Latest News

നെടുങ്കയം മുതല്‍ വാളാരംകുന്ന് വരെ: പിണറായി വിജയന്‍ അധികാരമേറ്റതിനു ശേഷം വെടിവെച്ചു കൊന്നത് എട്ട് മാവോവാദികളെ

2016 നവംബര്‍ 24 നാണ് മലപ്പുറം ജില്ലയിലെ കരുളായി നെടുങ്കയം വനത്തില്‍ മാവോവാദി സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗം കുപ്പു ദേവരാജിനെയും കാവേരി എന്ന അജിതയെയും പോലിസ് വെടിവെച്ചു കൊന്നത്.

നെടുങ്കയം മുതല്‍ വാളാരംകുന്ന് വരെ: പിണറായി വിജയന്‍ അധികാരമേറ്റതിനു ശേഷം വെടിവെച്ചു കൊന്നത് എട്ട് മാവോവാദികളെ
X

കോഴിക്കോട്: സംസ്ഥാനത്ത് ഒരു വര്‍ഷം രണ്ട് മാവോവാദികള്‍ എന്ന കണക്കില്‍ പോലിസിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നു. പിണറായി വിജയന്‍ അധികാരമേറ്റതിനു ശേഷം സംസ്ഥാനത്ത് ഇതുവരെ എട്ട് മാവോവാദികളെയാണ് പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയത്. നാലു വര്‍ഷത്തിനിടെയാണ് ഇത്രയും പേര്‍ വെടിയേറ്റു മരിച്ചത്.

2016 നവംബര്‍ 24 നാണ് മലപ്പുറം ജില്ലയിലെ കരുളായി നെടുങ്കയം വനത്തില്‍ മാവോവാദി സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗം കുപ്പു ദേവരാജിനെയും കാവേരി എന്ന അജിതയെയും പോലിസ് വെടിവെച്ചു കൊന്നത്.ഏറ്റമുട്ടലിനിടെ വെടിയേറ്റു കൊല്ലപ്പെട്ടു എന്നായിരുന്നു പോലിസിന്റെ ഔദ്യോഗിക ഭാഷ്യം. എന്നാല്‍ കുപ്പുസ്വാമിക്ക് പിന്നില്‍ നിന്നാണ് കൂടുതല്‍ വെടിയേറ്റത്. എകെ 47, എസ്എല്‍ആര്‍ മോഡല്‍ യന്ത്രത്തോക്കുകളില്‍ ഉപയോഗിക്കുന്ന ചെറിയ വെടിയുണ്ടകളാണ് കണ്ടെടുത്തത്. 20-60 മീറ്റര്‍ ദൂരത്തില്‍ നിന്നാണ് വെടിയുതിര്‍ത്തതെന്നും ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. കുപ്പു സ്വാമിയുടെ ശരീരത്തില്‍ ഏഴ് വെടിയുണ്ടകളും അജിതയുടെ ശരീരത്തില്‍ 19 വെടിയുണ്ടകളുമാണ് കണ്ടെത്തിയത്. വെടിയേറ്റ് ആന്തരികാവയവങ്ങള്‍ തകര്‍ന്നാണ് ഇരുവരും കൊല്ലപ്പെട്ടതെന്നാണ് ഫോറന്‍സിക് റിപോര്‍ട്ടില്‍ പറയുന്നു.

അതിനു ശേഷം 2019 മാര്‍ച്ച് 6ന് ലക്കിടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ച് മാവോവാദി സി പി ജലീലിനെ പോലീസ് വെടിവെച്ചു കൊന്നു.

മാവോവാദികളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ് ജലീല്‍ കൊല്ലപ്പെട്ടത് എന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. തണ്ടര്‍ബോള്‍ട്ടിനെ കണ്ടപ്പോള്‍ ജലീല്‍ ഉള്‍പ്പടെയുള്ള മാവോവാദി സംഘം ആദ്യം വെടിയുതിര്‍ക്കുകയായിരുന്നെന്നും തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് നടത്തിയ പ്രത്യാക്രമണത്തിലാണ് ജലീല്‍ കൊല്ലപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ ജലീലിന്റെ പിറകില്‍നിന്ന് വെടിയേറ്റ് ഉണ്ട കണ്ണിനുസമീപം മുഖം തൂളച്ചാണ് പോയത്. ഒട്ടേറെ വെടിയുണ്ടകള്‍ ശരീരം തുളച്ച നിലയിലായിരുന്നു. റിസോര്‍ട്ടിനുപുറത്ത് നിര്‍മിച്ച വാട്ടര്‍ഫൗണ്ടന് സമീപം കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മാവോവാദികള്‍ വെടിവെച്ചതായി പറയുന്ന തോക്കിലെ ഉണ്ടകള്‍ പോലിസിന്റെ തോക്കില്‍ ഉപയോഗിക്കുന്നവയാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

2019 ഒക്ടോബര്‍ 28 ന് പാലക്കാട് മഞ്ചിക്കണ്ടി ഊരില്‍ നാല് മാവോവാദികളെയാണ് തണ്ടര്‍ബോള്‍ട്ട് വെടിവെച്ചു കൊന്നത്. ചിക്കമംഗലൂര്‍ സ്വദേശികളായ ശ്രീമതി, സുരേഷ്, കാര്‍ത്തി, മണിവാസകം എന്നിവരാണ് അന്ന് തണ്ടര്‍ബോള്‍ട്ടിന്റെ തോക്കിനിരയായത്. ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇവരെ വെടിവെച്ചു കൊന്നതെന്നും ഏറ്റുമുട്ടല്‍ ഉണ്ടായിട്ടില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. നാല് മാവോവാദികള്‍ തിരിച്ച് വെടിവെച്ചിട്ടും ഒരു തണ്ടര്‍ബോള്‍ട്ട് സംഘത്തിലെ ഒരാള്‍ക്കു പോലും പരുക്കേറ്റിരുന്നില്ല. മഞ്ചിക്കണ്ടി ഏറ്റുമുട്ടലിന് ശേഷം ഒന്നര വര്‍ഷമായിട്ടും ക്രൈംബ്രാഞ്ച്, മജിസ്റ്റീരിയില്‍ അന്വേഷണ റിപോര്‍ട്ട് തയ്യാറായിട്ടില്ല.

അധികാരത്തിലേറി നാലു വര്‍ഷം പിന്നിട്ട എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഏറ്റവും ഒടുവിലായി നടന്ന മാവോവാദി കൊലപാതകമാണ് വയനാട് ബാണാസുര പന്തിപ്പൊയില്‍ വാളാരം കുന്നിലേത്.

അധികാരത്തിലേറി നാലു വര്‍ഷം പിന്നിട്ട എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഏറ്റവും ഒടുവിലായി നടന്ന മാവോവാദി കൊലപാതകമാണ് വയനാട് ബാണാസുര പന്തിപ്പൊയില്‍ വാളാരം കുന്നിലേത്. മാവോവാദി നേതാവ് വേല്‍മുരുകനാണ് കാപ്പിക്കളത്ത് ഭാസ്‌കരന്‍ മലയില്‍ തണ്ടര്‍ബോള്‍ട്ടിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. എല്ലാ പ്രാവശ്യത്തെയും പോലെ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു എന്നാണ് പോലിസ് ഭാഷ്യം.

Next Story

RELATED STORIES

Share it