Latest News

വികസന സ്വപ്നങ്ങളുമായി കൊച്ചുകടവ് പരുത്തിപ്പിള്ളി കടവ്

വികസന സ്വപ്നങ്ങളുമായി കൊച്ചുകടവ് പരുത്തിപ്പിള്ളി കടവ്
X

മാള: കൊച്ചുകടവ് പരുത്തിപ്പിള്ളി കടവിലെ മണല്‍ത്തിട്ട കെട്ടി സംരക്ഷിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. ചാലക്കുടിപ്പുഴയുടെ ഭാഗമായ ഇവിടെ നേരത്തെയുണ്ടായിരുന്ന മണല്‍ത്തിട്ടയുടെ വിസ്തൃതി മഹാപ്രളയാനന്തരം ഏറെ കൂടിയിട്ടുണ്ട്. ഇപ്പോള്‍ മണല്‍തിട്ടക്ക് അരക്കിലോമീറ്ററിലധികം നീളവും 25 മീറ്ററിലധികം വീതിയുമുണ്ടായിട്ടുണ്ട്. ഓരുവെള്ളവും ചെളിയും മണലും നിറഞ്ഞ ഇവിടെ കറുകപ്പുല്ലും മറ്റും തഴച്ചുവളരുകയാണ്. കൂട്ടത്തില്‍ ചിലരുടെ മാലിന്യ നിക്ഷേപ കേന്ദ്രമായും ഇവിടം മാറുകയാണ്. സമീപത്തെ ചില കടവുകളില്‍ ഇത്തരത്തില്‍ അടിഞ്ഞു കൂടിയ മണലും മറ്റും ഇവിടേക്ക് എത്തിക്കാനായാല്‍ ഒരേനിരപ്പിലാക്കി ഇവിടം പലവിധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാകും. കായിക വിനോദങ്ങള്‍ക്കും മറ്റുമായി ആവശ്യത്തിന് ഗ്രൗണ്ടില്ലാത്ത സാഹചര്യമാണിവിടെയുള്ളത്. ഈ പുഴയോരം വികസിപ്പിച്ച് പുഴയുടെ ഭാഗത്ത് കൈവരികളും ഒരുക്കിയാല്‍ കളികള്‍ക്കും പ്രഭാതസായാഹ്ന സവാരികള്‍ക്കും ഉപയോഗിക്കാനാകും. സ്വകാര്യസര്‍ക്കാര്‍ പരിപാടികളും ഇവിടെ നടത്താനാകും. സൗകര്യങ്ങള്‍ സജ്ജീകരിച്ചാല്‍ കുട്ടികളുടെ പാര്‍ക്കായും ഇവിടം മാറ്റാനാകും. വൈകുന്നേരങ്ങളില്‍ കുടുംബ സമേതം വന്നിരുന്ന് കാറ്റ് കൊള്ളാനും അസ്തമയ സൂര്യന്റെ വര്‍ണ്ണാഭമായ കാഴ്ച കാണാനുമാകും. കാലക്രമേണ ഒരു ടൂറിസം കേന്ദ്രമായി ഇവിടെ വികസന സാദ്ധ്യതകളുമുണ്ട്.

അരികുകളില്‍ തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും ചെയ്താല്‍ ഇവിടത്തെ സുഖശീതളിമ ആസ്വദിക്കാനായി ദൂരദിക്കുകളില്‍ നിന്നുവരെ ആളുകളെത്താം. ഏതാനും ദിവസങ്ങള്‍ നീളുന്ന പുഴയോര ഫെസ്റ്റടക്കമുള്ള പരിപാടികളും നടത്താനാകും. വാവുബലിക്കായുള്ള സൗകര്യവുമൊരുക്കാനാകും. പ്രകൃതിയുടെ വരദാനമായ ഈ മണല്‍ത്തിട്ട സംരക്ഷിക്കാനായുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഏറെനാളായി ആവശ്യം ഉയരുന്നതാണ്. കൊച്ചുകടവിലെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനായി രൂപം കൊടുത്ത നാട്ടുകൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഇടക്കിടെ കാട് പിടിച്ച് കിടക്കുന്ന ഇവിടം വെട്ടി വെളുപ്പിക്കുക പതിവാണ്. ഇപ്പോള്‍ വീണ്ടും ഇവിടെ കാട് കയറുകയാണ്. മൂന്ന് വര്‍ഷം മുന്‍പ് ഉണര്‍വ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ശുചീകരണം നടത്തിയിരുന്നു.

Next Story

RELATED STORIES

Share it