Latest News

2.15 കോടി രൂപയുടെ നവീകരണം; ഭട്ട് റോഡ് ബീച്ച് ബ്ലിസ് പാര്‍ക്ക് നാടിന് സമര്‍പ്പിച്ചു

2.15 കോടി രൂപയുടെ നവീകരണം;  ഭട്ട് റോഡ് ബീച്ച് ബ്ലിസ് പാര്‍ക്ക് നാടിന് സമര്‍പ്പിച്ചു
X

കോഴിക്കോട്: പൊതുനിര്‍മ്മിതികളുടെ സംരക്ഷണ ചുമതല ഓരോരുത്തരുടെയും കടമയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നവീകരിച്ച ഭട്ട് റോഡ് ബീച്ച് ബ്ലിസ് പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നമ്മുടെ സാമൂഹിക കാഴ്ചപ്പാടിന്റെ ഉന്നതനിലവാരം പൊതുനിര്‍മിതികളുടെ സംരക്ഷണത്തിന് കാവലാവണം. അതിലൂടെ നാടിന്റെ സമ്പത്ത് സംരക്ഷിക്കപ്പെടുകയും നവീകരണത്തിനൊപ്പം നവ നിര്‍മിതികളും സാധ്യമാവുമെന്ന് മന്ത്രി പറഞ്ഞു.


നവീകരണത്തിന്റെ ഒപ്പം തന്നെ നശീകരണവും കേരളത്തിന്റെ ശീലമായിരുന്നു. ഇപ്പോള്‍ അത് കുറഞ്ഞു വരുന്നുണ്ട്. നശീകരണ പ്രക്രിയകള്‍ക്കെതിരെ ജനങ്ങള്‍ വലിയ രീതിയിലുള്ള പ്രതിരോധവും ക്യാമ്പയിനും നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

2.15 കോടി രൂപയുടെ നവീകരണ പ്രവൃത്തികളാണ് ഭട്ട് റോഡ് ബീച്ചില്‍ നടത്തിയത്. ഇതില്‍ 1.15 കോടി വിനോദസഞ്ചാര വകുപ്പും ഒരു കോടി രൂപ എം.എല്‍.എ ഫണ്ടുമാണ്. സ്‌കേറ്റിങ് ട്രാക്കും കുളത്തിനു സമീപം നിര്‍മ്മിക്കുന്ന സംഗീതത്തോടുകൂടിയ ജലധാരയുമാണ് പ്രധാന ആകര്‍ഷണം.

സൈക്കിള്‍ സവാരിക്ക് പ്രത്യേക പാതയും നിര്‍മ്മിച്ചിട്ടുണ്ട്. സ്‌റ്റേജ്, നടപ്പാത, കുളം നവീകരണം, കുട്ടികളുടെ പാര്‍ക്ക്, കഫ്റ്റീരിയ എന്നിവയ്‌ക്കൊപ്പം സഞ്ചാരികളെ ആകര്‍ഷിക്കും വിധം കവാടവും നിര്‍മ്മിച്ചു. നിര്‍മ്മിതി കേന്ദ്രയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

എം.കെ രാഘവന്‍ എം.പി, മേയര്‍ ബീന ഫിലിപ്പ്, കൗണ്‍സിലര്‍മാരായ എം.കെ മഹേഷ്, പി പ്രസീന, സി.പി സുലൈമാന്‍, ജില്ലാ കലക്ടര്‍ സാംബശിവറാവു, മുന്‍ എം.എല്‍.എ എ പ്രദീപ് കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ അനിത കുമാരി, വിനോദസഞ്ചാര വകുപ്പ് മേഖലാ ജോയിന്റ് ഡയറക്ടര്‍ അനിത കുമാരി സി.എന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എസ് അനില്‍ കുമാര്‍, നിര്‍മ്മിതി കേന്ദ്ര പ്രതിനിധി ഡെന്നീസ് മാത്യു, ഡി.ടി.പി.സി സെക്രട്ടറി ബീന സി.പി, ആര്‍ക്കിടെക്ട് നൗഫല്‍ സി ഹാഷിം, ഭട്ട് റോഡ് കൂട്ടായ്മ പ്രതിനിധി ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it