- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മൊയ്തു കിഴിശ്ശേരി: ലോകത്തിനപ്പുറം തേടിപ്പോയ സഞ്ചാരി
ഒരിടത്തെത്തുമ്പോള്‍ അതിനപ്പുറവും ലോകമുണ്ടെന്ന് കണ്ട് അവിടേക്കും പോകുന്ന അതിരുകളില്ലാത്ത സഞ്ചാരമായിരുന്നു മൊയ്തുവിന്റേത്.

മലപ്പുറം: രോഗത്താല്‍ പരിക്ഷീണനായി വീട്ടിലൊതുങ്ങി കഴിയുമ്പോഴും വീണ്ടുമൊരു യാത്ര സ്വപനം കണ്ടിരുന്ന സഞ്ചാരിയായിരുന്നു മൊയ്തു കിഴിശ്ശേരി. ഇനിയൊരു യാത്രയുണ്ടായെങ്കില്‍ ഇസ്താംബൂളിലെ സുല്‍ത്താന്‍ അഹമ്മദ് ജാമി മസ്ജിദിലെ ജാലകങ്ങള്‍ക്കിടയിലൂടെ പുറത്തേക്ക് നോക്കി ഇംറുല്‍ ഖൈസിന്റെ വരികള്‍ക്ക് ഈണമിടണമെന്ന് ആഗ്രഹിച്ചിരുന്നയാള്‍. പത്താം വയസ്സില്‍ തുടങ്ങിയ യാത്ര 43 രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ഒടുവില്‍ കിഴിശ്ശേരിയിലെ വീട്ടില്‍ കഴിയുമ്പോള്‍ അവിടെയും യാത്രയുടെ അടയാളങ്ങള്‍ മൊയ്തു നിലനിര്‍ത്തിയിരുന്നു. വീട്ടുമുറ്റത്തെ ചെടികള്‍ പോലും അങ്ങിനെ എത്തിച്ചു നട്ടവയാണ്.
മൊയ്തുവിന്റെ യാത്ര തുടങ്ങുന്നത് പത്താംവയസ്സിലാണ്. ഇബ്‌നു ബത്തൂത്ത എന്ന ലോകസഞ്ചാരിയെ കുറിച്ച് ദര്‍സ് പഠനത്തിനിടെ കേട്ടതോടെ യാത്രികനാവാനുള്ള ആഗ്രഹം മുളപൊട്ടി. മലപ്പുറം കൊണ്ടോട്ടിക്കടുത്ത കിഴിശ്ശേരിയിലെ ഇല്യന്‍ അഹമ്മദുകുട്ടി ഹാജി-കദിയക്കുട്ടി ദമ്പതികളുടെ പന്ത്രണ്ട് മക്കളില്‍ ഏഴാമനാണ് മൊയ്തു. പാക്കിസ്ഥാനില്‍ വ്യാപാരിയായിരുന്ന പിതാവ് പക്ഷാഘാതം ബാധിച്ച് മരിച്ചതോടെ ദാരിദ്ര്യത്തിലേക്കു പതിച്ച കൂടുംബത്തിലെ 12 മക്കളില്‍ ഏഴാമനായ മൊയ്തു 1969 ലാണ് ലോക സഞ്ചാരും തുടങ്ങിയത്.
കേട്ടറിവ് മാത്രമുള്ള കോഴിക്കോടും, തൃശൂരും കാണുകയായിരുന്നു ലക്ഷ്യം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിസാമുദ്ദീന്‍ എക്സ്പ്രസില്‍ കയറി ആരംഭിച്ച മൊയ്തുവിന്റെ യാത്ര പിന്നീട് ട്രെയിനിലും കാളവണ്ടിയിലും ചങ്ങാടത്തിലും കപ്പലിലും പട്ടാളവാഹനത്തിലുമൊക്കെയായി നീണ്ടു. ഒരിടത്തെത്തുമ്പോള്‍ അതിനപ്പുറവും ലോകമുണ്ടെന്ന് കണ്ട് അവിടേക്കും പോകുന്ന അതിരുകളില്ലാത്ത സഞ്ചാരമായിരുന്നു മൊയ്തുവിന്റേത്.
