Latest News

ഐസിയു പീഡനക്കേസ്; മൊഴിയെടുക്കുന്നതിൽ വീഴ്ച വരുത്തിയ ഡോക്ടർക്കെതിരെ നടപടി വേണം; അതിജീവിത പരാതി നൽകി

ഐസിയു പീഡനക്കേസ്; മൊഴിയെടുക്കുന്നതിൽ വീഴ്ച വരുത്തിയ ഡോക്ടർക്കെതിരെ നടപടി വേണം; അതിജീവിത പരാതി നൽകി
X

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ മൊഴി എടുക്കുന്നതില്‍ വീഴ്ച വരുത്തിയ ഡോക്ടര്‍ പ്രീതിക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിതയുടെ പരാതി. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനാണ് പരാതി നല്‍കിയത്. മെഡിക്കല്‍ വിദ്യാഭ്യാസ വിഭാഗത്തിന് പരാതി കൈമാറുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അതിജീവിതയെ ആദ്യം പരിശോധിച്ച ഡോക്ടര്‍ പ്രീതി മൊഴിയെടുക്കുന്നതിലും മറ്റും വീഴ്ച വരുത്തിയെന്ന് പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പ്രീതിക്കെതിരായ പരാതിയില്‍ കഴമ്പില്ലെന്നായിരുന്നു പോലിസിന്റെ ആദ്യ കണ്ടെത്തല്‍. തുടര്‍ന്ന് അതിജീവിത കമ്മീഷണര്‍ ഓഫിസിനു മുന്നില്‍ സമരം നടത്തിയതോടെ വീണ്ടും അന്വേഷിച്ചു. നര്‍ക്കോട്ടിക് ഡിവൈഎസ്പി ആണ് അന്വേഷണ റിപോര്‍ട്ട് കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണര്‍ക്ക് കൈമാറിയത്. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും റിപോര്‍ട്ട് നല്‍കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് അതിജീവിത സമരം കോഴിക്കോട് സിറ്റി പോലിസ് കമ്മീഷര്‍ ഓഫിസിന് മുന്നിലെ റോഡിലേക്ക് നീട്ടിയിരുന്നു.

തൈറോയ്ഡ് ശസ്ത്രക്രിയക്ക് ശേഷം ഐസിയുവില്‍ പ്രവേശിപ്പിച്ച യുവതിയെ അറ്റന്‍ഡര്‍ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഈ പരാതി പിന്‍വലിക്കാന്‍ ആശുപത്രിയിലെ അഞ്ച് ജീവനക്കാര്‍ തന്നെ നേരില്‍ സന്ദര്‍ശിച്ചു ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി അതിജീവിത ആരോഗ്യ വകുപ്പിനെ സമീപിക്കുകയായിരുന്നു. സെക്യൂരിറ്റി, സിസിടിവി സംവിധാനങ്ങളില്‍ മെഡിക്കല്‍ കോളജിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചകളുണ്ടെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Next Story

RELATED STORIES

Share it