Latest News

രാജ്യത്തെ ഒമിക്രോണ്‍ ബാധിതരില്‍ മിക്കവര്‍ക്കും രോഗലക്ഷണങ്ങളില്ല; കാരണങ്ങള്‍ വിശദീകരിച്ച് വിദഗ്ധര്‍

രാജ്യത്തെ ഒമിക്രോണ്‍ ബാധിതരില്‍ മിക്കവര്‍ക്കും രോഗലക്ഷണങ്ങളില്ല; കാരണങ്ങള്‍ വിശദീകരിച്ച് വിദഗ്ധര്‍
X

ന്യൂഡല്‍ഹി: രാജ്യത്ത് മുപ്പത്തിമൂന്ന് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടും മിക്കവര്‍ക്കും രോഗലക്ഷണങ്ങളില്ലാത്തതിന് കാരണം വിശദീകരിച്ച് ശാസ്ത്രജഞര്‍. പകര്‍ച്ചവ്യാധി വദഗ്ധരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് പുറത്തുവിട്ട റിപോര്‍ട്ടനുസരിച്ച് ഇതിന് പല കാരണങ്ങളുണ്ട്. ഈ വകഭേദത്തിന്റെ സ്വഭാവമാണ് ഇതെന്നതിനു പുറമെ ഇന്ത്യക്കാരുടെ സിറൊപോസിറ്റിവിറ്റി നിരക്കും കാരണമാണെന്നാണ് കരുതുന്നത്.

ഇന്ത്യയില്‍ പോസിറ്റിവിറ്റി നിരക്ക് ഏകദേശം 70-80 ശതമാനമാണ് ഉള്ളത്. പല വന്‍നഗരങ്ങളിലും അത് 90 ശതമാനത്തിനു മുകളിലാണ്. അതായത് രോഗബാധയുണ്ടാവുന്നവരുടെ ശരീരത്തില്‍ അത്രയും ആന്റിബോഡിയുണ്ടെന്നാണ് അതിനര്‍ത്ഥമെന്ന് മുന്‍ സിഎസ്‌ഐആര്‍ ഡയറക്ടര്‍ രാകേഷ് മിശ്ര പറഞ്ഞു.

ഇത്തരം ആളുകളെ സാധാരണ ഒമിക്രോണ്‍ ആക്രമിക്കാറില്ല. ആക്രമിച്ചാല്‍ത്തന്നെ ചെറിയ രോഗലക്ഷണങ്ങളേ ഉണ്ടാവുകയുള്ളൂ.

അതേസമയം പുതിയ കൊവിഡ് തരംഗത്തിന് ഒമിക്രോണ്‍ ബാധ കാരണമാവണമെന്നുതന്നെയില്ല. അല്ലാതെയും തരംഗം ഉണ്ടാവാം. യൂറോപ്പിലെ അനുഭവം അതാണ് കാണിക്കുന്നത്. എന്നാല്‍ ആശുപത്രികളില്‍ രോഗികളുടെ എണ്ണം കൂടാനുള്ള സാധ്യതയില്ലെന്നാണ് രാകേഷ് മിശ്രയുടെ വിലയിരുത്തല്‍. മാസ്‌കുകള്‍ ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും വാക്‌സിനും രോഗവ്യാപനത്തെ ഫലപ്രദമായി തടയും.

ഒമിക്രോണിനു പുറമെ പുതിയ വകഭേദങ്ങള്‍ ഇനിയും വരാനിരിക്കുന്നുണ്ട്. എന്നാല്‍ അവയില്‍ മിക്കതും ചെറിയ തോതില്‍ മാത്രമേ ആക്രമണം നടത്തൂവെന്നാണ് വിലയിരുത്തല്‍.

അതേസമയം അപ്രതീക്ഷിതമായി ഗുരുതരമായ വകഭേദങ്ങള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്.

തളര്‍ച്ച, തൊണ്ടവേദന തുടങ്ങിയവയാണ് ഒമിക്രോണിന്റെ സാധാരണ ലക്ഷണങ്ങള്‍. ഇന്ത്യയിലെ ഒമിക്‌റോണ്‍ രോഗികള്‍ കൊവിഡ് നെഗറ്റീവ് ആയി ഇതിനകം സുഖംപ്രാപിച്ചിട്ടുണ്ട്.

സിംബാബ്‌വെയില്‍നിന്ന് മടങ്ങിയെത്തിയ യാത്രക്കാരനാണ് ഇന്ന് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ വകഭേദം ആദ്യമായി കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിലും ഈ യാത്രക്കാരന്‍ സന്ദര്‍ശനം നടത്തിയിരുന്നതായി വ്യക്തമായിട്ടുണ്ട്. ഇന്നലെയാണ് മൂന്ന് വയസ്സുകാരിയടക്കം മഹാരാഷ്ട്രയില്‍ ഏഴ് പേര്‍ക്ക് പുതുതായി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഇതോടെയാണ് രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 33 ആയത്.

Next Story

RELATED STORIES

Share it