍ എന്ന് നോക്കൂ ! എന്തൊക്കെയാണ് ഈ വെളിപ്പെടുത്തലില്‍ അടങ്ങിയിരിക്കുന്നത് എന്ന് നോക്കാം.

* കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ പൗരത്വ രജിസ്റ്റര്‍ കണക്കെടുപ്പില്‍, ഇന്ത്യന്‍ പൗരത്വം നിഷേധിക്കപ്പെടുന്നവരെ ഇടാന്‍ തടവ് കേന്ദ്രങ്ങള്‍ പണിയാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് കാലേകൂട്ടി തന്നെ ആവശ്യപ്പെടുന്നു!

* ആ തടവ് കേന്ദ്രങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ അടങ്ങിയ നിര്‍ദ്ദേശങ്ങള്‍ മാത്രമല്ല മാതൃകാ ഡിസൈന്‍ പോലും അടക്കം ചെയ്ത കത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാനങ്ങള്‍ക്ക് അതീവ രഹസ്യമായി അയക്കുന്നു!

ഈ കത്ത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അയച്ചത് 2019 ജനുവരി രണ്ടാം വാരം ആണെന്നും മാധവന്‍കുട്ടി പറയുന്നു. മാത്രമല്ല, മേല്പറഞ്ഞ കത്തില്‍ എന്ത് നടപടിയെടുത്തു എന്ന് ചോദിച്ചു കൊണ്ട് രണ്ടാമതൊരു കത്തും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര വകുപ്പ് അയച്ചു എന്നും, മാധവന്‍കുട്ടി വ്യക്തമാക്കുന്നു. ഈ കത്തിലെ ഉള്ളടക്കവും, അതിന് സര്‍ക്കാര്‍ നല്‍കിയ മറുപടിയും വെളിപ്പെടുത്തണം എന്നാണ് മാധവന്‍കുട്ടിയുടെ ആവശ്യം.

മാധവന്‍കുട്ടി, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ അടങ്ങിയ ഈ പോസ്റ്റ് ഇട്ടത് ഡിസംബര്‍ 13ന് രാവിലെ 10.30 നാണ്. ഇന്ന് ഈ നിമിഷം വരെ ഇക്കാര്യം നിഷേധിക്കപ്പെട്ടിട്ടില്ല.

ഇങ്ങനെ, അതീവ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനിടയുള്ള വിഷയങ്ങള്‍ അടങ്ങുന്ന ഒരു കത്ത് കേന്ദ്ര ആഭ്യന്തര വകുപ്പില്‍ നിന്ന്, ഏതാണ്ട് 11 മാസത്തോളം മുമ്പ് സംസ്ഥാന സര്‍ക്കാരിന്(അതിന് ശേഷം വീണ്ടും ഒരു കത്ത് കൂടി ലഭിച്ചു) ലഭിച്ചിട്ടും അക്കാര്യത്തെ കുറിച്ച് അക്കാര്യം ജനങ്ങളില്‍ മറച്ച് വച്ച മുഖ്യമന്ത്രി, കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്കൊപ്പമാണ് എന്ന് കരുതേണ്ടി വരില്ലേ?

പൗരത്വം നിഷേധിക്കപ്പെടുന്നവര്‍ക്ക് സംസ്ഥാനങ്ങളില്‍ തടവറ പണിയുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കാതെ, ജനങ്ങളെ വഞ്ചിക്കാന്‍ പ്രതിപക്ഷത്തിനൊപ്പം പൗരത്വ ബില്ലിനെതിരെ സമര പ്രഹസനം നടത്താന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ കാപട്യം ജനങ്ങള്‍ തിരിച്ചറിയണം.

സംയുക്ത സമരം നടത്താന്‍ മുഖ്യമന്ത്രിയെ ക്ഷണിക്കുന്ന തിരക്കില്‍ പ്രതിപക്ഷ നേതാവ് മാധവന്‍കുട്ടി ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ കാണാതെ പോയതാവാം!

Next Story

RELATED STORIES

Share it