ഏഴ് വര്‍ഷമാണ് മൊയ്തു ഇന്ത്യ കാണാനായി അലഞ്ഞത്. ഇതിനിടെ ഡല്‍ഹിയില്‍ വെച്ച് സന്യാസിയില്‍ നിന്ന് ഗിതയും ക്രിസ്ത്യന്‍ പാതിരിയില്‍ നിന്ന് ബൈബിളും പഠിച്ചു. സൂഫിസത്തിലും ആകൃഷ്ടനായി.പാകിസ്താനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ അട്ടാരിയില്‍വച്ച് സൈനികര്‍ പിടികൂടി മര്‍ദിച്ചു. അവിടുന്ന് ഓടി രക്ഷപ്പെട്ടു. അതിര്‍ത്തി പ്രദേശത്തുള്ള നാരകത്തോട്ടത്തിലൂടെ മരങ്ങളുടെ മറപറ്റി ഓടിമറഞ്ഞു. പിന്നെ ഒരു ട്രക്കില്‍ കേറിപ്പറ്റി ലാഹോറിലെത്തി. അതിനിടെ പട്ടാളം പിടികൂടി ജയിലിലടച്ചു. നാടോടിയാണെന്ന് കണ്ട് ഇന്ത്യയിലേക്ക് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ട് വിട്ടയച്ചു. പുറത്തിറങ്ങിയ മൊയ്തു പെഷവാറിലേക്കാണ് വണ്ടി കയറിയത്. അവിടെ നിന്ന് 40 കിലോമീറ്റര്‍ പടിഞ്ഞാറോട്ട് സഞ്ചരിച്ച് ഖൈബര്‍ ചുരത്തിലെത്തി. ചുരം കയറി മലമ്പാതകളിലൂടെ നടന്നു. ചൈനീസ് പട്ടാളക്കാരെ വെട്ടിച്ച് മലയിറങ്ങി ചരക്ക് ലോറിയിലും കാളവണ്ടിയിലുമായി അഫ്ഗാന്‍ പ്രവിശ്യയിലൂടെ തുര്‍ക്കിസ്ഥാനടുത്തുള്ള ഗോത്ര പ്രദേശത്തെത്തി. ഗോത്ര മൂപ്പന്‍ മുളകള്‍ കൊണ്ട് കെട്ടിക്കൊടുത്ത ചങ്ങാടത്തില്‍ മറുകരയെത്തി. അങ്ങിനെ ചൈനയിലേക്ക്. തിബത്ത്, ബര്‍മ്മ, ഉത്തര കൊറിയ, മംഗോളിയ...മൊയ്തുവിന്റെ സഞ്ചാര പഥങ്ങള്‍ നീണ്ടുപോയി.
പിന്നീട് , അഫ്ഗാന്‍, റഷ്യ, തുര്‍ക്കി, ഇറാന്‍, ഇറാഖ്, അസര്‍ബെയ്ജാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, സ്വിറ്റ്സര്‍ലാന്റ്, ജോര്‍ജ്ജിയ, ബള്‍ഗേറിയ, പോളണ്ട്, ലബനാന്‍, ഇസ്രായേല്‍, നേപ്പാള്‍, കിര്‍ഗിസ്ഥാന്‍, കസാക്കിസ്ഥാന്‍, ഉക്രൈന്‍, ചെച്നിയ, ലിബിയ, ടുണീഷ്യ, ജോര്‍ദാന്‍, അള്‍ജീരിയ, ഈജിപ്ത്, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, അര്‍മീനിയ, തുര്‍ക്കി, ഫ്രാന്‍സ്, ജര്‍മനി, ലക്സംബര്‍ഗ് എന്നീ രാജ്യങ്ങളിലൂടെ മൊയ്തു കടന്നുപോയി. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക വന്‍കരകളിലായി 43 രാജ്യാതിര്‍ത്തികള്‍ ഈ കിഴിശ്ശേരിക്കാരനു മുന്നില്‍ തുറന്നുകിടന്നു. ചിലയിടങ്ങളില്‍ അതിര്‍ത്തികള്‍ നുഴഞ്ഞുകയറി. സോവിയറ്റ് റഷ്യയിലെ ഒട്ടുമിക്ക പ്രവിശ്യകളും സന്ദര്‍ശിച്ചു. കുന്നുകളും, പര്‍വതങ്ങളും, മരുഭൂമികളും, നദികളും, കടലിടുക്കുകളും മൊയ്തുവിന് കാഴ്ച്ചയേകി.
ചെല്ലുന്നയിടങ്ങളിലെല്ലാം ഭാഷയും വേഷവും മൊയ്തു മാറി മാറിയണിഞ്ഞു. ടൂറിസ്റ്റ് ഗൈഡും, പത്രപ്രവര്‍ത്തകനും, സൈനികനുമായി. തെരുവില്‍ കച്ചവടങ്ങള്‍ നടത്തി. ഫക്കീറായി അലഞ്ഞു. പലയിടത്തും കൂട്ടുകാരുണ്ടായി. ചിലയിടങ്ങളില്‍ പ്രണയ ബന്ധങ്ങളും. ഇറാനിലെ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ 'ഇര്‍ന'യുടെ ഓഫീസിലും ജോലി ചെയ്തു.
