Latest News

റിയാസിനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ലീഗ് സംസ്ഥാന സെക്രട്ടറി

മുഹമ്മദ് റിയാസും പിണറായി വിജയന്റെ മകള്‍ വീണയും തമ്മിലുള്ള വിവാഹം വ്യഭിചാരമാണെന്നായിരുന്നു ലീഗ് നേതാവ് അബ്ദുറഹിമാന്‍ കല്ലായിയുടെ വിവാദ പരാമര്‍ശം.

റിയാസിനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ലീഗ് സംസ്ഥാന സെക്രട്ടറി
X

കോഴിക്കോട്: പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരേ അധിക്ഷേപ പരാമര്‍ശവുമായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി. റിയാസിന്റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നുമാണ് പൊതുവേദിയില്‍ അബ്ദുറഹിമാന്‍ കല്ലായി പറഞ്ഞത്. മുസ്‌ലിം ലീഗ് കോഴിക്കോട് ബീച്ചില്‍ നടത്തിയ വഖ്ഫ് സംരക്ഷണ റാലിയിലായിരുന്നു വിവാദ പ്രസ്താവന.

''മുന്‍ ഡിവൈഎഫ്‌ഐ പ്രസിഡന്റ് പുതിയാപ്ലയാണ്, എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ, അത് വിവാഹമാണോ, വ്യഭിചാരമാണ്. അത് പറയാന്‍ തന്റേടം വേണം. സി എച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ ഉപയോഗിക്കണം'' എന്നായിരുന്നു അബ്ദുറഹിമാന്‍ കല്ലായി മുസ്‌ലിം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയില്‍ പ്രസംഗിച്ചത്.

കമ്മ്യൂണിസ്റ്റുകള്‍ സ്വവര്‍ഗ രതിയേയും ലൈംഗിക സ്വാതന്ത്ര്യത്തേയും പിന്തുണയ്ക്കുന്നു, അവരുടെ പ്രകടന പത്രികയില്‍ അതിനെക്കുറിച്ച് പറയുന്നുണ്ട്. ഭാര്യയ്ക്കും ഭര്‍ത്താവിനും ഉഭയകക്ഷി സമ്മതപ്രകാരം ആരുമായും ലൈംഗിക ബന്ധത്തിലേര്‍പ്പെടാമെന്ന കോടതിയുടെ നിരീക്ഷണത്തെ ആദ്യം സ്വാഗതം ചെയ്തതത് ഡിവൈഎഫ്‌ഐയാണ്, കമ്മ്യൂണിസ്റ്റുകാരെ പിന്തുണയ്ക്കുന്നവര്‍ അതുകൂടി ഓര്‍ക്കണമെന്നും അബ്ദുറഹിമാന്‍ കൂട്ടിച്ചേര്‍ത്തു.

''ഷാജി ഇവിടെ പറഞ്ഞല്ലോ ഞങ്ങളിലില്ല ഹൈന്ദവ രക്തം, ഞങ്ങളിലില്ല ക്രൈസ്തവ രക്തം, ഞങ്ങളിലില്ല മുസ്‌ലിം രക്തം, അങ്ങനെ പറഞ്ഞാല്‍തന്നെ ഇസ്‌ലാമില്‍നിന്ന് പുറത്താണ്. ഇഎംഎസും എകെജിയും ഇല്ലാത്ത സ്വര്‍ഗം ഞങ്ങള്‍ക്ക് വേണ്ട എന്ന് പറയുന്നവര്‍ കാഫിറുകളാണ്, ലീഗ് എന്നും സമുദായത്തിനൊപ്പം നിന്ന പാര്‍ട്ടിയാണ്. ആയിരം പിണറായി വിജയന്‍മാര്‍ ഒരുമിച്ച് ശ്രമിച്ചാലും മുസ്‌ലിം ലീഗിന്റെ അഭിമാനം നശിപ്പിക്കാന്‍ കഴിയില്ല'' എന്നും അബ്ദുറഹിമാന്‍ കല്ലായി പറഞ്ഞു.

അബ്ദുറഹ്മാന്‍ കല്ലായി നടത്തിയ വിവാദപ്രസ്താവനകള്‍ക്കെതിരേ വലിയ തരത്തില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. വിഷയത്തില്‍ മുസ്‌ലിം ലീഗ് നേതൃത്വം പ്രതികരിച്ചിട്ടില്ല. വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെയായിരുന്നു മുസ്‌ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് വഖ്ഫ് സംരക്ഷണറാലി സംഘടിപ്പിച്ചത്.

Next Story

RELATED STORIES

Share it