Latest News

സീതാ രവീന്ദ്രന്‍ കുന്നംകുളം നഗരസഭ അധ്യക്ഷ

സീതാ രവീന്ദ്രന്‍ കുന്നംകുളം നഗരസഭ അധ്യക്ഷ
X

തൃശൂര്‍: 78 വര്‍ഷത്തെ നഗരസഭയുടെ ചരിത്രത്തില്‍ തുടര്‍ച്ചയായി രണ്ടു തവണ ചെയര്‍പേഴ്‌സന്‍ പദവി അലങ്കരിക്കുന്ന അപൂര്‍വ സൗഭാഗ്യത്തിന് ഉടമയായി കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സീതാ രവീന്ദ്രന്‍. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ പദവി സ്ത്രീ സംവരണമായിരുന്നുവെങ്കില്‍ 2020 ല്‍ ചെയര്‍മാന്‍ പദവി ജനറല്‍ വിഭാഗത്തിനായിരുന്നു.

കഴിഞ്ഞ 5 വര്‍ഷം നഗരസഭയെ മികച്ച രീതിയില്‍ നയിച്ച സീതാ രവീന്ദ്രന്റെ കഴിവിനെ ഏവരും അംഗീകരിച്ചതിന്റെ ഫലമാണ് അവര്‍ക്ക് രണ്ടാമതും ലഭിച്ച നഗരസഭ അധ്യക്ഷ പദവി.

1995 ല്‍ ചൊവ്വന്നൂര്‍ പഞ്ചായത്ത് മെമ്പറായാണ് സീതാ രവീന്ദ്രന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിലെത്തുന്നത്. പോര്‍ക്കളങ്ങാട് ഉള്‍പ്പെടുന്ന ഭാഗം നഗരസഭയോട് ചേര്‍ക്കപ്പെട്ടതോടെ 2000 മുതല്‍ 2010 വരെ രണ്ടു തവണ കൗണ്‍സിലറായിരുന്നു. 2010 ല്‍ മത്സരിച്ചില്ല. പിന്നീട് 2015 ല്‍ വീണ്ടും കൗണ്‍സിലറായി നഗരസഭ ചെയര്‍പേഴ്‌സനായി. 2020 ല്‍ നഗരസഭ ചീരംകുളം 24ാം വാര്‍ഡില്‍ നിന്നുമാണ് കൗണ്‍സിലറായത്.

37 അംഗ കൗണ്‍സിലില്‍ 19 വോട്ടുകള്‍ നേടിയാണ് സീതാ രവീന്ദ്രന്‍ ചെയര്‍ പേഴ്‌സണായത്. വോട്ടെടുപ്പില്‍ ബിജെപിയിലെ കെ കെ മുരളി 8 വോട്ടുകളും യുഡിഎഫിലെ ബിജു സി ബേബി 7 വോട്ടുകളും നേടി. ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ പി ഡി സിന്ധു വരണാധികാരിയായി.

വികസന തുടര്‍ച്ചയാണ് ലക്ഷ്യമെന്ന് സത്യപ്രതിജ്ഞയ്ക്കു ശേഷം സീതാ രവീന്ദ്രന്‍ പറഞ്ഞു. കൗണ്‍സിലില്‍ രാഷ്ട്രീയമില്ല. എല്ലാവരും കൂട്ടായി നിന്ന് ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുണ്ടെന്നും അവര്‍ പറഞ്ഞു. വോട്ടെടുപ്പിനു ശേഷം തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ ചെയര്‍ പേഴ്‌സനെ അഭിനന്ദിക്കാന്‍ കൗണ്‍സില്‍ ഹാളില്‍ നേരിട്ടെത്തി.

Next Story

RELATED STORIES

Share it