Big stories

കെപിസിസിയില്‍ മൗലാനാ അബുല്‍ കലാം ആസാദ് അനുസ്മരണത്തിന് വിലക്ക്

കെപിസിസിയില്‍ മൗലാനാ അബുല്‍ കലാം ആസാദ് അനുസ്മരണത്തിന് വിലക്ക്
X

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ മൗലാനാ അബുല്‍ കലാം ആസാദ് അനുസ്മരണത്തിന് കെപിസിസിയില്‍ വിലക്ക്. പരിപാടി മാറ്റിവയ്ക്കാന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നിര്‍ദേശം നല്‍കി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ഉദ്ഘാടനം ചെയ്യേണ്ട പരിപാടിയാണ് കെ സുധാകരന്‍ മാറ്റിവയ്ക്കാന്‍ നിര്‍ദേശിച്ചത്. കോണ്‍ഗ്രസിന്റെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ മൗലാനാ അബുല്‍ കലാം ആസാദിന്റെ ജന്‍മദിനത്തോട് അനുബന്ധിച്ച് കെപിസിസി മൈനോറിറ്റി വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്.

ഇന്ന് വൈകീട്ട് നാലുമണിക്ക് കെപിസിസി ആസ്ഥാനത്ത് മതസൗഹാര്‍ദ സദസ് സംഘടിപ്പിക്കാനായിരുന്നു തീരുമാനം. ഉദ്ഘാടന ചടങ്ങിനായി എ കെ ആന്റണി എത്തുമെന്നും അറിയിച്ചിരുന്നു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോ.വി പി സുഹൈബ് മൗലവി, ഫാ. ഡോ. മാത്യു തെങ്ങമ്പള്ളി തുടങ്ങിയ സമൂഹത്തിന്റെ വിവിധ തലത്തിലുള്ളവരെ വിശിഷ്ടാതിഥികളായി കെപിസിസി മൈനോറിറ്റി വിഭാഗം ക്ഷണിച്ചിരുന്നു. എന്നാല്‍, ഇന്നലെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഈ പരിപാടി മാറ്റിവയ്ക്കാനുള്ള നിര്‍ദേശം സംഘാടകര്‍ക്ക് നല്‍കുകയായിരുന്നു. പ്രത്യേകിച്ച് കാരണങ്ങളൊന്നും വ്യക്തമാക്കാതെയാണ് പരിപാടി റദ്ദാക്കിയത്.

അതേസമയം, സംഘടനയില്‍ ആഭ്യന്തരപ്രശ്‌നമുള്ളതിനാലാണ് മാറ്റിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് കെപിസിസി നല്‍കുന്ന വിശദീകരണം. സംഘടനയിലെ വിഭാഗീയത പരിഹരിച്ചതിന് ശേഷം പരിപാടികള്‍ നടത്തിയാല്‍ മതിയെന്ന് നിര്‍ദേശം നല്‍കിയതായും കെപിസിസി അറിയിച്ചു. കെപിസിസി നേതൃത്വത്തിന്റെ നിലപാടിനെതിരേ വ്യാപകവിമര്‍ശനമാണ് ഉയരുന്നത്. കെപിസിസി പ്രസിഡന്റിന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവന കഴിഞ്ഞദിവസം വലിയ വിവാദത്തിന് വഴിവച്ചിരുന്നു. ആര്‍എസ്എസ് ശാഖ സംരക്ഷിക്കാന്‍ ആളെ വിട്ടിട്ടുണ്ടെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. മുമ്പ് ബിജെപിയില്‍ പോവാന്‍ തയ്യാറാണെന്ന തരത്തില്‍ സുധാകരന്‍ പ്രസ്താവന നടത്തിയിരുന്നു.

Next Story

RELATED STORIES

Share it