Latest News

നിശ്ശബ്ദയായത് ഇന്ത്യയുടെ വാനമ്പാടി

നിശ്ശബ്ദയായത് ഇന്ത്യയുടെ വാനമ്പാടി
X

ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ അവസാന ശ്വാസം വലിച്ച ലതാ മങ്കേഷ്‌കറിന്റെ മരണത്തോടെ അവസാനിക്കുന്നത് രണ്ട് സംഗീത കാലങ്ങളെ പരസ്പരം ബന്ധിക്കുന്ന കണ്ണി. ഇന്ന് രാവിലെയാണ് കൊവിഡിനെത്തുടര്‍ന്നുണ്ടായ ന്യുമോണിയാ ബാധ മൂര്‍ച്ഛിച്ച് ഇന്ത്യയുടെ വാനമ്പാടിയെന്ന് അറിയപ്പെടുന്ന ഗായിക ലതാ മങ്കേഷ്‌കര്‍ മരിച്ചത്. പ്രശസ്ത ഗായിക ആശാ ഭോസ്ലെ സഹോദരിയാണ്.

സിനിമയുടെ ആദ്യ രൂപമെന്ന് വേണമെങ്കില്‍ പറയാവുന്ന സംഗീത നാടകത്തില്‍ നിന്നാണ് ലതയും കടന്നുവരുന്നത്. പിതാവ് ദീനാനാഥ് മങ്കേഷ്‌കര്‍ മറാത്ത നാടകവേദിയിലെ സംഗീതനാടകങ്ങളില്‍ സജീവമായിരുന്നു. 1929ല്‍ ജനിച്ച ലത തുടക്കം കുറിച്ചതും സംഗീതനാടകത്തില്‍. പിതാവ് തന്നെ സംഗീതവും പഠിപ്പിച്ചു. പിതാവിന്റെ മരണത്തോടെ പതിമൂന്നാം വയസ്സില്‍ കുടുംബം പോറ്റാനായി ലത നാടകങ്ങളില്‍ സജീവമായി. പിന്നീടാണ് അഭിനയം മതിയാക്കി ഗായികയായത്.

സിനിമാ സംഗീതം ഇത്രത്തോളം സാങ്കേതികസാന്ദ്രമായിരുന്നിട്ടില്ലാത്ത കാലത്താണ് ലത തന്റെ സംഗീതജീവിതത്തിന് തുടക്കം കുറിക്കുന്നത്. ഇന്ന് നാം ഹിന്ദി ഗാനത്തിന്റെ മാതൃകയായി മനസ്സില്‍ക്കൊണ്ടുനടക്കുന്ന പല ഗാനങ്ങള്‍ക്കും ജീവന്‍ പകര്‍ന്നത് ലതാ മങ്കേഷ്‌കറാണ്.

ഇന്‍ഡോറില്‍ താമസമാക്കിയ കൊങ്കിണി കുടുംബത്തിലെ അംഗമായ ലതയുടെ പിതാവ് ദിനനാഥ് ഗ്വാളിയോര്‍ ഖരാനയിലെ അംഗമായിരുന്നു. പിതാവ് പഠിപ്പിക്കുമ്പോള്‍ ലത മറഞ്ഞിരുന്നു കേള്‍ക്കും. അതില്‍ നിന്ന് ചെറിയ ചെറിയ ഭാഗങ്ങള്‍ പഠിച്ചെടുക്കും. ഒരു ദിവസം തന്റെത്തന്നെ വിദ്യാര്‍ത്ഥിയുടെ തെറ്റുകള്‍ മകള്‍ തിരുത്തുന്നതുകേട്ട ആ പിതാവ് മകളിലെ സംഗീതപ്രതിഭ തിരിച്ചറിഞ്ഞു. മകളെ സംഗീതം പഠിപ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. മരണം വരെ അദ്ദേഹമത് തുടര്‍ന്നു.

യഥാര്‍ത്ഥത്തില്‍ ലതയെന്നായിരുന്നില്ല പേര്. ഹേമയെന്നായിരുന്നു. തന്റെ ഒരു നാടകത്തിലെ നായികയുടെ പേരായ ലതിക പിന്നീട് ആ പിതാവ് മകള്‍ക്ക് നല്‍കുകയായിരുന്നു.

നിര്‍ഭാഗ്യവശാല്‍ ചെറു പ്രായത്തില്‍ തന്നെ തന്റെ കുടുംബത്തെ അനാഥരാക്കി ആ പിതാവ് മരിച്ചു. പതിമൂന്നാം വയസ്സില്‍ കുടുംബത്തിനുവേണ്ടി ലത ജോലി ചെയ്യേണ്ടിവന്നത് അങ്ങനെയാണ്.

