Latest News

കടയുടെ സമീപം നാല് പേര്‍ നിന്നതിന് കടയുടമക്ക് 2000 രൂപ പിഴ; നമ്മുടെ സിസ്റ്റം എത്ര മനുഷ്യത്വരഹിതമാണെന്ന ചോദ്യവുമായി പഞ്ചായത്ത് പ്രസിഡന്റ്

കടയുടെ സമീപം നാല് പേര്‍ നിന്നതിന് കടയുടമക്ക് 2000 രൂപ പിഴ; നമ്മുടെ സിസ്റ്റം എത്ര മനുഷ്യത്വരഹിതമാണെന്ന ചോദ്യവുമായി പഞ്ചായത്ത് പ്രസിഡന്റ്
X

പാലക്കാട്: നാട്ടിന്‍പുറത്തെ പലചരക്ക് കടക്ക് സമീപം നാല് യുവാക്കള്‍ നിന്നതിന്റെ പേരില്‍ പലചരക്ക് കടക്കാരന് 2000 രൂപ പിഴ ചുമത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി തച്ചനാട്ടുകര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ പി എം സലീം. സാധുക്കളെ പിഴിഞ്ഞിട്ടാണോ നിയമം നടപ്പാക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. നമ്മുടെ സിസ്റ്റം എത്ര മനുഷ്യത്വരഹിതമാണ് എന്ന് തിരിച്ചറിഞ്ഞ, ഏറെ പ്രയാസം തോന്നിയ ഒരു ദിവസമാണ് ഇന്ന് എന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റിന് താഴെ നൂറുകണക്കിന് പേരാണ് പോലിസ് രാജിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഞാന്‍

കെ പി എം സലീം

തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്

നമ്മുടെ സിസ്റ്റം എത്ര മനുഷ്യത്വരഹിതമാണ് എന്ന് തിരിച്ചറിഞ്ഞ,ഏറെ പ്രയാസം തോന്നിയ ഒരു ദിവസമാണിന്ന്.എന്റെ വാര്‍ഡ് ചാമപ്പറമ്പ് തികച്ചും ഒരു കുഗ്രാമം.പേരിനു പോലും ഒരു ബസ് സര്‍വ്വീസ് ഇല്ലാത്ത, ഓട്ടോസ്റ്റാന്റ് ഇല്ലാത്ത, മറ്റൊരു നാട്ടുകാരനും ഒരു സാധനം പോലും വാങ്ങാന്‍ വരാത്ത ചാമപ്പറമ്പിലെ നറുക്കോട് എന്ന ദേശത്ത് വളരെ കുറഞ്ഞ വീടുകള്‍. ആകെയുള്ള 2 പലചരക്കുകടകള്‍.രണ്ട് കടകളിലും കൂടി എന്ത് കച്ചവടം നടക്കും എന്ന് നാം ഒന്ന് ചിന്തിക്കണം.അതില്‍ ഒരു കടക്കാരന് നമ്മുടെ പോലീസുകാര്‍ ഫൈനിട്ട രശീതിയാണ് ചുവടെയുള്ളത്.നിയമ ലംഘനങ്ങള്‍ക്ക് ശുപാര്‍ശകനായി പൊതുവെ പോലീസ് സ്‌റ്റേഷനില്‍ പോകാത്ത ഞാനിന്നു പോയി. വാര്‍ദ്ധക്യത്തിലെത്തിയ കടയുടമയുടെ കണ്ഠമിടറിയ അഭ്യര്‍ത്ഥന മാനിച്ചാണ് പോയത്.പലചരക്ക് കടയുടെ സമീപത്ത് നാലു ചെറുപ്പക്കാര്‍ നിന്നു എന്നതാണ് കുറ്റം.(അവര്‍ നിന്നത് ശരിയാണെന്നഭിപ്രായമില്ല).അവര്‍ നിന്നതിന് കടക്കാരനിട്ട ഫൈനാണീ 2000.പല ചരക്ക് സാധനം വിറ്റ് 2000 രൂപ ലാഭം കിട്ടണമെങ്കില്‍ എത്ര ദിവസം കച്ചവടം നടത്തണം ഈ നാട്ടില്‍ പുറത്തുകാരന്‍ എന്ന് നമുക്കൂഹിക്കാവുന്നതേയുള്ളൂ. ഒരു അഞ്ഞൂറു രൂപ വാങ്ങിയാല്‍ പോലും വലിയ പിഴയാകുമായിരുന്നിടത്താണ് എകഞ ഇട്ട് രണ്ടായിരം വാങ്ങിയത്.സത്യം പറഞ്ഞാല്‍ ഇടനെഞ്ച് പൊട്ടിപ്പോയി അയാളുടെ ദയനീയാവസ്ഥയോര്‍ത്ത്.ബീവറേജസിനു മുന്നില്‍ ആയിരങ്ങള്‍ ഒത്തുകൂടി സാമൂഹികാകലം പാലിക്കാതെ എത്ര സമയം നിന്നാലും നടപടിയെടുക്കാത്ത നമ്മുടെ സിസ്റ്റം തന്നെയാണ് ഈ അരുതായ്മകള്‍ ചെയ്യുന്നത്.2000 ഫൈനിട്ട പോലീസുകാരനും ഒരുപക്ഷെ നിസഹായനായിരിക്കാം.മുകളിലെ ഏമാന്‍മാരുടെ ഉത്തരവുകളനുസരിക്കാനേ അയാള്‍ക്കു നിര്‍വ്വാഹമുള്ളൂ.

പക്ഷെ ഒന്നു പറയാം.സാധുക്കളെ ഇങ്ങനെ പിഴിഞ്ഞിട്ടാണോ നിയമം നടപ്പിലാക്കേണ്ടത്.കോടികള്‍ കട്ടുമുടിച്ചവര്‍ ഒരു രൂപ പോലും പിഴ നല്‍കാതെ വിലസുന്ന നാട്ടിലാണിതെല്ലാം എന്നോര്‍ക്കുമ്പോള്‍ അറിയാതെ പറഞ്ഞു പോകുന്നു നാണക്കേടേ നിന്റെ പേരോ .........



Next Story

RELATED STORIES

Share it