Latest News

കെഎസ്ആര്‍ടിസിക്ക് പ്രതിവര്‍ഷനഷ്ടം 2000 കോടിയെന്ന് മന്ത്രി; കെ റെയിലിനുവേണ്ടി കെഎസ്ആര്‍ടിസിക്ക് ദയാവധമെന്ന് വിഡി സതീശന്‍

കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്നതിന് പിന്നില്‍ സില്‍വര്‍ ലൈന്‍ അജണ്ടയുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കെഎസ്ആര്‍ടിസിക്ക് പ്രതിവര്‍ഷനഷ്ടം 2000 കോടിയെന്ന് മന്ത്രി; കെ റെയിലിനുവേണ്ടി കെഎസ്ആര്‍ടിസിക്ക് ദയാവധമെന്ന് വിഡി സതീശന്‍
X

തിരുവനന്തപുരം: മൂന്ന് മാസം കൊണ്ട് ഡീസല്‍ ലിറ്ററിന് കൂടിയത് 38 രൂപയാണെന്ന് മന്ത്രി ആന്റണി രാജു. യാത്രക്കാരുടെ കുറവും ഇന്ധനവില വര്‍ദ്ധനയും കെഎസ്ആര്‍ടിസിക്ക് ഉണ്ടാക്കുന്നത് കനത്ത നഷ്ടമാണ്. കെഎസ്ആര്‍ടിസി നവീകരണത്തിനായി സര്‍ക്കാര്‍ എല്ലാം ചെയ്യുന്നുണ്ട്. സുശീല്‍ ഖന്ന റിപോര്‍ട്ട് നടപ്പാക്കി വരുന്നു. ശമ്പള പരിഷ്‌കരണം നടപ്പാക്കി. പെന്‍ഷനും മുടങ്ങാതെ നല്‍കുന്നുണ്ട്. ഡീസല്‍ വില എണ്ണക്കമ്പനികള്‍ 21 രൂപ 10 പൈസ വച്ച് ലിറ്ററിന് കൂട്ടുമ്പോള്‍ കെഎസ്ആര്‍ടിസിക്ക് പ്രതിവര്‍ഷം നഷ്ടം 2000 കോടിയാണെന്നും ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയില്‍ പറഞ്ഞു. ഒന്നര വര്‍ഷത്തിനകം 1336 ബസ്സുകള്‍ നിരത്തിലിറക്കാനാണ് കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നതെന്നും ഗതാഗത മന്ത്രി പറഞ്ഞു.

കെ റെയിലിനുവേണ്ടി കെഎസ്ആര്‍ടിസിക്ക് ദയാവധം നല്‍കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.

കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്നതിന് പിന്നില്‍ സില്‍വര്‍ ലൈന്‍ അജണ്ടയുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സുശീല്‍ഖന്ന റിപോര്‍ട്ട് അടക്കം നടപ്പാക്കി കെഎസ്ആര്‍ടിസിയെ നവീകരിക്കുകയാണെന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഭരണാനുകൂല സംഘടനയായ സിഐടി യുവിനെ ബോധിപ്പിക്കാന്‍ സര്‍ക്കാരിന് ആകുമോ എന്നായിരുന്നു അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യം. പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ പുതിയ കമ്പനി രൂപീകരിക്കുന്നത് എന്തിനാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു. സ്വിഫ്റ്റ് രൂപികരിച്ചത് പിന്‍വാതില്‍ നിയമനത്തിന് വേണ്ടിയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. എന്നാല്‍ ഹൈക്കോടതിയുടെ പച്ചക്കൊടിയോടെ നിയമ വിധേയമായിട്ടാണ് സ്വിഫ്റ്റ് രൂപീകരിച്ചതെന്ന് ആന്റണി രാജു മറുപടി നല്‍കി.

ബസ്സുകളുടെ എണ്ണത്തില്‍ 2000 കുറവ് വന്നു. ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചു. ആറ് വര്‍ഷത്തിനിടെ പുറത്തിറക്കാനായത് വെറും 110 ബസ്സുകള്‍ മാത്രമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ മറ്റൊരു ആരോപണം. വസ്തുതകളെ പ്രതിപക്ഷം വളച്ചൊടിക്കുകയാണെന്ന് ഗതാഗത മന്ത്രി കുറ്റപ്പെടുത്തി. ഒരു വര്‍ഷം കൊണ്ട് 1864 കോടി കെഎസ്ആര്‍ടിസിക്ക് നല്‍കിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. നഷ്ടം കാരണം 44 ശതമാനം സ്വകാര്യ ബസ്സുകളും സര്‍വീസ് നിര്‍ത്തിയപ്പോള്‍ വെറും 15 ശതമാനം കെഎസ്ആര്‍ടിസി ബസ്സുകള്‍ മാത്രമാണ് സര്‍വീസ് നിര്‍ത്തിയത്. തീരെ കളക്ഷനില്ലാത്ത ബസ്സുകളാണ് നിര്‍ത്തിയതെന്നും ഗതാഗത മന്ത്രി പറഞ്ഞു.

കെ എസ് ആര്‍ട്ടിസിക്ക് ഫ്യൂവല്‍ സബ്‌സിഡി നല്‍കി കടത്തില്‍ നിന്ന് കരകയറ്റണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട്. യുഡിഎഫ് കാലത്ത് 2700 ബസ്സുകള്‍ വാങ്ങിയെന്ന് കണക്കുകള്‍ വച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മറുപടി ഗതാഗത മന്ത്രി ആന്റണി രാജുവിന് മറുപടി നല്‍കി. എന്നാല്‍ ആറ് വര്‍ഷം തുടര്‍ച്ചയായി ഭരിച്ചിട്ടും പിണറായി സര്‍ക്കാര്‍ വാങ്ങിയത് വെറും 110 ബസ്സുകള്‍ മാത്രമാണെന്നും വിഡി സതീശന്റെ പരിഹാസം. അശ്വത്ഥാമാവെന്ന കെ റെയിലിന് വേണ്ടി കെഎസ്ആര്‍ടിസിയെ കുത്തിക്കൊല്ലരുതെന്നായിരുന്നു അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പരിഹാസം. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Next Story

RELATED STORIES

Share it