നവയുക് ചത്രപതി ശിവജി മൂവി കമ്പനിയുടെ ഉടമയും കുടുംബ സുഹൃത്തുമായ വിനായക് ആണ് ലതയെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. ഒരു ഗായികയായും നടിയായും തിളങ്ങാനുളള അവസരം അദ്ദേഹമുണ്ടാക്കി.

മറാത്തി സിനിമയായ കിതി ഹസാലിലെ ഗാനമായിരുന്നു ആദ്യം ആലപിച്ചതെങ്കിലും അത് പുറത്തിറങ്ങിയില്ല. 1945ല്‍ മുംബൈയിലേക്ക് പോകും മുമ്പു തന്നെ ഏതാനും ഗാനങ്ങള്‍ കൂടി മറാത്തി സിനിമകള്‍ക്കുവേണ്ടി ലത പാടിയിരുന്നു. മുംബൈയില്‍ ലത ഉസ്താദ് അമന്‍ അലി ഖാന്റെ ബെന്ദിബസാര്‍ ഘരാനയില്‍ ചേര്‍ന്ന് പരിശീലനം നേടി.

വിനായകാണ് ലതയെ സംഗീത സംവിധായകന്‍ വസന്ത് ദേശായിയെ പരിചയപ്പെടുത്തുന്നത്. 1948ല്‍ അദ്ദേഹം മരിച്ചു. തുടര്‍ന്ന് ഗുലാം ഹൈദറുടെ സംരക്ഷണയിലായി. അദ്ദേഹമാണ് ലതയെ സസാധര്‍ മുഖര്‍ജിക്ക് പരിചയപ്പെടുത്തിയത്. അദ്ദേഹം ഒരു സ്റ്റുഡിയോ സ്ഥാപിച്ച സമയമായിരുന്നു അത്.

ആദ്യ ഘട്ടത്തില്‍ ലതയെ സ്വീകരിക്കാന്‍ മുഖര്‍ജി തയ്യാറായിരുന്നില്ല. ലതയുടെ ശബ്ദം ആവശ്യത്തിലേറെ നേര്‍ത്തതായി അദ്ദേഹം കരുതി. ഇതറിഞ്ഞ ഗുലാം ഹൈദര്‍ പൊട്ടിത്തെറിച്ചെന്നാണ് ചരിത്രം. ലതക്കു മുന്നില്‍ സംഗീതസംവിധായകര്‍ കാത്തിരിക്കേണ്ടിവരുമെന്ന് അദ്ദേഹം പ്രവചിച്ചു. അത് പിന്നീട് സത്യമാവുകയും ചെയ്തു.

ഹൈദറാണ് ലതക്ക് ഒരു ബ്രേക്ക് നല്‍കുന്നത്, ഗായിക നൂര്‍ജഹാന്റെ അനുനാസിക ശബ്ദത്തെ അനുകരിച്ചുകൊണ്ടായിരുന്നു ആ ഗാനം പുറത്തുവന്നത്. ഏറെ താമസിയാതെ ലത തന്റെ സ്വന്തം ശബ്ദത്തിലേക്ക് വരികമാത്രമല്ല, ഹൈദറുടെ പ്രവചനം സത്യമായി ഭവിക്കുകയും ചെയ്തു.

1949ല്‍ പുറത്തിറങ്ങിയ മഹലിലെ 'ആയേഗ ആനേവാല' ഗ്രാമഫോണ്‍ റെക്കോര്‍ഡ് രംഗത്ത് തരംഗംമാത്രമല്ല, റെക്കോര്‍ഡും സൃഷ്ടിച്ചു. ഈ ഗാനമാലപിച്ച ഗായികയുടെ പേര് ആവശ്യപ്പെട്ടുകൊണ്ട് റേഡിയോ സിലോണിലേക്ക് ആയിരക്കണക്കിനു കത്തുകളാണ് വന്നതത്രെ. ആദ്യ റെക്കോര്‍ഡില്‍ ഗായികയുടെ പേരിനു പകരം ആ ഗാനം സിനിമയില്‍ ആലപിച്ച കഥാപാത്രത്തിന്റെ പേരാണ് നല്‍കിയിരുന്നത്, കാമിനി.

അതോടെ ലത സംഗീത ലോകത്തും ശ്രദ്ധപിടിച്ചുപറ്റാന്‍ തുടങ്ങി. പിന്നീട് ലതയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. പിന്നീടുള്ള ചരിത്രം ഇന്ത്യന്‍ പിന്നണിഗാനശാഖയുടെ ചരിത്രമാണ്.

Next Story

RELATED STORIES

Share it