Latest News

പിന്നാക്ക സംവരണം 42 ശതമാനമാക്കുന്ന ബില്ല് തെലങ്കാന പാസാക്കി

പിന്നാക്ക സംവരണം 42 ശതമാനമാക്കുന്ന ബില്ല് തെലങ്കാന പാസാക്കി
X

ഹൈദരാബാദ്: ജാതി സെന്‍സസ് നടത്തിയതിന് പിന്നാലെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് 42 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന ബില്ല് തെലങ്കാന നിയമസഭ പാസാക്കി. വിദ്യഭ്യാസം, തൊഴില്‍ എന്നിവയിലാണ് സംവരണം നല്‍കേണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് 42 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന മറ്റൊരു ബില്ലും പാസായിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂള്‍ ഭേദഗതി ചെയ്താല്‍ ഇവ നടപ്പാവും. തെലങ്കാനയിലെ ജനസംഖ്യയുടെ 56.33 ശതമാനം പിന്നാക്ക വിഭാഗക്കാരാണെന്നാണ് സെന്‍സസില്‍ കണ്ടെത്തിയത്. ജനസംഖ്യയുടെ 12.56 ശതമാനമാണ് മുസ്‌ലിംകള്‍. ഇതില്‍ ഭൂരിഭാഗവും പിന്നാക്കക്കാരാണ്. ബില്ലിനെ പ്രതിപക്ഷ കക്ഷികളായ ബിജെപിയും ഭാരത് രാഷ്ട്ര സമിതിയും പിന്താങ്ങി.

പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള സംവരണം 42 ശതമാനമാക്കി ഉയര്‍ത്തുമെന്ന് രാഹുല്‍ഗാന്ധി വാക്ക് പറഞ്ഞതാണെന്നും അതാണ് നടപ്പാക്കിയതെന്നും തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി പറഞ്ഞു. പിന്നാക്ക സംവരണം 37 ശതമാനമാക്കി ഉയര്‍ത്തണമെന്നായിരുന്നു മുന്‍ സര്‍ക്കാരിന്റെ നിലപാടെന്നും അത് പിന്‍വലിച്ചാണ് പുതിയ ബില്ല് കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ ബില്ല് നിയമമായാല്‍ സംസ്ഥാനത്തെ മൊത്തം സംവരണം 63 ശതമാനമാവും. സംവരണം 50 ശതമാനം കടക്കരുതെന്നാണ് സുപ്രിംകോടതി നിര്‍ദേശം. എന്നാല്‍, തമിഴ്‌നാട്ടില്‍ നിലവില്‍ തന്നെ സംവരണം 50 ശതമാനം കടന്നിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂള്‍ ഭേദഗതി ചെയ്താല്‍ ഒരു തടസവുമില്ലാതെ പുതിയ സംവരണം നടപ്പാക്കാന്‍ സാധിക്കും.

Next Story

RELATED STORIES

Share it