Latest News

രാജസ്ഥാനില്‍ ദലിത് യുവാവിന്റെ കൊലപാതകം: പ്രതികളെ ഉടന്‍ അറസ്റ്റ ചെയ്യണം: എസ്ഡിപിഐ

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ഇത്തരം സംഭവങ്ങള്‍ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനില്‍ ദലിത് യുവാവിന്റെ കൊലപാതകം: പ്രതികളെ ഉടന്‍ അറസ്റ്റ ചെയ്യണം: എസ്ഡിപിഐ
X


ഡല്‍ഹി: രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ആസാദി ഗ്രാമത്തില്‍ ദലിതനായ കോജാറാം മേഘ് വാളിന്റെ ആള്‍ക്കൂട്ട കൊലപാതകം അങ്ങേയറ്റം അപലപനീയമാണെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി. പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യാനും അദ്ദേഹത്തിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആള്‍ക്കൂട്ട കൊലകള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരും പോലീസും കാണിക്കുന്ന നിസ്സംഗതയാണ് ഇത്തരം ക്രൂരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാകുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളും അപവാദമല്ല എന്നാണ് രാജസ്ഥാനിലെ കൊലപാതകം വ്യക്തമാക്കുന്നത്. മാത്രമല്ല, ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ഇത്തരം സംഭവങ്ങള്‍ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

ദലിതര്‍, മുസ്‌ലിംകള്‍, സമൂഹത്തിലെ മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ എന്നിവരെ ലക്ഷ്യം വയ്ക്കാന്‍ തങ്ങളുടെ ധിക്കാരശക്തി ഉപയോഗിക്കുന്ന ക്രിമിനലുകളെ കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരാജയവും മൃദുല സമീപനവും അക്രമികള്‍ക്ക് ധൈര്യം പകരുകയാണ്. 40 കാരനായ കോജാറാം രണ്ടു പെണ്‍മക്കളുടെ കണ്‍മുന്നിലാണ് ഒരു കൂട്ടം അക്രമികളുടെ ക്രൂരമായ അടിയും മര്‍ദ്ദനവും ഏറ്റ് കൊല്ലപ്പെട്ടത്. മുസ്‌ലിം യുവാക്കളെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ സര്‍ക്കാര്‍ ശക്തവും ഉചിതവുമായ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ദലിത് യുവാവിന് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു.

കുറ്റകൃത്യവുമായി ബന്ധപ്പെട്ട എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും മരണപ്പെട്ട കോജാറാം മേഘ്'വാളിന്റെ കുടുംബം ആവശ്യപ്പെട്ടത് പോലെ സര്‍ക്കാര്‍ ജോലിയോടൊപ്പം അര്‍ഹമായ നഷ്ടപരിഹാരവും നല്‍കണമെന്നും മുഹമ്മദ് ഷെഫി ആവശ്യപ്പെട്ടു.


Next Story

RELATED STORIES

Share it