Latest News

കോണ്‍ഗ്രസ് മുക്ത ഭാരതം മോദിയുടെ ലക്ഷ്യമെങ്കില്‍ കോണ്‍ഗ്രസ് മുക്ത കേരളം പിണറായിയുടെ ലക്ഷ്യം: എം എം ഹസ്സന്‍

സിപിഎമ്മും ബിജെപിയും ഹിംസയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമാണ് പിന്തുടരുന്നത്. സംഘികളും സഖാക്കളും തമ്മില്‍ ധാരണയോട് കൂടിയാണ് കേരളത്തില്‍ യുഡിഎഫിനെ നേരിടുന്നതെന്നും എം എം ഹസ്സന്‍ പറഞ്ഞു.

കോണ്‍ഗ്രസ് മുക്ത ഭാരതം മോദിയുടെ ലക്ഷ്യമെങ്കില്‍ കോണ്‍ഗ്രസ് മുക്ത കേരളം പിണറായിയുടെ ലക്ഷ്യം: എം എം ഹസ്സന്‍
X

കണ്ണൂര്‍: കോണ്‍ഗ്രസ് മുക്ത ഭാരതം ആണ് മോദിയുടെ ലക്ഷ്യമെങ്കില്‍ കോണ്‍ഗ്രസ് മുക്ത കേരളമാണ് പിണറായിയുടെ ലക്ഷ്യം. സിപിഎമ്മും ബിജെപിയും ഹിംസയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമാണ് പിന്തുടരുന്നത്. സംഘികളും സഖാക്കളും തമ്മില്‍ ധാരണയോട് കൂടിയാണ് കേരളത്തില്‍ യുഡിഎഫിനെ നേരിടുന്നതെന്നും എം എം ഹസ്സന്‍ പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ കൊലയാളികളില്‍ നിന്നും കേന്ദ്രത്തിലെ കൊള്ളക്കാരില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് ഹസ്സന്‍ അഭ്യര്‍ത്ഥിച്ചു. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാറിന്റെ ജനദ്രോഹ നടപടികളെ എതിര്‍ക്കാനോ, കഴിഞ്ഞകാലങ്ങളിലേതുപോലെ കേന്ദ്ര വിരുദ്ധ സമരം നടത്താനോ സിപിഎം തയ്യാറാവാത്തതിന് പിന്നിലുള്ള രഹസ്യം ബിജെപി സിപിഎം രഹസ്യബന്ധമാണ്.

ബോഫേഴ്‌സ് തോക്കിടപാടിനെതിരേ ഉറഞ്ഞുതുള്ളിയ സിപിഎം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി ആയ റാഫേല്‍ യുദ്ധവിമാന അഴിമതിക്കെതിരേ ഒരക്ഷരം പോലും പറഞ്ഞിട്ടില്ല. ലാവ്‌ലിന്‍ കേസില്‍ സിബിഐയുടെ സഹായത്തിനു വേണ്ടിയല്ലേ റഫാല്‍ അഴിമതിയെ സിപിഎം എതിര്‍ക്കാത്തതെന്ന് ഹസ്സന്‍ ചോദിച്ചു.

സിപിഎമ്മിന്റെ കപട ബിജെപി വിരോധം ന്യൂനപക്ഷത്തിന്റെ വോട്ടിന് വേണ്ടി മാത്രമുള്ളതാണ്. കണ്ണൂരില്‍ എത്ര മുസ്‌ലിം യുവാക്കളെയാണ് സിപിഎം കൊല ചെയ്തത്. ശുഹൈബിനെയും ഷുക്കൂറിനെയും ഫസലിനെയും തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയ സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രേമം കാപട്യമാണെന്നും ഹസന്‍ പറഞ്ഞു.

മോദിയുടെ ഫാസിസ്റ്റ് ഭരണത്തിനും പിണറായിയുടെ കൊലയാളി ഭരണത്തിനുമെതിരേയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നത്.സംഘികളും സഖാക്കളും കൈപ്പത്തിയെ പരാജയപ്പെടുത്താന്‍ കൈകോര്‍ത്ത് പിടിക്കുമ്പോള്‍ രാഹുല്‍ഗാന്ധി കേരളത്തില്‍ മല്‍സരിക്കുന്നതില്‍ അല്‍ഭുതപ്പെടാനില്ലെന്നും ഹസ്സന്‍ ഓര്‍മ്മിപ്പിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഹസ്സനോടൊപ്പം ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്, ബിജു ഉമ്മര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Next Story

RELATED STORIES

Share it