Latest News

മുസിരിസില്‍ അത്യാധുനിക സുരക്ഷാ ബോട്ടുകള്‍ നീറ്റിലിറക്കി

മുസിരിസില്‍ അത്യാധുനിക സുരക്ഷാ ബോട്ടുകള്‍ നീറ്റിലിറക്കി
X

കൊടുങ്ങല്ലൂര്‍: മുസിരിസിന്റെ തീരദേശത്തിന് ഇനി മുസിരിസ് പൈതൃക പദ്ധതിയുടെ 'സുരക്ഷ'. കാറ്റിലും കോളിലും പ്രതിസന്ധികളെ മറികടന്ന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന അത്യാധുനിക സുരക്ഷാ ബോട്ടുകള്‍ നീറ്റിലിറക്കുകയാണ് മുസിരിസ് പൈതൃക പദ്ധതി. ആദ്യഘട്ടമെന്ന നിലയില്‍ നാല് പേര്‍ക്ക് വീതമിരിക്കാവുന്ന സ്പീഡ് ബോട്ടുകളിലൊന്ന് കോട്ടപ്പുറം കായലില്‍ ഇറക്കിക്കഴിഞ്ഞു. 90 എച്ച് പി എഞ്ചിനും 25 നോട്ട് വേഗതയോട് കൂടിയതുമായ ബോട്ടാണ് നീറ്റിലിറങ്ങിയത്. കേരള ഷിപ്പിങ് ഇന്‍ലാന്റ് നാവിഗേഷന്‍ കേര്‍പറേഷന്‍ കമേഴ്‌സ്യല്‍ മാനേജര്‍ സിറില്‍ എബ്രഹാമില്‍ നിന്ന് സുരക്ഷാ ബോട്ട് അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ഏറ്റുവാങ്ങി.

രണ്ട് ഘട്ടങ്ങളിലായി എട്ട് ബോട്ടുകളാണ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങുന്നത്. ആദ്യഘട്ടത്തില്‍ 3.13 കോടി ചെലവഴിച്ച് നാല് ബോട്ടുകളാണ് നീറ്റിലിറക്കുക. സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സഞ്ചാരികള്‍ക്കും യാത്രചെയ്യാന്‍ സൗകര്യപ്രദമായ രീതിയിലാണ് ഇതിന്റെ നിര്‍മാണം. കേരള ഷിപ്പിങ് ഇന്‍ലാന്റ് നാവിഗേഷന്‍ കേര്‍പറേഷനാണ് നിര്‍മാണച്ചുമതല.

2018ലെ പ്രളയം മുസിരിസിന്റെ പ്രാന്തപ്രദേശങ്ങളെ ഗണ്യമായി ബാധിച്ചിരുന്നു. വാട്ടര്‍ ടാക്‌സികളടക്കം 11 ബോട്ടുകളാണ് മുസിരിസ് പൈതൃക പദ്ധതിയുടെ ജലപാതയിലുള്ളത്. മേഖലയില്‍ അപകടങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുള്ള സംവിധാനങ്ങളും സമീപത്തെവിടെയും ഇല്ല. അഴീക്കോട് മുതല്‍ ചേറ്റുവ വരെയുള്ള കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ഫിഷറീസ് വകുപ്പ് വാടകയ്‌ക്കെടുത്ത മീന്‍പിടിത്ത ബോട്ടും അഴീക്കോട് തീരദേശ പോലിസിന്റെ രണ്ട് നിരീക്ഷണ ബോട്ടുകളും മാത്രമാണുള്ളത്. ഈ സന്ദര്‍ഭത്തിലാണ് സുരക്ഷാ ബോട്ടുകള്‍ എന്ന ആശയത്തിന് അധികൃതര്‍ രൂപം നല്‍കുന്നത്. മുസിരിസിന്റെ പുതിയ സുരക്ഷാ ബോട്ട് കടലിലെ അപകടങ്ങളിലും ഉപയോഗപ്പെടുത്തുവാന്‍ കഴിയും. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നതോടെ മുസിരിസ് ജലപാതയിലെ മുഴുവന്‍ ബോട്ടുകളും അറ്റകുറ്റപ്പണികളും പെയിന്റിങും നടത്തി ആകര്‍ഷകമാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണെന്ന് മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടര്‍ പി എം നൗഷാദ് അറിയിച്ചു.

കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എം യു ഷിനിജ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍, കൗണ്‍സിലര്‍ എല്‍സി പോള്‍, പൈതൃക പദ്ധതി മാനേജിങ് ഡയറക്ടര്‍ പി എം നൗഷാദ്, മാര്‍ക്കറ്റിങ് മാനേജര്‍ ഇബ്രാഹിം സബിന്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it