Latest News

മ്യാന്‍മാര്‍: സൂചിക്കെതിരേ കൂടുതല്‍ കേസുമായി പട്ടാളഭരണകൂടം

മ്യാന്‍മാര്‍: സൂചിക്കെതിരേ കൂടുതല്‍ കേസുമായി പട്ടാളഭരണകൂടം
X

നയ്പിഡോ: പട്ടാളത്തിന്റെ കസ്റ്റിഡിയിലായി രണ്ട് മാസത്തിനുശേഷം സ്ഥാനഭ്രഷ്ടയായ നേതാവ് ഓങ് സാന്‍ സൂചിക്കെതിരേ കൂടുതല്‍ കേസുകളുമായി പട്ടാള ഭരണകൂടം. ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചുവെന്നാണ് ആരോപണം. നേരത്തെ നാല് കേസുകളാണ് സൂചിക്കെതിരേ പട്ടാളം ചുമത്തിയിരുന്നത്്. പുതിയ കേസുകൂടെ ആകുമ്പോള്‍ കേസിന്റെ എണ്ണം അഞ്ചായതായി ക്യോഡൊ ന്യൂസിനെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

സൂചിയുടെ മുന്‍ ഉപദേശകനായിരുന്ന ആസ്‌ട്രേലിയന്‍ സാമ്പത്തികവിദഗ്ധന്‍ സീന്‍ ടര്‍ണലിനെതിരേ നല്‍കിയ കുറ്റപത്രത്തിന്റെ ഭാഗമായാണ് സൂചിക്കെതിരേയുള്ള പുതിയ കേസ്. രാജ്യത്തെ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചുവെന്നാണ് സീന്‍ ടെര്‍ണലിനെതിരേ പട്ടാളം ആരോപിക്കുന്നത്.

നേരത്തെ എടുത്ത നാല് കേസിനുപുറമെ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചതിനുള്ള പുതിയൊരു കേസുകൂടെ ചുമത്തിയെന്നും യാങ്കോന്‍ കോടതിയില്‍ ഏപ്രില്‍ എട്ടിന് കേസ് പരിഗണനയ്ക്കുവരുമെന്നും പട്ടാളത്തിന്റെ വക്‌സാവ് സൂചിയുടെ അഭിഭാഷകന്‍ മിന്‍ മിന്‍ സൊയെ അറിയിച്ചു.

നിയമവിരുദ്ധമായ വോക്കി ടോക്കി ഇറക്കുമതി ചെയ്തു, കൊറോവൈറസ് നിയന്ത്രണങ്ങള്‍ ലംഘിച്ചു, സാമൂഹ്യസ്പര്‍ധ സൃഷ്ടിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിച്ചു, യാങ്കോണ്‍ മേഖലയിലെ മുഖ്യമന്ത്രിയില്‍ നിന്ന് 6,00,000 യുഎസ് ഡോളറിന്റെ സ്വര്‍ണം വാങ്ങി-തുടങ്ങിയവയാണ് സൂചിക്കെതിരേയുള്ള ആരോപണങ്ങള്‍.

കഴിഞ്ഞ ദിവസം സൂചിയുടെ വീഡിയോ സന്ദേശം പുറത്തുവന്നിരുന്നു. സൂചി ആരോഗ്യവതിയായിരിക്കുന്നതായി അവരുടെ അഭിഭാഷകരിലൊരാള്‍ പറഞ്ഞു.

ഓങ് സാന്‍ സൂചിയെയും പ്രസിഡന്റ് വിന്‍ മിന്‍ടിനെയും അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് മ്യാന്‍മറില്‍ പട്ടാളം കഴിഞ്ഞ ഫെബ്രുവരിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തേക്കായിരുന്നു പ്രഖ്യാപനം. തിരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെച്ചൊല്ലി പട്ടാളവും സിവില്‍ അധികാരികളും തമ്മിലുള്ള വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തെത്തുടര്‍ന്നായിരുന്നു നടപടി. സൂചിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയ്‌ക്കെതിരേ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അധികാരം പിടിച്ചെടുക്കുമെന്ന് പട്ടാളം നേരത്തെ സൂചന നല്‍കിയിരുന്നു. ടെലിവിഷന്‍ ചാനല്‍ വഴിയാണ് സൈന്യം അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തിയത്. അതിനെതിരേ രാജ്യമാസകലം വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്.

എന്നാല്‍ പട്ടാള അട്ടിമറിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുറത്താക്കിയതിനെതിരേ നടക്കുന്ന സമരങ്ങക്കെതിരേ കടുത്ത രീതിയിലാണ് മ്യാന്‍മാര്‍ സൈന്യം പെരുമാറുന്നത്. പ്രതിഷേധങ്ങളില്‍ പങ്കെടുത്ത 500 പേരെയെങ്കിലും സൈന്യം വെടിവച്ചുകൊന്നു.

പ്രതിഷേധക്കാര്‍ക്കെതിരേ മാരകായുധങ്ങള്‍ ഉപയോഗിക്കുന്നതിനെതിരേ വിവിധ രാജ്യങ്ങള്‍ അപലപിച്ചിട്ടുണ്ട്. ഇതിനെതിരേ ഒരു സംയുക്ത പ്രസ്താവനയും പുറത്തുവന്നു. ഓസ്‌ട്രേലിയ, കാനഡ, ജര്‍മ്മനി, ഗ്രീസ്, ഇറ്റലി, ജപ്പാന്‍, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്റ്‌സ് , ന്യൂസിലാന്റ്, കൊറിയന്‍ റിപബ്ലിക്, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ രാജ്യങ്ങളാണ് ഇതുസംബന്ധിച്ച സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചത്.




Next Story

RELATED STORIES

Share it