Latest News

യുവാക്കളെ തൊഴില്‍ രഹിതരായി നിലനിര്‍ത്തുകയാണ് മോദി സര്‍ക്കാരിന്റെ ഏക ദൗത്യം: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

യുവാക്കളെ തൊഴില്‍ രഹിതരായി നിലനിര്‍ത്തുകയാണ് മോദി സര്‍ക്കാരിന്റെ ഏക ദൗത്യം: മല്ലികാര്‍ജുന്‍  ഖാര്‍ഗെ
X

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്നുവെന്ന റിപോര്‍ട്ടുകള്‍ക്കിടെ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്ത്. യുവാക്കളെ 'തൊഴില്‍ രഹിതരായി നിലനിര്‍ത്തുക' എന്നതാണ് മോദി സര്‍ക്കാറിന്റെ ഏക ദൗത്യമെന്ന് ഖാര്‍ഗെ പരിഹസിച്ചു. സ്വതന്ത്ര ഏജന്‍സികളുടെ റിപോര്‍ട്ടുകള്‍ തള്ളിക്കളയുന്ന കേന്ദ്രത്തിന് പക്ഷേ സര്‍ക്കാര്‍ കണക്കുകള്‍ നിഷേധിക്കാനാവില്ലെന്നും എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഖാര്‍ഗെ പറയുന്നു.

'കഴിഞ്ഞ പത്ത് വര്‍ഷമായി രാജ്യത്തെ കോടിക്കണക്കിന് യുവാക്കളുടെ സ്വപ്നം തകര്‍ക്കുന്നതിന്റെ ഏക ഉത്തരവാദി മോദി സര്‍ക്കാറാണ്. നാഷനല്‍ സാമ്പില്‍ സര്‍വേ ഓഫിസിന്റെ വാര്‍ഷിക റിപോര്‍ട്ട് പ്രകാരം 2015 മുതല്‍ 2023 വരെയുള്ള ഏഴ് വര്‍ഷത്തിനിടെ 54 ലക്ഷം തൊഴിലവസരങ്ങള്‍ ഇല്ലാതായി. നഗര മേഖലയില്‍ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമായി. ഇപിഎഫ്ഒ ഡേറ്റ പ്രകാരം 2023ല്‍ 10 ശതമാനം തൊഴിലുകള്‍ കുറഞ്ഞു. ലഖ്‌നോ ഐഐഎമ്മിന്റെ റിപോര്‍ട്ട് പ്രകാരം വിദ്യാസമ്പന്നര്‍ക്കിടയില്‍ തൊഴിലില്ലായ്മ രൂക്ഷമാകുന്നതായും വനിതാ പ്രാതിനിധ്യം കുറയുന്നതായും വ്യക്തമാണ്.

പ്രതിഛായക്ക് വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗമായി സ്വതന്ത്ര ഏജന്‍സികളുടെ റിപോര്‍ട്ട് മോദി സര്‍ക്കാര്‍ നിഷേധിക്കുകയാണ്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമിയുടെ റിപോര്‍ട്ട് പ്രകാരം 9.2 ആണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്. സ്ത്രീകള്‍ക്കിടയില്‍ ഇത് 18.5 ശതമാനമാണ്. അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐഎല്‍ഒ) റിപോര്‍ട്ട് പ്രകാരം രാജ്യത്ത് തൊഴിലില്ലായ്മ അനുഭവിക്കുന്നവരില്‍ 83 ശതമാനവും യുവാക്കളാണ്. 2012 മുതല്‍ '19 വരെ ഏഴ് കോടി യുവാക്കള്‍ തൊഴില്‍ അന്വേഷകരായി വന്നെങ്കിലും, ലഭ്യമായ അവസരങ്ങളുടെ എണ്ണത്തില്‍ ഒരു പുരോഗതിയും ഉണ്ടായില്ലെന്ന് ഇന്ത്യ എംപ്ലോയ്‌മെന്റ് റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

അസിം പ്രേംജി സര്‍വകലാശാലയുടെ റിപോര്‍ട്ട് പ്രകാരം, ബിരുദധാരികളായ 25 വയസ്സുവരെ പ്രായമുള്ളവരില്‍ 42.3 ശതമാനം പേരും തൊഴില്‍ രഹിതരാണ്. സിറ്റി ഗ്രൂപ്പിന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ വര്‍ഷം 1.2 കോടി പുതിയ തൊഴില്‍ അവസരം സൃഷ്ടിക്കപ്പെടണം. 7 ശതമാനം ജിഡിപി വളര്‍ച്ച പോലും യുവാക്കളുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തില്ല, മോദി സര്‍ക്കാരിനു കീഴില്‍ 5.8 ശതമാനമാണ് ശരാശരി ജിഡിപി വളര്‍ച്ച. സര്‍ക്കാര്‍ ജോലിയോ സ്വകാര്യ ജോലിയോ സ്വയം തൊഴിലോ എന്തുതന്നെ ആയാലും യുവാക്കളെ തൊഴില്‍ രഹിതരായി നിലനിര്‍ത്തുക എന്നതാണ് മോദി സര്‍ക്കാറിന്റെ ഏക ദൗത്യം' ഖാര്‍ഗെ എക്‌സില്‍ കുറിച്ചു.

Next Story

RELATED STORIES

Share it