Latest News

സര്‍ക്കാര്‍ സഹായത്തിന് വിധവയോട് ഡെപ്യൂട്ടി തഹസില്‍ദാര്‍ കൈക്കൂലി ചോദിച്ചു; 50000രൂപ നഷ്ടപരിഹാരം നല്‍കാന്‍ ലോകായുക്ത ഉത്തരവ്

പ്രകൃതി ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട വിധവയോട് സര്‍ക്കാര്‍ ധനസഹായത്തിന് ഡെപ്യൂട്ടി തഹസില്‍ദാര്‍ കൈക്കൂലി ചോദിച്ചെന്ന പരാതിയിലാണ് വിധി

സര്‍ക്കാര്‍ സഹായത്തിന് വിധവയോട് ഡെപ്യൂട്ടി തഹസില്‍ദാര്‍ കൈക്കൂലി ചോദിച്ചു; 50000രൂപ നഷ്ടപരിഹാരം നല്‍കാന്‍ ലോകായുക്ത ഉത്തരവ്
X

തിരുവനന്തപുരം: പ്രകൃതി ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട വിധവയോട് സര്‍ക്കാര്‍ ധനസഹായത്തിന് ഡെപ്യൂട്ടി തഹസില്‍ദാര്‍ കൈക്കൂലി ചോദിച്ചെന്ന പരാതിയില്‍ പരാതിക്കാരിക്ക് നഷ്ടപരിഹാരമായി 50000 രൂപയും പലിശയും നല്‍കാന്‍ ലോകായുക്ത ഉത്തരവിട്ടു. നെടുമങ്ങാട് വെള്ളനാട് വില്ലേജില്‍ പുതുക്കുളങ്ങര വിളയില്‍ വീട്ടില്‍ ഓമനയാണ് പരാതിക്കാരി. 62 വയസായ പരാതിക്കാരിക്ക് കുട്ടികളില്ല. 84 വയസായ അമ്മയുടെ കൂടെ സ്വന്തം വിട്ടിലായിരുന്നു താമസം. 4/5/2014ല്‍ പ്രകൃതിക്ഷോഭത്തില്‍ വീട് ഭാഗികമായി തകര്‍ന്നു. സ്ഥലം സന്ദര്‍ശിച്ച വില്ലേജ് ഓഫിസര്‍ 15000 രൂപ നഷ്ടപരിഹാരം നിശ്ചയിച്ച് ഒരു റിപോര്‍ട്ട് കാട്ടാക്കട തഹസില്‍ദാര്‍ക്ക് സമര്‍പ്പിച്ചു. പിന്നീട് സ്ഥലം പരിശോധിച്ച ഡെപ്പ്യൂട്ടി തഹസില്‍ദാര്‍ തുക 3000 രൂപയായി കുറച്ചു. കൈക്കൂലി നല്കാന്‍ തയ്യാറാകാത്തതുകൊണ്ടാണ് തുക കുറച്ചതെന്നാണ് പരാതിക്കാരി ലോകായുക്തയില്‍ ഫയല്‍ ചെയ്ത കേസില്‍ ആരോപിച്ചത്. മൂന്ന് മാസത്തിന് ശേഷം വീട് പൂര്‍ണമായും തകര്‍ന്നു. പിന്നീട് ഒരു ചെറിയ ഓല ഷെഡിലാണ് പരാതിക്കാരിയും അമ്മയും താമസിച്ചത്. 2019 ല്‍ പരാതിക്കാരിയുടെ അമ്മ മരിച്ചു.

തഹസീല്‍ദാരെയും, അഡീഷനല്‍ തഹസീല്‍ദാരെയും, വെള്ളനാട് വില്ലേജ് ഓഫിസറെയും എതിര്‍ കക്ഷികളാക്കിയാണ് പരാതിക്കാരി ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്തത്. കേസില്‍ അന്വഷണം നടത്തിയ ലോകായുക്ത തഹസീല്‍ദാറുടെയും വില്ലേജ് ഓഫിസറുടെയും മനോഭാവത്തെ നിശിതമായി വിമര്‍ശിച്ചു. പരാതിക്കാരിക്ക് 50,000 രൂപയും പലിശയും നല്‍കാന്‍ റവന്യു സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.

6 ശതമാനം പലിശ 21/11/2017 മുതല്‍ നല്‍കാനാണ് നിര്‍ദ്ദേശം. തുക രണ്ട് മാസത്തിനുള്ളില്‍ നല്കിയില്ലെങ്കില്‍ 9 ശതമാനം പലിശ നല്കണം. റവന്യൂ സെക്രട്ടറിയുടെ നടപടി റിപോര്‍ട്ടിനായി കേസ് 20/05 ലേക്ക് മാറ്റി.

Next Story

RELATED STORIES

Share it