Latest News

കൂലിയില്ല, ഭക്ഷണവുമില്ല; നടന്നു പോകാനൊരുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് രാജസ്ഥാനില്‍ കമ്പനി ഉടമകളുടെ മര്‍ദ്ദനം

കൂലിയില്ല, ഭക്ഷണവുമില്ല; നടന്നു പോകാനൊരുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് രാജസ്ഥാനില്‍ കമ്പനി ഉടമകളുടെ മര്‍ദ്ദനം
X

ജയ്പൂര്‍: ലോക്ക് ഡൗണ്‍ നീണ്ടപ്പോള്‍ നടന്നുപോകാന്‍ തുടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളെ കമ്പനി ഗുണ്ടകളും കോണ്‍ട്രാക്റ്റര്‍മാരും ചേര്‍ന്ന് മര്‍ദ്ദിച്ചു. തങ്ങളെ മര്‍ദ്ദിച്ചവര്‍ക്കെതിരേ തൊഴിലാളികള്‍ പോലിസില്‍ പരാതി നല്‍കി. രാജസ്ഥാനിലെ നീമ്‌റാനയില്‍ എച്ച്എന്‍വി കമ്പനിയിലെ തൊഴിലാളികളെയാണ് കമ്പനി ഗുണ്ടകള്‍ കൂട്ടംചേര്‍ന്ന് മര്‍ദ്ദിച്ചത്.

ലോക്ക് ഡൗണ്‍ തുടങ്ങിയ മാര്‍ച്ച് മാസത്തിലെ 9 ദിവസത്തെ കൂലിയാണ് ഇതുവരെ തൊഴിലാളികള്‍ക്ക് ലഭിച്ചത്. ആ പണം കൊണ്ട് അവര്‍ ലോക്ക് ഡൗണ്‍ കാലം തള്ളിനീക്കി. ലോക്ക് നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയതോടെ മെയ് 4 മുതല്‍ കമ്പനി തുറന്നു. ഏതാനും തൊഴിലാളികളെ അവര്‍ ജോലിക്കെടുത്തു. പക്ഷേ, തൊഴിലാളികള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍ മാസത്തെ ശമ്പളത്തെ കുറിച്ച് ഒരു ഉറപ്പും ലഭിച്ചില്ല. ഭക്ഷണം കഴിക്കാനില്ലാതാപ്പോള്‍ റേഷനുവേണ്ടി അവര്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. അതോടെ തൊഴിലാളികള്‍ നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു.


സ്വന്തം നാട്ടിലേക്ക് പോകുന്നവര്‍ക്ക് വേണ്ടിയുള്ള സര്‍ക്കാരിന്റെ ഇ മിത്ര പോര്‍ട്ടലില്‍ അവര്‍ പേര് രജിസ്റ്റര്‍ ചെയ്തു. പക്ഷേ, മറുപടി കിട്ടിയില്ല. എല്ലാ വഴിയും അടഞ്ഞതോടെ അവര്‍ നടന്നുപോകാന്‍ തീരുമാനിച്ചു. മെയ് 12ന് രാവിലെ നടപ്പ് തുടങ്ങി. 30 കിലോമീറ്റര്‍ പിന്നിട്ടതോടെ രാത്രിയായി.

ആ സമയത്തൊക്കെ അവര്‍ക്ക് കോണ്‍ട്രാക്റ്ററുടെ വിളി മൊബൈലിലേക്ക് വന്നിരുന്നു. അവര്‍ എടുത്തില്ല. ഒടുവില്‍ ഒരാള്‍ ഫോണ്‍ എടുത്തു. തിരിച്ചുവരാന്‍ കോണ്‍ട്രാക്ടര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ സമ്മതിച്ചില്ല. ഒടുവില്‍ താന്‍ തൊഴിലാളികളടെ അടുത്തേക്ക് വരാമെന്നും ജാര്‍ഖണ്ഡിലേക്കുളള വഴി കാണിക്കാമെന്നും പറഞ്ഞ് തൊഴിലാളികള്‍ ഇപ്പോള്‍ എവിടെയാണെന്ന് പറയാന്‍ അയാള്‍ അപേക്ഷിച്ചു. ഒടുവില്‍ തൊഴിലാളികള്‍ സ്ഥലം പറഞ്ഞു.

പിന്നെ വന്നത് പോലിസാണ്. അവര്‍ തൊഴിലാളികളെ തല്ലിച്ചതച്ച് കമ്പനിയില്‍ തിരിച്ചെത്തിച്ചു. കമ്പനിയിലെത്തിയ ശേഷവും അവരെ ഗുണ്ടകള്‍ മര്‍ദ്ദിച്ചുവെന്നാണ് തൊഴിലാളികള്‍ പറയുന്നത്. മെയ് പതിനഞ്ചിന് നീമ്‌റാന പോലിസ് സ്റ്റേഷനില്‍ തൊഴിലാളികള്‍ പരാതി നല്‍കിയിട്ടുണ്ട്. പലര്‍ക്കും തലയിലും മറ്റും പരിക്കുകളുണ്ട്.

Next Story

RELATED STORIES

Share it