Latest News

കൂഴൂര്‍ പോളക്കുളം നവീകരണം പുരോഗമിക്കുന്നു

കൂഴൂര്‍ പോളക്കുളം നവീകരണം പുരോഗമിക്കുന്നു
X

മാള: കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ പോളക്കുളം നവീകരണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മഴ മാറി നിന്നതോടെ പണി വേഗത്തിലായിട്ടുണ്ട്. 1.1 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന കുളത്തിന്റെ കയ്യേറ്റങ്ങള്‍ ഒഴിവാക്കി നവീകരിക്കണമെന്ന കാലങ്ങളായുള്ള ആവശ്യമാണിപ്പോള്‍ നടപ്പാവുന്നത്.

വലിയ മോട്ടോറുകള്‍ വെച്ച് വെള്ളം ഒഴിവാക്കി അടിഭാഗം നിരപ്പാക്കുന്ന പ്രവൃത്തിയും പാര്‍ശ്വഭിത്തിയുടെ പണികളും നടക്കുന്നുണ്ട്. മാള മേഖലയിലെ ഏറ്റവും വലിയ കുളമായ പോളക്കുളത്തിന്റെ വിസ്തൃതി 2.68 ഏക്കറാണ്. ഇവിടെ നിന്ന് താണിശേരി-ഐരാണിക്കുളം ജലസേചന പദ്ധതിയും പ്രവര്‍ത്തിക്കുന്നുണ്ട്. കുളത്തിലെ ചണ്ടിയും പായലും പുല്ലും നീക്കി ആഴം വര്‍ധിപ്പിച്ച് വശങ്ങള്‍ക്ക് നടപ്പാതയും ഇരിപ്പിടവും നിര്‍മിക്കും. ഗ്രാമപഞ്ചായത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് അതിര്‍ത്തി നിശ്ചയിക്കലും നവീകരണവും. പോളക്കുളത്തിലെ ജലസേചന പദ്ധതിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് 15 എച്ച് പി യുടെ മോട്ടോറാണ്. കൂടാതെ ഇതേ ശേഷിയുള്ള മറ്റൊരു മോട്ടോര്‍ സ്ഥാപിക്കാനുള്ള പദ്ധതിയുമുണ്ട്.

പൂത്തുരുത്തി, വട്ടക്കുളം പദ്ധതികളില്‍ നിന്നാണ് പോളക്കുളത്തിലേക്ക് വെള്ളമെത്തുന്നത്. പോളക്കുളത്തിന്റെ കുറ്റമറ്റ നവീകരണം നിരവധി തവണ ഒന്നാം വാര്‍ഡിലെ ഗ്രാമസഭയിലും ഗ്രാമപഞ്ചായത്ത് കമ്മറ്റിയിലും ചര്‍ച്ച ചെയ്തിരുന്നു. പൂക്കളും പുല്ലും പായലും ചണ്ടിയും നിറഞ്ഞ ഒരു മൈതാനം പോലെയാണ് പോളക്കുളം. വര്‍ഷങ്ങളായുള്ള ജനകീയ ആവശ്യമാണ് പോളക്കുളത്തെ നവീകരിച്ച് വന്‍ ജലാശയമായി സംരക്ഷിക്കുകയെന്നത്. കുളത്തെ നവീകരിച്ച് കഴിയുമ്പോള്‍ ഗ്രാമപഞ്ചായത്തിന്റെ ജലസേചന പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുളം മോടിപിടിപ്പിക്കുന്നത് കുഴൂരിലെ ഗ്രാമീണ ടൂറിസത്തിന് ഉപകാരപ്പെടും. കൊടുങ്ങല്ലൂര്‍-പൊയ്യ-പൂപ്പത്തി-എരവത്തൂര്‍-നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡ് കടന്നു പോകുന്നത് കുളത്തിനരികിലൂടെ ആണെന്നുള്ളതും ഈ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

വിനോദത്തിനായി കളി വഞ്ചികളോ ചെറു ബോട്ടുകളോ കൂടിയായാല്‍ ഈ പ്രദേശത്തെ ഉയര്‍ച്ചയിലേക്കെത്തിക്കുന്ന ഒരു പദ്ധതിയായിത് മാറും. കുളത്തില്‍ നീന്തല്‍ പരിശീലനം നല്‍കിയാല്‍ കായിക രംഗത്തെ ഭാവി തലമുറകളെ വാര്‍ത്തെടുക്കാനുമാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. ഒടുവില്‍ തങ്ങളുടെ നാടിന്റെ ആവശ്യം പൂവണിയുന്നത് കാണുമ്പോള്‍ വലിയ സന്തോഷത്തിലാണ് നാട്ടുകാരും മറ്റും.

Next Story

RELATED STORIES

Share it