Latest News

മുര്‍ഷിദാബാദ് സംഘര്‍ഷം; ബിജെപി നേതാക്കളുടെ പങ്ക് കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: എസ്ഡിപിഐ

‘പ്രകോപനപരമായ പ്രസംഗങ്ങളും നുണകളും പ്രചരിപ്പിച്ചുകൊണ്ട് ബിജെപി നേതാക്കൾ അന്തരീക്ഷം നശിപ്പിക്കുന്നു’

മുര്‍ഷിദാബാദ് സംഘര്‍ഷം; ബിജെപി നേതാക്കളുടെ പങ്ക് കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: എസ്ഡിപിഐ
X

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ബിജെപി നേതാക്കള്‍ക്കുള്ള പങ്ക് കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷഫി. പ്രകോപനപരമായ പ്രസംഗങ്ങളും നുണകളും പ്രചരിപ്പിച്ചുകൊണ്ട് ബിജെപി നേതാക്കള്‍ അന്തരീക്ഷം നശിപ്പിക്കുന്നുവെന്നും വഖഫ് (ഭേദഗതി) നിയമത്തിനെതിരായ പ്രകടനത്തിനിടെ മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ വിദ്വേഷ പ്രചാരണ രാഷ്ട്രീയത്തെ എസ്ഡിപിഐ ശക്തമായി എതിര്‍ക്കുന്നു. പ്രകോപനപരമായ പ്രസംഗങ്ങളും നുണകളും പ്രചരിപ്പിച്ചുകൊണ്ട് ബിജെപി നേതാക്കള്‍ അന്തരീക്ഷം നശിപ്പിക്കുകയാണ്. അക്രമത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ബിജെപി നേതാക്കളായ സുവേന്ദു അധികാരി, സുകാന്ത മജുംദാര്‍ എന്നിവരെപ്പോലുള്ളവര്‍ പ്രദേശത്തുനിന്ന് ഹിന്ദുക്കളെ പുറത്താക്കുന്നുവെന്ന തെറ്റായ പ്രചാരണം ഉന്നയിക്കുകയാണ്. സൈന്യത്തെ വിന്യസിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

വഖഫ് നിയമത്തിനെതിരെ പ്രതിഷേധിച്ച റാലികള്‍ക്ക് നേരെ കല്ലെറിഞ്ഞതായും വാര്‍ത്തകളുണ്ട്. ബിജെപിയുമായി ബന്ധപ്പെട്ട ചില തീവ്ര സംഘടനകളാണ് ഇതിന് പിന്നില്‍. ഷംഷേര്‍ഗഞ്ച് പൊലീസ് ബിജെപിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചതായും ആരോപണമുണ്ട്.

മുസ്‌ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി ശ്രമിക്കുന്ന രീതി അപലപനീയമാണ്. 2026ലെ തെരഞ്ഞെടുപ്പിലേക്കുള്ള അവരുടെ തന്ത്രങ്ങളാണിത്. എല്ലാ ഇരകള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും തെറ്റായ വാര്‍ത്തകള്‍ തടയണമെന്നും സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. വിദ്വേഷത്തില്‍നിന്ന് വിട്ടുനില്‍ക്കാനും ഐക്യം നിലനിര്‍ത്താനും എല്ലാവര്‍ക്കും നീതിയും ബഹുമാനവും ഉറപ്പാക്കുന്നതില്‍ പിന്തുണ നല്‍കാനും ബംഗാളിലെ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നതായും മുഹമ്മദ് ഷഫി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it