Latest News

തദ്ദേശ തിരഞ്ഞെടുപ്പ്: പത്രികാ സമര്‍പ്പണം നാളെ മുതല്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പത്രികാ സമര്‍പ്പണം നാളെ മുതല്‍
X

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം നാളെ മുതല്‍ ആരംഭിക്കും. അടുത്ത വ്യാഴാഴ്ച വരെയാണ് പത്രിക നല്‍കാവുന്ന സമയം. നവംബര്‍ 19 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെയാണ് പത്രിക സ്വീകരിക്കുക. അതത് തദ്ദേശ സ്ഥാപനത്തിന്റെ വരണാധികാരിയുടെയോ ഉപ വരണാധികാരിയുടെയോ മുമ്പാകെയാണ് പത്രിക നല്‍കേണ്ടത്. സൂക്ഷ്മ പരിശോധന നവംബര്‍ 20ന് നടക്കും. 23 വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം.

നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സ്ഥാനാര്‍ത്ഥികള്‍ 2 എ ഫോമും പൂരിപ്പിച്ച് നല്‍കണം. ഓരോ ദിവസവും ലഭിക്കുന്ന നാമനിര്‍ദേശങ്ങളുടെ പട്ടികയോടൊപ്പം 2 എ ഫോമും വരണാധികാരികള്‍ പ്രസിദ്ധപ്പെടുത്തും. ഒരു തദ്ദേശസ്ഥാപനത്തില്‍ മല്‍സരിക്കുന്നയാള്‍ ആ സ്ഥാപനത്തിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടറായിരിക്കുകയും പത്രിക സമര്‍പ്പിക്കുന്ന തിയ്യതിയില്‍ 21 വയസ്സ് പൂര്‍ത്തിയാവുകയും വേണം. സ്ഥാനാര്‍ഥിയെ നാമനിര്‍ദേശം ചെയ്യുന്നയാള്‍ അതേ വാര്‍ഡിലെ വോട്ടര്‍ ആയിരിക്കണം.

സംവരണ വാര്‍ഡില്‍ മല്‍സരിക്കുന്നവര്‍ ആ സംവരണ വിഭാഗത്തില്‍പ്പെട്ട ആളായിരിക്കണം. പട്ടികജാതി പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ വില്ലേജ് ഓഫിസറില്‍ നിന്നുള്ള ജാതിസര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടതാണ്. സ്ഥാനാര്‍ഥികള്‍ക്ക് ഒരു സ്ഥാപനത്തിലെ ഒന്നിലധികം വാര്‍ഡുകളില്‍ മല്‍സരിക്കാന്‍ പാടില്ല. ത്രിതല പഞ്ചായത്തുകളില്‍ ഒന്നിലധികം തലങ്ങളില്‍ മല്‍സരിക്കുന്നതിന് തടസ്സമില്ല. പത്രികാ സമര്‍പ്പണത്തോടൊപ്പം സെക്യൂരിറ്റി നിക്ഷേപമായി ഗ്രാമപ്പഞ്ചായത്തിന് 1000 രൂപയും ബ്ലോക്ക് പഞ്ചായത്തിനും നഗരസഭയ്ക്കും 2000 രൂപയും ജില്ലാപഞ്ചായത്തിന് 3000 രൂപയുമാണ് അടയ്ക്കേണ്ടത്. പട്ടികജാതി പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പകുതി തുക നിക്ഷേപമായി നല്‍കിയാല്‍ മതി. ട്രഷറിയിലോ തദ്ദേശ സ്ഥാപനത്തിലോ ഒടുക്കിയ രസീതോ കാഷായോ നല്‍കാവുന്നതാണ്.

അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ്. അടുത്ത മാസം 8, 10, 14 തിയ്യതികളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫലപ്രഖ്യാപനം ഡിസംബര്‍ 16ന് നടക്കും. അന്തിമ വോട്ടര്‍പട്ടിക നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും പരാതികളുമായി രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പേര് ചേര്‍ക്കാന്‍ ഒരവസരം കൂടി നല്‍കി. പുതുതായി ചേര്‍ത്ത പേരുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഇനി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കില്ല. സംവരണ മണ്ഡലങ്ങളില്‍ മാറ്റം വരുത്തണമെന്ന് കോടതി നിര്‍ദേശിച്ച സ്ഥലങ്ങളില്‍ ഇന്ന് നറുക്കെടുപ്പ് നടക്കും. പാലാ, കോതമംഗലം, മലപ്പുറം നഗരസഭകളിലും 5 ഗ്രാമപ്പഞ്ചായത്തുകളിലും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലുമാണ് മാറ്റം നിര്‍ദേശിച്ചിരിക്കുന്നത്.

Local body elections: nomination submission from tomorrow

Next Story

RELATED STORIES

Share it