Latest News

മാള കെ കരുണാകരന്‍ സ്‌പോര്‍ട്‌സ് അക്കാദമി: അവഗണനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

മാള കെ കരുണാകരന്‍ സ്‌പോര്‍ട്‌സ് അക്കാദമി: അവഗണനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
X

മാള: മാളയുടെ കായിക സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷയേകിയ കെ കരുണാകരന്‍ സ്‌പോര്‍ട്‌സ് അക്കാദമിയോടുള്ള സര്‍ക്കാര്‍ അവഗണനെക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മൂന്ന് കോടിയോളം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കെ കരുണാകരന്‍ സ്മാരക സ്‌പോര്‍ട്‌സ് അക്കാദമി നിലനിര്‍ത്താന്‍ യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്തതിനെതിരെ ജനരോഷം ശക്തമാകുകയാണ്.

അക്കാദമി ഇപ്പോള്‍ തെരുവ് നായ്ക്കളുടേയും സാമൂഹ്യവിരുദ്ധരുടെയും വിഹാര കേന്ദ്രമായി മാറിയിരിക്കുന്നു. ആധുനിക സ്‌പോര്‍ട്‌സ് അക്കാദമി നിര്‍മിച്ചിരിക്കുന്നത് യഹൂദ സെമിത്തേരിയിലാണ്. സെമിത്തേരിയില്‍ സ്‌പോട്‌സ് അക്കാദമി നിര്‍മ്മിച്ചത് അനധികൃതമായിട്ടാണെന്ന നിലപാടിനെ പിന്തുണക്കുന്ന ഇടത് ഭരണ സമിതിയാണ് ഇപ്പോള്‍ മാള ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത്. ഇതും സ്‌പോര്‍ട്‌സ് അക്കാദമി നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് തടസമായി മാറിയിരിക്കുകയാണ്.

കൂടാതെ ജൂത സെമിത്തേരിയിലെ അനധികൃത നിര്‍മ്മാണം പൊളിച്ച് നീക്കണമെന്ന നിലപാടുള്ളവരും ഉണ്ട്. മാളയിലെ പൈതൃക സംരക്ഷണ സമിതി സെമിത്തേരിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ രംഗത്തുണ്ട്. പൈതൃക സംരക്ഷണ സമിതിയാണ് കേസ് കൊടുത്ത് സ്‌പോര്‍ട്‌സ് അക്കാദമി നിര്‍മ്മാണം തടസ്സപ്പെടുത്തിയതെന്ന ആക്ഷേപവും ഉണ്ട്.

സ്‌പോര്‍ട്‌സ് അക്കാദമി പൈതൃക മ്യൂസിയമാക്കിമാറ്റണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവുണ്ടെന്നും പറയപ്പെടുന്നു. സ്‌റ്റേഡിയത്തില്‍ വിരിക്കാനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിദേശത്ത് നിന്നെത്തിച്ച കൃത്രിമപുല്ലും അനുബന്ധ വസ്തുക്കളും നാശോന്‍മുഖമായിരിക്കുന്നു. സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഫുട്‌ബോള്‍ കോര്‍ട്ടില്‍ വിരിക്കാനായി ഫിന്‍ലന്‍ഡില്‍ നിന്നുമെത്തിച്ച കൃത്രിമപുല്ലും പുല്ലിനടിയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാകേണ്ടതായ റബ്ബര്‍ പെല്ലറ്റും പശയുമടങ്ങിയ വസ്തുക്കളാണ് നശിക്കുന്നത്. 60 ലക്ഷം രൂപ ചെലവഴിച്ച് എത്തിച്ച ഇവയെല്ലാം സ്‌റ്റേഡിയത്തിനകത്തുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഇവ പാകുന്നതിനോ ഫുട്‌ബോള്‍ കോര്‍ട്ടടക്കമുള്ള സിന്തറ്റിക്ക് ട്രാക്ക് പ്രവര്‍ത്തന സഞ്ജമാക്കുന്നതിനോ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നീക്കവുമുണ്ടായില്ല.

3.535 മീറ്റര്‍ വീതിയും 400 മീറ്റര്‍ നീളവുമുള്ള 15 റോള്‍ കൃത്രിമപുല്ലിന്റെ ഷീറ്റുകളാണ് ഇറക്കുമതി ചെയ്തത്. ഇവ സൂക്ഷിച്ചിരിക്കുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ ഷട്ടറിന്റെ പൂട്ടും സ്‌റ്റേഡിയത്തിനകത്തെ ശുചിമുറിയുടേയും ഓഫിസിന്റെയും പൂട്ടുകളും സാമൂഹ്യ വിരുദ്ധരാല്‍ തകര്‍ക്കപ്പെട്ട സ്ഥിതിയിലാണ്.

എസ്ഡിപിഐ മാള പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 27ന് അക്കാദമിയോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാളയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സ്‌റ്റേഡിയത്തില്‍ പ്രതീകാത്മക ഫുട്‌ബോള്‍ മത്സരവും സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it