Latest News

മാള പോലിസ് സ്‌റ്റേഷനില്‍ പരാതികള്‍ കേള്‍ക്കാനും തീര്‍പ്പാക്കാനും ഉദ്യോഗസ്ഥരില്ലെന്ന് പരാതി

മാള പോലിസ് സ്‌റ്റേഷനില്‍ പരാതികള്‍ കേള്‍ക്കാനും തീര്‍പ്പാക്കാനും ഉദ്യോഗസ്ഥരില്ലെന്ന് പരാതി
X

മാള: മാളയിലെ പോലിസ് സ്‌റ്റേഷനില്‍ പരാതികള്‍ കേള്‍ക്കാനും തീര്‍പ്പാക്കാനും അഡീഷണല്‍ എസ്‌ഐമാര്‍ ഇല്ലെന്ന് പരാതി. സ്്‌റ്റേഷനില്‍ ഉണ്ടായിരുന്ന മൂന്ന് അഡീഷണല്‍ എസ്‌ഐമാരില്‍ രണ്ടുപേര്‍ ഒന്നര മാസം മുമ്പ് സ്ഥലം മാറിപ്പോയി. ബാക്കിയുണ്ടായിരുന്ന ഒരാള്‍ ഏതാനും ദിവസം മുന്‍പ് വിരമിച്ചു. ആകെയുള്ള നാലു പേരില്‍ ഒരാള്‍ ഒന്നിടവിട്ട മാസം ഹൈവേ സേവനങ്ങള്‍ക്കായി പോകുമ്പോള്‍ പരാതികള്‍ തീര്‍പ്പാക്കാനും കേസെടുക്കാനും നടപടികള്‍ക്കുമായി സ്‌റ്റേഷനില്‍ ശേഷിക്കുന്നത് എസ്എച്ച്ഒയും പ്രിന്‍സിപ്പല്‍ എസ്‌ഐയും മാത്രം.

ഇവരിരുവരും യോഗങ്ങള്‍ക്കും മറ്റുമായി പുറത്തുപോകുമ്പോള്‍ പരാതിക്കാര്‍ സ്‌റ്റേഷനില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. അസ്വാഭാവികമായും അപകടത്തിലുമുണ്ടാകുന്ന മരണങ്ങളും മൊഴിയെടുക്കലുമായി ഇവര്‍ ദൂരെ ആശുപത്രികളിലും മറ്റും പോകേണ്ടി വരുമ്പോള്‍ പരാതിക്കാര്‍ ഒരു ദിവസം മുഴുവന്‍ കാത്തിരിക്കേണ്ടിവരും.

1954ല്‍ തുടങ്ങിയ പോലിസ് സ്‌റ്റേഷനിലെ അംഗബലത്തില്‍ വലിയ മാറ്റം ഉണ്ടായിട്ടില്ലെങ്കിലും ഇപ്പോള്‍ എസ്‌ഐ തസ്തികകളില്‍ സ്ഥിരമായി പ്രിന്‍സിപ്പല്‍ എസ്‌ഐ മാത്രമാണുള്ളത്. പെറ്റി കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായാല്‍ കേള്‍ക്കേണ്ടിവരുന്ന പഴി ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ പരാതിക്കാരെ പരിഗണിക്കാനാകാതെ വരും. അതുകൊണ്ടുതന്നെ എല്ലാ ദിവസവും പരാതിക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

മാള, പൊയ്യ, പുത്തന്‍ചിറ, കുഴൂര്‍, അന്നമനട ഗ്രാമപഞ്ചായത്തുകളും കാടുകുറ്റി ഗ്രാമപഞ്ചായത്തിന്റെ ഒരു ഭാഗവും മാള സ്‌റ്റേഷന്റെ ചുമതലാ പരിധിയിലാണ്. പ്രതിമാസം ശരാശരി 140ഓളം കേസുകളുള്ളതില്‍ 10 എണ്ണത്തോളം ക്രിമിനല്‍ സ്വഭാവമുള്ളതാണ്. പരാതികള്‍ കേള്‍ക്കാനും തീര്‍പ്പാക്കാനും ക്രമസമാധാന പരിപാലനത്തിനും അന്വേഷണങ്ങള്‍ക്കും അതിനിടയില്‍ ഇന്‍ക്വസ്റ്റും കോടതിയും എല്ലാത്തിനുമായി എസ്എച്ച്ഒയും പ്രിന്‍സിപ്പല്‍ എസ്‌ഐയും മാത്രമാണ് മാള പോലിസ് സ്‌റ്റേഷനില്‍ സ്ഥിരമായുള്ളത്. മതിയായ പോലിസ് ഉദ്യോഗസ്ഥരെ ഇവിടേക്ക് പോസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം.

Next Story

RELATED STORIES

Share it