Latest News

മനോദൗര്‍ബല്യമുള്ള യുവാവിനെ തല്ലിക്കൊന്ന കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം; ജയിച്ചത് മാതാവിന്റെ ഒറ്റയാള്‍ പോരാട്ടം

പാലക്കാട്: മനോദൗര്‍ബല്യമുള്ള യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്ന കേസില്‍ എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം. 14 വര്‍ഷം മുമ്പ് നടന്ന ആള്‍ക്കൂട്ട കൊലപാതകത്തില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം തടവ് ലഭിക്കാന്‍ കാരണമായത് മാതാവിന്റെ ഒറ്റയാള്‍ പോരാട്ടം. പാലക്കാട് പെരുവമ്പ് സ്വദേശി രാജേന്ദ്രന്‍ കൊല്ലപ്പെട്ട കേസിലാണ് വിധി വന്നത്. മനോദൗര്‍ബല്യമുള്ള രാജേന്ദ്രനെ വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതിന് പിന്നാലെയാണ് മരണപ്പെട്ടത്. രാജേന്ദ്രന്റെ മാതാവിന്റെ വര്‍ഷങ്ങളോളം നീണ്ട നിയമ പോരാട്ടമാണ് ഒടുവില്‍ എട്ടു പ്രതികളെ കോടതി ശിക്ഷിക്കാന്‍ കാരണമായത്. 2010 ഫെബ്രുവരി 18നാണ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടത്. രാജേന്ദ്രന്റെ വീടിനു സമീപമുള്ള ഓലപ്പുരയ്ക്ക് ആരോ തീയിട്ടിരുന്നു. ഇത് രാജേന്ദ്രനാണ് ചെയ്തതെന്ന് ആരോപിച്ചായിരുന്നു ആക്രമണം. രാത്രി ഒമ്പതോടെ രാജേന്ദ്രനെ ആദ്യം മര്‍ദ്ദിച്ചത്. പിന്നീട് പുലര്‍ച്ച രണ്ടരയോടെ വൈദ്യുതി തൂണില്‍ കെട്ടിയിട്ട് വീണ്ടും മര്‍ദ്ദിച്ചു. രണ്ടര വരെ ഇത് തുടര്‍ന്നു. പിന്നെയും രണ്ടര മണിക്കൂര്‍ കഴിഞ്ഞാണ് പോലിസ് സ്ഥലത്തെത്തിയത്. അപ്പോഴേക്കും മര്‍ദ്ദനമേറ്റ് രാജേന്ദ്രന്‍ മരിച്ചിരുന്നു. സംഭവത്തില്‍ പെരുവമ്പ് സ്വദേശികളായ വിജയന്‍, കുഞ്ചപ്പന്‍, ബാബു, മുരുകന്‍, മുത്തു, രമണന്‍, മുരളീധരന്‍, രാധാകൃഷ്ണന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിരിക്കുന്നത്. പാലക്കാട് ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. മാനസിക ദൗര്‍ബല്യങ്ങള്‍ നേരിട്ട മകന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ വര്‍ഷങ്ങളോളമാണ് മാതാവ് രുക്മിണി നിയമ പോരാട്ടം നടത്തിയത്. ആ മാതാവിന് ലഭിച്ച നീതി കൂടിയാണ് കോടതിവിധി. ശിക്ഷ ലഭിച്ച മുഴുവന്‍ പ്രതികളെയും തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
Next Story

RELATED STORIES

Share it