Latest News

മോദിയുടെ പ്രസംഗത്തിലെ പച്ചക്കള്ളങ്ങള്‍ പൊളിച്ചടുക്കി മാധ്യമങ്ങള്‍

മോദി പറഞ്ഞ പലതും തെറ്റാണന്നു തെളിയിക്കുന്ന നിരവധി രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.

മോദിയുടെ പ്രസംഗത്തിലെ പച്ചക്കള്ളങ്ങള്‍ പൊളിച്ചടുക്കി മാധ്യമങ്ങള്‍
X

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ ജനകീയ പ്രക്ഷോഭം ശക്തമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണവുമായി രംഗത്തെത്തി. ഇന്നലെ ഡല്‍ഹിയില്‍ രാംലീല മൈതാനത്ത് ബിജെപി സംഘടിപ്പിച്ച റാലിയില്‍ ഏകത്വമെന്ന മുദ്രാവാക്യം മുഴക്കിയാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. യോഗത്തില്‍ പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് നിരവധി അവകാശവാദങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ഇപ്പോള്‍ ആ വാദങ്ങളെല്ലാം പൊളിച്ചടുക്കുകയാണ് രാജ്യത്താകമാനമുള്ള മാധ്യമങ്ങള്‍. മോദി പറഞ്ഞ പലതും തെറ്റാണന്നു തെളിയിക്കുന്ന നിരവധി രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.

പൗരത്വം നഷ്ടപ്പെടുന്നവരെ പാര്‍പ്പിക്കാനായി രാജ്യത്തൊരിടത്തും തടങ്കല്‍പാളയങ്ങള്‍ പണിതീര്‍ത്തിട്ടില്ലെന്നായിരുന്നു മോദിയുടെ ആദ്യ അവകാശവാദം. പൗരത്വനിയമ ഭേദഗതിയോ എന്‍ആര്‍സിയോ ഇന്ത്യന്‍ മുസ്‌ലിങ്ങളെ ബാധിക്കില്ലെന്നും കോണ്‍ഗ്രസ്സും നഗര നക്‌സലുകളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മോദി തന്റെ പ്രസംഗത്തില്‍ കുറ്റപ്പെടുത്തി.

എന്നാല്‍ ഇതൊക്കെ തെറ്റാണെന്നതിന് നിരവധി തെളിവുകളുമായി മാധ്യമങ്ങള്‍ രംഗത്തുവന്നു. അസമില്‍ മാത്രം ആറു തടങ്കല്‍ പാളയങ്ങള്‍ ഉണ്ടെന്ന് സര്‍ക്കാര്‍ തന്നെയാണ് പാര്‍ലമെന്റിനെ രേഖാ മൂലം അറിയിച്ചത്. പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടാത്തവര്‍ക്ക് വേണ്ടിയാണ് ഗോപാല്‍പാര ജില്ലയിലെ മതിയയില്‍ മൂവായിരം പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ജയില്‍ നിര്‍മിക്കുന്നത്. 2.5 ഹെക്ടറില്‍ 15 നാലു നില കെട്ടിടങ്ങളാണ് ഇവര്‍ക്കായി ഒരുങ്ങുന്നത്. ഈ വര്‍ഷം ഡിസംബറോടെ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, കേന്ദ്ര ഭരണ പ്രദേശങ്ങളിലും സംസ്ഥാനങ്ങളിലും ഒരു തടങ്കള്‍പാളയമെങ്കിലും നിര്‍മിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഢി കഴിഞ്ഞ ജൂലൈയില്‍ തന്നെ നിര്‍ദേശിച്ചിരുന്നു.

അസമില്‍ 19 ലക്ഷം പേര്‍ക്കാണ് പൗരത്വം നഷ്ടപ്പെട്ടിട്ടുള്ളത്. സെപ്തംബര്‍ എട്ടിലെ ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് അനുസരിച്ച് ആറ് തടങ്കല്‍പാളയങ്ങളാണ് അസമിലുള്ളത്. 10 കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ അസം സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. പദ്ധതിയില്‍ ഒരു പ്രാഥമിക വിദ്യാലയം, ആശുപത്രി, 50,000 ലിറ്റര്‍ ശേഷിയുള്ള പ്രത്യേക ജലവിതരണ സംവിധാനം എന്നിവ ഉള്‍പ്പെടുന്നുവെന്ന് അതിന്റെ നിര്‍മാതാവ് രബീന്ദ്ര കുമാര്‍ ദാസ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

2014 ല്‍ ബിജെപി അധികാരത്തിലെത്തിയ ശേഷം എന്‍ആര്‍സി സംബന്ധിച്ച് കാബിനറ്റില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നായിരുന്നു മോദിയുടെ മറ്റൊരു വാദം. അസമില്‍ എന്‍ആര്‍സി നടപ്പിലാക്കിയത് സുപ്രിം കോടതി നിര്‍ദേശ പ്രകാരമാണെന്നും മോദി വാദിച്ചു. എന്നാല്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പിലാക്കുമെന്നും സര്‍ക്കാരിനെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ യാതൊന്നിനും സാധിക്കില്ലന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലെ രാജ്മഹലില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞിരുന്നു. നവംബര്‍ 20നു അസമില്‍ നടപ്പാക്കിയ ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്തുടനീളം നടപ്പാക്കുമെന്ന് രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആവര്‍ത്തിച്ചു. രാജ്യസഭാംഗം സ്വപന്‍ ദാസ് ഗുപ്തയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് അമിത്ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതിഷേധങ്ങളുടെ സമയത്ത് പോലിസുകാര്‍ക്ക് നിരവധി ആക്രമണങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ടെന്ന്് മോദി അവകാശപ്പെട്ടു. പോലിസുകാര്‍ക്കെതിരേ കല്ലെറിഞ്ഞതു കൊണ്ട് നിങ്ങള്‍ക്ക് എന്തു ലഭിക്കുമെന്നും മോദി ചോദിച്ചു. എന്നാല്‍ പൗരത്വ (ഭേദഗതി) നിയമത്തെ ചൊല്ലി വിവിധ നഗരങ്ങള്‍ കത്തിയെരിയുമ്പോള്‍ പോലിസ് നടപടിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ എട്ട് വയസുള്ള ബാലന്‍ ഉള്‍പ്പെടെ 18 പേരാണ് കൊലപ്പെട്ടത്. കര്‍ണാടകയിലെ മംഗലാപുരത്ത് പ്രതിഷേധിച്ചവര്‍ക്കു നേരേ പോലിസ് നടത്തിയ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. ക്രൂരമായ വേട്ടയാടലുകളായിരുന്നു പോലിസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ജാമിഅ മില്ലിയ്യയിലെ വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍വച്ച് പോലിസ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും സ്‌റ്റേഷനുള്ളില്‍ നഗ്‌നരാക്കിയ ശേഷം ലാത്തികൊണ്ട് അടിക്കുകയും ചെയ്തതായി വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ കൊല്ലപ്പെട്ട അഞ്ചു പേര്‍ക്കും വെടിയുണ്ടയേറ്റിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പോലിസ് വെടിയുതിര്‍ത്തതിന്റെ തെളിവുകളും പുറത്തുവന്നു. കാണ്‍പൂരില്‍ പ്രതിഷേധക്കാര്‍ക്കു നേരെ വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സേഫ്റ്റി ജാക്കറ്റും ഹെല്‍മറ്റും ധരിച്ച പോലിസുകാരനാണ് പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കുന്നത്.

Next Story

RELATED STORIES

Share it