Latest News

വിനോദസഞ്ചാരത്തിന് കൊച്ചി വാട്ടര്‍മെട്രോ; 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന ജലയാത്ര

വിനോദസഞ്ചാരത്തിന് കൊച്ചി വാട്ടര്‍മെട്രോ; 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന ജലയാത്ര
X

കൊച്ചി: കൊച്ചിയിലെ 10 ദ്വീപുകളെ തമ്മില്‍ ബന്ധിപ്പിച്ച് 76 കിലോമീറ്റര്‍ ദൂരത്തിലാണ് കൊച്ചി വാട്ടര്‍ മെട്രോ നിര്‍മ്മാണം പുരോഗമിക്കുന്നു. 78 അത്യാധുനിക ഇലക്ട്രിക്കല്‍, ഹൈബ്രിഡ് ബോട്ടുകള്‍ ഉള്‍പ്പെടുത്തിയുളള ജലഗതാഗതമാണ് അധികൃതര്‍ ഉറപ്പാക്കുന്നത്. കൊച്ചി മെട്രോ, വൈറ്റില മൊബിലിറ്റി ഹബ്ബ് എന്നിവയുമായി വാട്ടര്‍ മെട്രോയെ ബന്ധിപ്പിച്ചാല്‍ തദ്ദേശവാസികള്‍ക്ക് യാത്രാ സൗകര്യം മെച്ചപ്പെടുന്നതിനൊപ്പം വിനോദസഞ്ചാരമേഖലയില്‍ വന്‍ മാറ്റമാണ് വരാന്‍ പോകുന്നത്.

പതിനഞ്ച് റൂട്ടുകളിലാണ് വാട്ടര്‍ മെട്രോ സര്‍വീസ് നടത്തുക. 38 ജെട്ടികള്‍ ഉണ്ടാകും. 100 പേര്‍ക്കും 50 പേര്‍ക്കും വീതം സഞ്ചരിക്കാവുന്ന ബോട്ടുകളുമാണ് ഉണ്ടാകുക. 10-20 മിനിറ്റ് ഇടവിട്ട് ബോട്ടുകള്‍ സര്‍വ്വീസ് നടത്തും. 23 ബോട്ടുകള്‍ കൊച്ചി ഷിപ്പ്യാര്‍ഡാണ് നിര്‍മിക്കുന്നത്. ഇതില്‍ ആദ്യ ബോട്ടായ മുസിരിസ് പരീക്ഷണ സവാരി ആരംഭിച്ചു. മറ്റ് ബോട്ടുകള്‍ നവംബര്‍ മാസത്തോടെ വാട്ടര്‍ മെട്രോയ്ക്ക് കൈമാറും.

ബാറ്ററിയും ഡീസല്‍ ജനറേറ്റര്‍ വഴിയും, രണ്ടും ഉപയോഗിച്ച് ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാവുന്നവയാണ് ബോട്ടുകള്‍. ലോകത്ത് ആദ്യമായാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ബോട്ട് സര്‍വ്വീസ് പ്രവര്‍ത്തനമാരംഭിക്കുന്നത്. 10-15 മിനിറ്റുകൊണ്ട് ബോട്ടുകള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. എട്ട് നോട്ടിക്കല്‍ പെര്‍ മൈല്‍ ആണ് ബോട്ടിന്റെ വേഗത. അലുമിനിയം കട്ടമരന്‍ ഹള്ളിലാണ് ബോട്ടുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. കായല്‍പ്പരപ്പിലൂടെ വേഗത്തില്‍ പോകുമ്പോള്‍ പരമാവധി ഓളങ്ങള്‍ കുറക്കുന്ന രീതിയിലാണ് ബോട്ടിന്റെ ഘടന.

യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനായി പാസഞ്ചര്‍ കണ്‍ട്രോള്‍ സിസ്റ്റം ബോട്ടിലുണ്ടാകും. ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും യാത്ര സുഖകരമാക്കാന്‍ കോണ്‍ക്രീറ്റ് ഫ്‌ളോട്ടിങ് പോണ്ടൂണുകളിലാണ് ജെട്ടികള്‍ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ വേലിയിറക്കവും വേലിയേറ്റവും ജെട്ടികളെ ബാധിക്കില്ല. സിസി ടിവി ക്യാമറയും സുരക്ഷാ സംവിധാനങ്ങളും ഉണ്ടാകും. സൗരോര്‍ജ്ജം പോലുള്ള പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളില്‍ നിന്നുമാണ് പദ്ധതിക്കാവശ്യമായ വൈദ്യുതി കണ്ടെത്തുന്നത്.

പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ബോട്ടിലിരുന്ന് കായല്‍കാഴ്ചകള്‍ യാത്രക്കാര്‍ക്ക് ആസ്വദിക്കാം. യാത്രാബോട്ടുകള്‍ക്ക് പുറമെ അത്യാവശ്യഘട്ടങ്ങളില്‍ കപ്പലിനെ പിന്തുണയ്ക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി നാല് റെസ്‌ക്യൂ കം വര്‍ക് ഷോപ്പ് വെസ്സലുകള്‍ ഉണ്ട്.

വൈറ്റില ഹബ്ബിലെ ഓപ്പറേറ്റിങ് കണ്‍ട്രോള്‍ സെന്ററില്‍ നിന്നും ബോട്ടിന്റെ സഞ്ചാരം നിരീക്ഷിക്കാനുളള ഓട്ടോമാറ്റിക് സജ്ജീകരണവും രാത്രി യാത്രയില്‍ ബോട്ട് ഓപ്പറേറ്റര്‍ക്ക് സാഹായമാകുന്നതിന് തെര്‍മല്‍ ക്യാമറയും ഒരുക്കുന്നുണ്ട്. 8 ബോട്ട് ടെര്‍മിനലുകളില്‍ മൂന്നെണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി.

കാക്കനാട്, വൈറ്റില, ഏലൂര്‍ ടെര്‍മിനലുകളാണ് പൂര്‍ത്തിയായിരിക്കുന്നത്. വൈപ്പിന്‍, ബോള്‍ഗാട്ടി, ഹൈകോര്‍ട്ട്, സൗത്ത് ചിറ്റൂര്‍, ചേരാനല്ലൂര്‍ എന്നിവയുടെ നിര്‍മാണം ജൂണോടെ പൂര്‍ത്തിയാകും. വൈറ്റില-കാക്കനാട് റൂട്ടില്‍ ഡ്രഡ്ജിംഗ് പൂര്‍ത്തിയായി. ഹൈക്കോര്‍ട്ട്‌വൈറ്റില റൂട്ടില്‍ ഡ്രഡ്ജിംഗ് പുരോഗമിക്കുന്നു. കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിക്ക് 819 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഇന്തോ ജര്‍മ്മന്‍ സാമ്പത്തിക സഹകരണത്തിന് കീഴില്‍ ജര്‍മ്മന്‍ ഫണ്ടിങ് ഏജന്‍സി മുഖേന 579 കോടി ദീര്‍ഘകാല വായ്പാ കരാറോടെയാണ് ധനസഹായം നല്‍കുന്നത്.

കേരള സര്‍ക്കാര്‍ 102 കോടിയും, സ്ഥലം ഏറ്റെടുക്കാനായി 72 കോടി രൂപയും ചെലവഴിക്കും. ഇതില്‍ 66 കോടി രൂപ പിപിപി ആണ്.

വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കുന്നതോടെ ദ്വീപ് നിവാസികളുടെ ദൈനംദിന യാത്ര സുഗമമാക്കുന്നതിനൊപ്പം ദ്വീപുകളിലെ വാണിജ്യ, കച്ചവട സാധ്യതകള്‍ക്കും പുതിയ വഴി തുറക്കും. യാത്രക്കായി ജലപാത ഉപയോഗിക്കുന്നതോടെ കാര്‍ബണ്‍ ഡൈഓക്‌സൈഡ് ബഹിര്‍ഗമനത്തില്‍ പ്രതിവര്‍ഷം 22800 മെട്രിക് ടണ്‍ കുറവ് കൊച്ചി മെട്രോ നഗരത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Next Story

RELATED STORIES

Share it