Football

ബാലണ്‍ ഡിയോര്‍ എട്ടാം തവണയും സ്വന്തമാക്കി മെസ്സി

ബാലണ്‍ ഡിയോര്‍ എട്ടാം തവണയും സ്വന്തമാക്കി മെസ്സി
X

പാരിസ്: 2023 ബാലണ്‍ഡിയോര്‍ പുരസ്‌കാരം അര്‍ജന്റെന്‍ ഇതിഹാസ താരം ലയണല്‍ മെസിക്ക്. ഇത് എട്ടാം തവണയാണ് മെസിയെ തേടി ചരിത്ര ബഹുമതിയെത്തുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാളണ്ട് ഇത്തവണ മെസിക്ക് വലിയ ഭീഷണി ഉയര്‍ത്തിയിരുന്നെങ്കിലും പുരസ്‌കാരം മെസിയിലേക്കെത്തുകയായിരുന്നു. പുരസ്‌കാരം സ്വന്തമാക്കുന്ന പ്രായം കൂടിയ താരമെന്ന റെക്കോഡും മെസ്സി സ്വന്തമാക്കി. 36ാം വയസിലാണ് മെസിയുടെ ഈ നേട്ടം. നിലവില്‍ അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കൊപ്പമാണ് മെസിയുള്ളത്.അര്‍ജന്റീനയെ അവസാന ലോകകപ്പില്‍ കിരീടത്തിലേക്കെത്തിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു. അര്‍ജന്റീനയുടെ നായകനായി മെസിയായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ സീസണില്‍ 41 ഗോളും 26 അസിസ്റ്റുമാണ് മെസി സ്വന്തമാക്കിയത്. മെസിയ്ക്കൊപ്പം നില്‍ക്കുന്ന പ്രകടനം ഹാളണ്ടും കാഴ്ചവെച്ചിരുന്നതിനാല്‍ ഇത്തവണ പുരസ്‌കാരം ആര് നേടുമെന്നതില്‍ വലിയ ആകാംക്ഷയുണ്ടായിരുന്നു. എന്നാല്‍ പുരസ്‌കാര നിറവിലേക്ക് മെസി എത്തുകയായിരുന്നു.

2009, 2010, 2011, 2012, 2015, 2019, 2021 വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് മെസി ഈ നേട്ടത്തിലേക്കെത്തിയത്. അവസാന സീസണില്‍ പിഎസ്ജിക്കൊപ്പം ഫ്രഞ്ച് ലീഗ് കിരീടം നേടാനും ഇന്റര്‍ മയാമിക്കൊപ്പം ലീഗ്സ് കപ്പ് നേടാനും മെസിക്കായിരുന്നു. അവസാന ഫിഫ ദി ബെസ്റ്റ് പുരസ്‌കാരവും മെസിക്കായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കാള്‍ താന്‍ എന്നും മുന്നിലാണെന്ന് തെളിയിച്ചുകൊണ്ടാണ് വീണ്ടും മെസി ബാലണ്‍ ഡിയോര്‍ സ്വന്തമാക്കിയിരിക്കുന്നത്. അഞ്ച് തവണയാണ് റൊണാള്‍ഡോ ബാലണ്‍ ദ്യോര്‍ നേടിയത്.

52 ഗോളുകളാണ് അവസാന സീസണില്‍ ഹാളണ്ട് നേടിയത്. മെസിയെക്കാള്‍ കൂടുതല്‍ ഗോള്‍ നേടിയെങ്കിലും വോട്ടിങ്ങില്‍ ഹാളണ്ട് രണ്ടാം സ്ഥാനത്താണെത്തിയത്. മികച്ച സ്ട്രൈക്കറിനുള്ള ജെര്‍ഡ് മുള്ളര്‍ ട്രോഫി ഹാളണ്ടിന് ലഭിച്ചു. മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം സ്പെയിന്റെ ഐതാന ബോണ്‍മാറ്റിയാണ് സ്വന്തമാക്കിയത്. ബാഴ്സലോണയിലും സ്പാനിഷ് ടീമിലും നടത്തിയ മികച്ച പ്രകടനമാണ് ഐതാനയെ പുരസ്‌കാര നിറവിലേക്കെത്തിച്ചത്.

25കാരിയായ താരം ബാഴ്സയെ ലീഗ് കിരീടവും ചാമ്പ്യന്‍സ് ട്രോഫിയും നേടാന്‍ സഹായിക്കുകയും സ്പാനിഷ് ടീമിനെ ലോകകപ്പില്‍ ചരിത്ര നേട്ടത്തിലേക്കെത്തിക്കുകയും ചെയ്തു. ഈ വര്‍ഷത്തെ യുവേഫയുടെ മികച്ച വനിതാ താരമായതും ഐതാനയായിരുന്നു.

പുരുഷന്മാരിലെ മികച്ച അണ്ടര്‍ 21 താരത്തിനുള്ള പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ഹാം സ്വന്തമാക്കി. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റീനയുടെ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസും സ്വന്തമാക്കി. ലോകകപ്പ് കിരീടം അര്‍ജന്റീനക്ക് നേടിക്കൊടുക്കുന്നതില്‍ താരം നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു.

ആസ്റ്റണ്‍ വില്ല ക്ലബ്ബിനൊപ്പമാണ് നിലവില്‍ മാര്‍ട്ടിനെസ്. മികച്ച ക്ലബ്ബിനുള്ള പുരസ്‌കാരം പുരുഷന്മാരില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും വനിതകളില്‍ ബാഴ്സലോണയും സ്വന്തമാക്കി. സോക്രട്ടീസ് പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയര്‍ സ്വന്തമാക്കി.


Next Story

RELATED STORIES

Share it