Latest News

ഒന്നാംഘട്ട നെല്ല് സംഭരണം: തൃശൂരില്‍ സപ്ലൈകോ സംഭരിച്ചത് 8.33 കോടി രൂപ മൂല്യമുള്ള നെല്ല്

ഒന്നാംഘട്ട നെല്ല് സംഭരണം: തൃശൂരില്‍ സപ്ലൈകോ സംഭരിച്ചത് 8.33 കോടി രൂപ മൂല്യമുള്ള നെല്ല്
X

തൃശൂര്‍: ജില്ലയില്‍ ഒന്നാംഘട്ട സംഭരണത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരില്‍ നിന്ന് സപ്ലൈകോ സംഭരിച്ചത് 8.33 കോടി രൂപ മൂല്യമുള്ള നെല്ല്. ഡിസംബര്‍ 21 വരെയുള്ള കണക്കു പ്രകാരം 3034 ടണ്‍ നെല്ലാണ് സപ്ലൈകോ സംഭരിച്ചിരിക്കുന്നത്. ഇതില്‍ 4.82 കോടി രൂപ വിവിധ ബാങ്കുകളിലൂടെ കര്‍ഷകരുടെ അക്കൗണ്ടില്‍ ലഭ്യമാക്കിക്കഴിഞ്ഞു. ഫെഡറല്‍ ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കേരള ബാങ്ക്, കനറാ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളാണ് കര്‍ഷകര്‍ക്ക് പി.ആര്‍.എസ്. വായ്പാ പദ്ധതി പ്രകാരം വായ്പകള്‍ നല്‍കി വരുന്നത്.

ഈ വര്‍ഷം ജില്ലയില്‍ ആകെയുള്ള 28,000 ഏക്കറില്‍, 385 കോടി രൂപ മൂല്യമുള്ള 1.4 ലക്ഷം ടണ്‍ നെല്ല് സംഭരണം നടത്താമെന്നാണ് സപ്ലൈകോ പ്രതീക്ഷിക്കുന്നത്. കിലോയ്ക്ക് 27.48 രൂപയാണ് ഈ വര്‍ഷത്തെ സംഭരണവില. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന 18.68 രൂപയ്ക്ക് പുറമെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 8.80 രൂപ കൂടി ഉള്ളതിനാലാണ് ഈ വില ലഭിക്കുന്നത്.

ഡിസംബര്‍ 21 വരെയുള്ള കണക്കു പ്രകാരം 6574 പേര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. തലപ്പിള്ളി താലൂക്കിലാണ് കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത്4126 പേര്‍. ഏറ്റവും കൂടുതല്‍ നെല്ല് സംഭരിക്കാന്‍ സാധിച്ചതും തലപ്പിള്ളി താലൂക്കില്‍ നിന്നുതന്നെ. 2277 ടണ്‍ നെല്ലാണ് ഇവിടെ നിന്ന് സംഭരിച്ചത്. ചാലക്കുടി താലൂക്ക്231 ടണ്‍, ചാവക്കാട്43 ടണ്‍, കൊടുങ്ങല്ലൂര്‍0, മുകുന്ദപുരം266 ടണ്‍, തൃശൂര്‍254 ടണ്‍ എന്നിങ്ങനെയാണ് ഓരോ താലൂക്കില്‍ നിന്നും സംഭരിച്ച നെല്ലിന്റെ അളവ്.

2021 ജനുവരി ഒന്ന് മുതല്‍ കൊയ്തു വരുന്ന വിളയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ടെന്ന് സപ്ലൈകോ പാഡി മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ അറിയിച്ചു. കര്‍ഷകര്‍ http://www.supplycopaddy.in/ എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

Next Story

RELATED STORIES

Share it