ഒരുപാട് മനുഷ്യര്‍ മൊയ്തുവിന്റെ ജീവിതത്തില്‍ വന്നുപോയി. അതില്‍ ചില മുഖങ്ങള്‍ മനസ്സില്‍ കോറിയിട്ട പോലെ ഉറച്ചുനിന്നു. ഇറാന്‍ പട്ടാളക്യാമ്പില്‍ കഴിയുന്നതിനിടെ വനിതാ സൈനിക മെഹര്‍നൂശിന് മൊയ്തുവിനോട് കടുത്ത പ്രണയമായിരുന്നു. വിലയേറിയ വജ്രമോതിരം മെഹര്‍നൂശ് മൊയ്തുവിന്റെ വിരലില്‍ അണിയിച്ചു. പക്ഷേ ഒരിക്കല്‍ പട്ടാള ക്യാംപിലെ മുള്‍വേലി ചാടിക്കടന്ന് മൊയ്തു യാത്ര തുടര്‍ന്നു. പാക്കിസ്ഥാനി ഹൂറി ഫിദയും, തുര്‍ക്കിക്കാരി ഗോക്ചെന്നയെന്ന സുന്ദരിയും, റഷ്യയില്‍ വെച്ച് മൊയ്തുവിനെ പ്രണയിച്ച സൈറൂസിയും മൊയ്തുവിന്റെ ജീവിതത്തിലേക്ക് വരാന്‍ ആഗ്രഹിച്ചവരായിരുന്നു. പക്ഷേ മദ്യവും മയക്കുമരുന്നും, ശാരീരിക ബന്ധങ്ങളും മൊയ്തു മാറ്റിനിര്‍ത്തി. ഇതിനെ കുറിച്ചെല്ലാം മൊയ്തു 'ദര്‍ദെ ജുദാഈ' (ഒരു സഞ്ചാരിയുടെ പ്രണയാനുഭവങ്ങള്‍) എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.
നാട്ടിലെത്തിയ മൊയ്തു ഇലക്ട്രീഷനായും പ്ലംബറായും മുസ്ല്യാരായും ജോലി ചെയ്തു. വിവാഹ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന കൗണ്‍സലറായി. ഇതിനിടെ പ്രമേഹ രോഗിയായി. സഞ്ചാരത്തിനിടെ സ്വരൂപിച്ച വസ്തുക്കള്‍ കൊണ്ടോട്ടി വൈദ്യര്‍ അക്കാദമിക്ക് മ്യൂസിയം നിര്‍മ്മിക്കാനായി നല്‍കി.
എല്ലാ യാത്രകളും അവസാനിക്കുന്ന മരണം എന്ന ഏക ബിന്ദുവിലേക്ക് മൊയ്തു എന്ന ലോകസഞ്ചാരിയും എത്തിയിരിക്കുന്നു. 43 രാജ്യങ്ങള്‍ സഞ്ചരിച്ച, മൊയ്തു ഇനി ഖബര്‍സ്ഥാനിലെ ആറടി മണ്ണില്‍ അന്ത്യനിദ്ര പുല്‍കും.
RELATED STORIES
''ഗോഡി മീഡിയ വെറുപ്പ് പ്രചരിപ്പിക്കരുത്''; പ്രതിഷേധിച്ച് കശ്മീരികള്‍...
23 April 2025 3:20 PM GMTഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെന്നു തോന്നിയാല്‍ 1930ല്‍ വിളിക്കണമെന്ന്...
23 April 2025 3:08 PM GMTജോര്‍ദാന്‍ രാജാവിനെ അട്ടിമറിക്കാന്‍ ശ്രമമെന്ന്; മുസ്ലിം ബ്രദര്‍ഹുഡിനെ ...
23 April 2025 2:52 PM GMTവിസ കഴിഞ്ഞിട്ടും നാടുവിടാത്തവരുടെ സ്പോണ്സര്മാരില് നിന്നും 11 ലക്ഷം ...
23 April 2025 2:44 PM GMTപാലം നിര്‍മാണത്തിന് ഭൂമിപൂജ; സിപിഎമ്മിനെ പരിഹസിച്ച് കോണ്‍ഗ്രസ്
23 April 2025 2:23 PM GMT'കൊല്ലപ്പെട്ട' യുവതി ജീവനോടെ തിരിച്ചെത്തി; 2018 മുതല്‍ ജയിലിലുള്ള...
23 April 2025 1:54 PM GMT