Latest News

കോഴിക്കോട് കോര്‍പറേഷന്‍ ഫണ്ട് തട്ടിപ്പ്; മുന്‍ ബാങ്ക് മാനേജര്‍ റിജിലിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

കോഴിക്കോട് കോര്‍പറേഷന്‍ ഫണ്ട് തട്ടിപ്പ്; മുന്‍ ബാങ്ക് മാനേജര്‍ റിജിലിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും
X

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്റെ ഫണ്ട് തട്ടിപ്പ് കേസില്‍ പ്രതിയായ പഞ്ചാബ് നാഷനല്‍ ബാങ്ക് മുന്‍ മാനേജര്‍ റിജിലിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. റിജില്‍ രാജ്യം വിടുന്നത് തടയാനാണ് ക്രൈംബ്രാഞ്ച് നടപടി. സംഭവത്തില്‍ പഞ്ചാബ് നാഷനല്‍ ബാങ്ക് പ്രാഥമിക ഓഡിറ്റ് റിപോര്‍ട്ട് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. 17 അക്കൗണ്ടുകളിലായി 22 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തല്‍. കേസുമായി മുന്നോട്ടുപോവാന്‍ ക്രൈംബ്രാഞ്ചിന് നിര്‍ണായകമാവുന്നതാണ് ഓഡിറ്റ് റിപോര്‍ട്ട്. പ്രാഥമിക റിപോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഊര്‍ജിത അന്വേഷണവുമായി മുന്നോട്ടുപോവാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

കോര്‍പറേഷനിലും ബാങ്കിലും പരിശോധന നടത്താനും െ്രെകംബ്രാഞ്ചിന് ഉദ്ദേശമുണ്ട്. നേരത്തേ കോര്‍പറേഷന്റെ 7 അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു കണ്ടെത്തല്‍. മൊത്തെ 21.58 കോടിയുടെ തട്ടിപ്പാണ് ബ്രാഞ്ച് മാനേജര്‍ നടത്തിയിരിക്കുന്നത്. ഒമ്പത് സ്വകര്യവ്യക്തികള്‍ക്കും പണം നഷ്ടമായിട്ടുണ്ട്. നിലവില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് മാനേജര്‍ റിജില്‍ മാത്രമാണ് ഇടപെട്ടിരിക്കുന്നതെന്നാണ് ബാങ്കിന്റെ നിഗമനം. എന്നാല്‍, ഓഡിറ്റിങ് പൂര്‍ണമായാലേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാവൂ. സ്വകാര്യവ്യക്തികളുടെ അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിച്ച തുക ഇടക്കാലങ്ങളില്‍ തിരിച്ച് അക്കൗണ്ടുകളിലെത്തുകയും വീണ്ടും പിന്‍വലിക്കുകയും ചെയ്തിട്ടുള്ളതായാണ് കണ്ടെത്തല്‍.

നഷ്ടപ്പെട്ടതില്‍ 2.5 കോടിയോളം രൂപ ബാങ്ക് കോര്‍പറേഷന് തിരിച്ചുനല്‍കിയിട്ടുണ്ട്. ബാക്കി തുക തിങ്കളാഴ്ച വൈകുന്നേരത്തിനകം നല്‍കുമെന്നാണ് ബാങ്ക് കോര്‍പറേഷനെ അറിയിച്ചിരിക്കുന്നത്. അതേസമയം, റിജിലിന് യുഡിഎഫുമായി ബന്ധമുണ്ടെന്നാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്. ബാങ്ക് മാനേജര്‍ ആര്‍ക്കെല്ലാം സഹായം നല്‍കിയെന്ന് പരിശോധിക്കണം. തട്ടിപ്പ് മൂടിവയ്ക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാര്‍ ആരോപിച്ചു. കോര്‍പറേഷന് നഷ്ടപ്പെട്ട മുഴുവന്‍ തുകയും തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പിഎന്‍പിയുടെ വിവിധ ശാഖകളിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച് നടത്തി. തട്ടിപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് യുഡിഎഫിന്റെ ആവശ്യം.

Next Story

RELATED STORIES

Share it