Latest News

കച്ചവടക്കാരും കൊവിഡ്കാല പ്രതിസന്ധിയും

കച്ചവടക്കാരും കൊവിഡ്കാല പ്രതിസന്ധിയും
X

കൊവിഡ് മഹാമാരി കേരളത്തെ മാത്രമല്ല ലോകജനതയെ ആകെ തകര്‍ത്തിട്ടുണ്ട്. ഒരു ഭാഗത്ത് അത് സര്‍ക്കാരുകളെ പാപ്പരാക്കിയപ്പോള്‍ മറുഭാഗത്ത് ജനങ്ങളെ പൂര്‍ണമായി ദരിദ്രരാക്കി. തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍, വിളവ് നഷ്ടപ്പെട്ട കര്‍ഷകര്‍, കച്ചവടസ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടിവന്ന കച്ചവടക്കാര്‍ എന്നുവേണ്ട എല്ലാ വിഭാഗങ്ങളെയും എല്ലാ വര്‍ഗങ്ങളെയും ഇത് ബാധിച്ചു.

ഒരു വര്‍ഷം കൊണ്ട് തീരുമെന്ന് കരുതിയിരുന്ന രോഗബാധ രണ്ട് വര്‍ഷവും കഴിഞ്ഞ് നീളുകയാണ്. അതിനിയും നീണ്ടെക്കുമെന്ന ഭീഷണിയുമായിക്കഴിഞ്ഞിട്ടുണ്ട്.

കൊവിഡിനെ നേരിടുന്നതിനെ സംബന്ധിച്ച് രാജ്യത്താകമാനം വലിയ ആശയക്കുഴപ്പം രൂപപ്പെട്ടിട്ടുണ്ട്. ഒന്നാം ലോക്ക് ഡൗണ്‍ കാലത്ത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പോലിസിനെ ഉപയോഗിച്ച് രോഗവ്യാപന നിയന്ത്രണത്തിനു ശ്രമിച്ചെങ്കിലും കൊവിഡ് വ്യാപനം വര്‍ധിച്ചുതന്നെ നിന്നു. സര്‍ക്കാരുകള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ നടപ്പാക്കാനുള്ള അവസരമായി അതിനെ കണ്ടതോടെ വലിയ മനുഷ്യാവകാശപ്രശ്‌നമായും ലോക്ക് ഡൗണ്‍ നടപടികള്‍ മാറി.

ഇപ്പോള്‍ നാം രണ്ടാം തരംഗത്തിലൂടെയാണ് കടന്നുപോകുന്നത്. മറ്റൊരു തരംഗം കൂടി അണിയറയിലുണ്ടെന്നാണ് കേള്‍വി. അതുകൂടി കഴിയുന്നതോടെ രാജ്യം മാത്രമല്ല, ജനങ്ങളും പാപ്പരാകും. ഈ സാഹചര്യത്തിലാണ് കച്ചവടസ്ഥാപനങ്ങള്‍ തുറക്കണമെന്ന കേരളത്തിലെ വ്യാപാരികളുടെ ആവശ്യങ്ങള്‍ പരിഗണിക്കേണ്ടത്.

കൊവിഡ് കാലത്ത് കച്ചവടസ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയ പല വ്യാപാരികളുടെയും അവസ്ഥ ദയനീയമായിട്ടുണ്ട്. സാധനങ്ങള്‍ കെട്ടിക്കെടുന്നു. കച്ചവടമില്ലാതെ അടച്ചിട്ട കച്ചവടസ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഫീസും വാടകയും നല്‍കേണ്ടിവരുന്നു. മുടങ്ങിയ ബാങ്ക് വായ്പ- ഇങ്ങനെ കച്ചവടക്കാരുടെ നഷ്ടങ്ങള്‍ പെരുകുകയാണ്. ഈ സാഹചര്യത്തിലാണ് സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കച്ചവടക്കാര്‍ രംഗത്തെത്തിയത്.

കച്ചവടക്കാരുടെ ആവശ്യങ്ങളോട് പ്രതികരിച്ച മുഖ്യമന്ത്രിയാകട്ടെ തെരുവുഗുണ്ടകളെ അനുസ്മരിക്കത്തക്കവിധമാണ് പെരുമാറിയത്. ഒരു സാമൂഹികപ്രശ്‌നത്തോട് പോലിസ് ഭാഷയില്‍ സംസാരിക്കാന്‍ ഒരുങ്ങുന്നതുതന്നെ കൊറോണ കാലം നല്‍കിയ അധിരത്തിന്റെ ആ്തമവിശ്വാസമായി മാത്രമേ കാണാനാവൂ.

അതേസമയം കൂടുതല്‍ കച്ചവടക്കാര്‍ കട തുറക്കുകയും സാധാരണ നിലയിലേക്ക് ജനജീവിതം മാറുകയും ചെയ്യുന്നതോടെ കൊവിഡ് വ്യാപനം വര്‍ധിച്ചേക്കുമെന്ന ഭീതി സര്‍ക്കാരിനുണ്ട്. അത് അന്യായമായ കാര്യവുമല്ല. നാളെ കൊവിഡ് രോഗികളെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞാല്‍ നാം തന്നെ ചോദിക്കാന്‍ പോകുന്നത് സര്‍ക്കാരിനോടാണ്. പൗരന്റെ കടമയും അതാണല്ലോ.

കച്ചവടക്കാരുടെ ആവശ്യത്തിനും സര്‍ക്കാരിന്റെ ന്യായമായ ഭീതിക്കുമിടയില്‍ ഒരു സമവായം കണ്ടെത്തി മാത്രമേ ഇത് പരിഹരിക്കാനാവൂ. അതാണ് കോടതിയും സൂചിപ്പിച്ചത്.

ഇന്ന് വൈകീട്ട് സര്‍ക്കാരും കര്‍ഷകരും ചര്‍ച്ച നടത്തുന്നുണ്ട്. കച്ചവടക്കാരുടെ ആവശ്യം ന്യായമാണെന്ന തിരിച്ചിറിവോടെ അവരുടെ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ ഒരു ഇടനിലയില്‍ നാമെത്തണം. അതിന് കാരുണ്യത്തോടെയും കരുതലോടെയുമുള്ള സമീപനം ഇരുഭാഗത്തുനിന്നുമുണ്ടാകണം. അത്തരമൊരു മനസ്സും സമീപനവും രണ്ട് ഭാഗത്തുനിന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

Next Story

RELATED STORIES

Share it