Latest News

പശ്ചിമ ബംഗാളിൽ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം; 5 മരണം, 25 പേര്‍ക്ക് പരിക്ക്

പശ്ചിമ ബംഗാളിൽ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം; 5 മരണം, 25 പേര്‍ക്ക് പരിക്ക്
X

കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. ഗുഡ്‌സ് ട്രെയിന്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കൂട്ടിയിടിയില്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റി.

അപകടത്തില്‍ 5 പേര്‍ മരിച്ചതായി ഡാര്‍ജിലിംഗ് എസ് പി സ്ഥിരീകരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റുവെന്നും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവര്‍ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജിലാണ് ചികിത്സയിലുള്ളത്.

പോലിസും ദുരന്ത നിവാരണ സേനയും സ്ഥലത്തേക്ക് പുറപ്പെട്ടെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. അപകടത്തെതുടര്‍ന്ന് മൂന്ന് ബോഗികള്‍ക്കിടയിലായി നിരവധി പേര്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ട്രെയിനിന്റെ മൂന്ന് ബോഗികളാണ് പാളം തെറ്റിയതെന്ന് പോലിസ് പറഞ്ഞു.

പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലാണ് അപകടമുണ്ടായത്. ദേശീയ ദുരന്ത നിവാരണ സേനയും 15 ആംബുലന്‍സുകളും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

സീല്‍ദയിലേക്ക് പോകുകയായിരുന്ന കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ട്രെയിനിന്റെ പിന്നിലേക്ക് ഗുഡ്‌സ് ട്രെയിന്‍ ഇടിച്ചു കയറുകയായിരുന്നു. എക്‌സ്പ്രസ് ട്രെയിനിന്റെ പിന്നില്‍ രണ്ട് പാര്‍സല്‍ ബോഗികള്‍ ഉണ്ട്. ഇത് ഉള്‍പ്പെടെയാണ് ഇടിയുടെ ആഘാതത്തില്‍ പാളത്തില്‍ നിന്നും നീങ്ങിയത്. ഗുഡ്‌സ് ട്രെയിന്‍ സിഗ്‌നല്‍ തെറ്റിച്ച് പോയെന്നും ഇതാണ് അപകടത്തിനിടയാക്കിയതെന്നുമാണ് റെയില്‍വെയുടെ വിശദീകരണം. കാഞ്ചന്‍ജംഗ എക്‌സ്പ്രസിന്റെ മറ്റു ബോഗികളിലുണ്ടായിരുന്നവരെ സുരക്ഷിതമായി മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് പുറപ്പെട്ടു.ഇതിനിടെ അപകടത്തിലെ വിവരങ്ങള്‍ അറിയുന്നതിനായി കണ്‍ട്രോള്‍ റൂമുകളും ആരംഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it