Latest News

ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് മുട്ട ഒഴിവാക്കില്ല; നിലപാട് കടുപ്പിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍

വന്‍കിട മുട്ടവ്യാപാരികളുമായി നടത്തിയ ഗൂഢാലോചനയാണ് തീരുമാനത്തിനു പിന്നിലെന്ന് ബിജെപി ആരോപിക്കുന്നു.

ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് മുട്ട ഒഴിവാക്കില്ല; നിലപാട് കടുപ്പിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍
X

ഭോപ്പാല്‍: കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ മുട്ട ഉള്‍പ്പെടുത്തിയതിലൂടെ മധ്യപ്രദേശ് സര്‍ക്കാര്‍ ഹിന്ദുക്കളുടെ മതവികാരം വൃണപ്പെടുത്തിയെന്ന ബിജെപി ആരോപണത്തെ തളളി മധ്യപ്രദശ് സര്‍ക്കാര്‍. സസ്യാഹാരികളായ കുട്ടികളെ അപമാനിക്കുന്ന നീക്കമാണ് സര്‍ക്കാരിന്റേതെന്ന ആരോപണവും സര്‍ക്കാര്‍ പരിഗണിച്ചില്ല.

2015 ലാണ് മുന്‍ ശിവരാജ് സിങ് ചൗഹന്‍ സര്‍ക്കാര്‍ ഉച്ചഭക്ഷണപദ്ധതിയില്‍ നിന്ന് മുട്ട ഒഴിവാക്കിയത്. പകരം മറ്റു തരം പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി. പക്ഷേ, പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണം 42 ശതമാനമായി വര്‍ധിച്ചതോടെ ഈ മാസം മുതല്‍ മുട്ട ഉച്ചഭക്ഷണത്തില്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

'മധ്യപ്രദേശില്‍ കുട്ടികള്‍ക്കിടയിലെ പോഷകാഹാരക്കുറവ് അതീവ ഗുരുതരമാണ്. അതിന്റെ ഭാഗമായാണ് ഉച്ചഭക്ഷണപദ്ധതിയില്‍ മുട്ട ഉള്‍പ്പെടുത്തിയത്. ഈ നവംബര്‍ മുതല്‍ പദ്ധതി ആരംഭിക്കും'- വനിതാ- ശിശുക്ഷേമ വകുപ്പ് മന്ത്രി ഇമര്‍തി ദേവി പറഞ്ഞു. പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല ഭക്ഷണമാണ് മുട്ട. 3 നും 6നും ഇടയിലുള്ള കുട്ടികള്‍ക്ക് അംഗന്‍വാടികളിലൂടെ മുട്ട വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒരു കുട്ടിയ്ക്ക് ആഴ്ചയില്‍ കുറഞ്ഞത് മൂന്ന് മുട്ട നല്‍കും. ഇതിനു വേണ്ടി 500 കോടി രൂപ മാറ്റിവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ തീരുമാനത്തോട് ബിജെപിയും നിലപാട് കടുപ്പിച്ചിരിക്കുകയാണ്. സസ്യാഹാരികളായ കുട്ടികള്‍ക്ക് മുട്ട നിര്‍ബന്ധിച്ച് നല്‍കുന്നതിനുള്ള നീക്കം തടയുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ തീരുമാനത്തിലൂടെ കമല്‍നാഥ് സര്‍ക്കാര്‍ അനാവശ്യമായ രാഷ്ട്രീയ വിവാദത്തിന് തീ കൊടുത്തിരിക്കുകയാണ്. കമല്‍നാഥ് സര്‍ക്കാര്‍ തന്നെ പോഷകാഹാരക്കുറവ് നേരിടുകയാണ്- ബിജെപി പരിഹസിച്ചു.

തീരുമാനത്തിനു പിന്നില്‍ ദുരൂഹതയും ഗൂഢാലോചനയുമുണ്ടെന്നും ബിജെപി ആരോപിക്കുന്നു. മുന്‍ ബിജെപി സര്‍ക്കാര്‍ മുട്ടയ്ക്കു പകരം മുരിങ്ങക്കായ ഉള്‍പ്പെടുത്തിയിരുന്നു. അത് മുട്ടയേക്കാള്‍ ആരോഗ്യകരമാണെന്നാണ് ബിജെപിയുടെ വാദം. വന്‍കിട മുട്ടവ്യാപാരികളുമായി നടത്തിയ ഗൂഢാലോചനയാണ് തീരുമാനത്തിനു പിന്നിലെന്നും ആരോപിക്കുന്നു.




Next Story

RELATED STORIES

Share it