Latest News

ഇന്ത്യന്‍ സാംസ്‌കാരിക പൈതൃകങ്ങളുടെ നേര്‍കാഴ്ച്ചയൊരുക്കി ഫ്രറ്റേണിറ്റി ഫോറം ഫുഡ് ഫെസ്റ്റിവല്‍

ഇന്ത്യന്‍ സാംസ്‌കാരിക പൈതൃകങ്ങളുടെ നേര്‍കാഴ്ച്ചയൊരുക്കി ഫ്രറ്റേണിറ്റി ഫോറം ഫുഡ് ഫെസ്റ്റിവല്‍
X

ജിദ്ദ: ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ആസാദി കാ അമൃത് മഹോത്സാവിന്റെ ഭാഗമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ റീജിയണല്‍ കമ്മിറ്റി ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ചു സംഘടിപ്പിച്ച 'ഫ്‌ലേവേഴ്‌സ് ഓഫ് ഇന്ത്യ' ഇന്ത്യന്‍ ഫുഡ് ഫെസ്റ്റിവല്‍ രുചി വിഭവങ്ങളും ഇന്ത്യന്‍ സാംസ്‌കാരിക പൈതൃകങ്ങളുടെ നേര്‍ക്കാഴ്ചയുമൊരുക്കി ശ്രദ്ധേയമായി.


പ്രദര്‍ശനം സംഘടിപ്പിച്ച കോണ്‍സുലേറ്റ് ഓഫിസ് കവാടത്തിന്റെ ദൃശ്യം തന്നെ അതിഗംഭീരമായി. ഡല്‍ഹിയിലെ ചെങ്കോട്ടയുടെ മാതൃകയില്‍ രൂപകല്‍പ്പന ചെയ്ത പ്രവേശന കവാടം കരവിരുതിന്റെ കഴിവ് തെളിയിക്കുന്നതായിരുന്നു.

വിവിധ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക വൈവിധ്യങ്ങള്‍ വിളിച്ചോതുന്ന തരത്തില്‍ രൂപകല്‍പന ചെയ്ത ഭക്ഷണ സ്റ്റാളുകളും രുചിക്കൂട്ടുകളുടെ മാറ്റ് വര്‍ദ്ധിപ്പിച്ചു.

വിവിധ സംസ്‌കാരങ്ങളുടെയും ആചാരങ്ങളുടെയും വൈവിധ്യമാര്‍ന്ന ആഘോഷങ്ങളുടെയും ആഹാരങ്ങളുടെയും കലവറയായ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പ്രവാസലോകത്ത് ജീവിതം കഴിച്ചുകൂട്ടുന്ന ആളുകള്‍ക്ക് പലതരം വിഭവങ്ങളുടെ രുചിയറിയാനും അതിലൂടെ സൗഹൃദവും സന്തോഷവും പങ്കിടാനുമാണ് ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്.


ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകങ്ങളുടെ നേര്‍ക്കാഴ്ചയും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള രുചി വൈഭങ്ങളുടെ പ്രദര്‍ശനവും ഡിസ്സേര്‍ട്ട് കോണ്ടെസ്റ്റ് എന്നപേരില്‍ നടത്തിയ വനിതകള്‍ക്കായുള്ള മത്സരവും ഫുഡ് ഫെസ്റ്റിവലിന്റെ ആകര്‍ഷകമായ ഇനങ്ങളായിരുന്നു.

ഫുഡ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള രുചിവൈവിധ്യങ്ങള്‍ നിറപ്പകിട്ടോടെയും സാംസ്‌കാരികത്തനിമയോടെയും പ്രദര്‍ശിപ്പിക്കാനും കൊതിയൂറുന്നതും പുതുമയാര്‍ന്നതുമായ വിഭവങ്ങള്‍ രുചിക്കാനുമുള്ള അവസരമൊരുക്കിയ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഭാരവാഹികളെയും പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു. വര്‍ഷങ്ങളായി ഹജ്ജ് സേവന രംഗത്ത് കോണ്‍സുലേറ്റുമായി സഹകരിച്ച് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ഫ്രറ്റേണിറ്റി ഫോറം 'ഫ്‌ലേവേഴ്‌സ് ഓഫ് ഇന്ത്യ' എന്ന ഒരുമയുടെ ഉത്സവമായ ഈ പരിപാടിയിലൂടെ ആസാദി കാ അമൃത് മഹോത്സാല്‍വിന്റെ ഭാഗമായതില്‍ വളരെയേറെ സന്തോഷിക്കുന്നതായും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു.

ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ വൈ.സാബിര്‍, ഹംന മറിയം (കോണ്‍സല്‍ കോമേഴ്‌സ് & എച്ച്ഒസി), വൈസ് കോണ്‍സുല്‍ മാലതി ഗുപ്ത (അഡ്മിന്‍, പ്രോപ്പര്‍ട്ടി & എഡ്യൂക്കേഷന്‍), ഹങ്ങ് സിംഗ് (കോണ്‍സല്‍ എക്കണോമിക്‌സ്), മക്ക മറക്കിസുല്‍ അഹ് യാ ഹജ്ജ് ട്രെയിനര്‍ മുഹമ്മദ് സിദ്ധീഖി, ഷഫീര്‍ കൗസര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ഇന്ത്യന്‍ ഭക്ഷണ രീതികള്‍ മുഖ്യവിഷയമായി നടത്തിയ തത്സമയ ഗെയിം ചാറ്റില്‍ സന്ദര്‍ശകരുടെ മുഴുവന്‍ പങ്കാളിത്തവുമുണ്ടായി.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സാമൂഹിക സാംസ്‌കാരിക വ്യവസായ മാധ്യമ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധി ച്ചു.

വനിതകള്‍ക്കായി സംഘടിപ്പിച്ച ഡിസ്സേര്‍ട്ട് കോണ്ടെസ്റ്റില്‍ ബാസിമ മുഹ്തിഷാം (കര്‍ണാടക) ഒന്നാം സ്ഥാനത്തിന് അര്‍ഹയായി. അനാം റൈഹാന്‍ കൊബാറ്റെ (ഭട്കല്‍), മുംതസ ഉബൈദുല്ലാഹ് അസ്‌കരി (ഭട്കല്‍) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കോണ്‍സുല്‍ ജനറലിന്റെ പത്‌നി ഡോ. ഷക്കീല വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. അല്‍ അബീര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ആലുങ്ങല്‍ മുഹമ്മദ്, ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ വി.പി. മുഹമ്മദലി, അബ്ദുല്‍ റഹ്മാന്‍ (ഷിഫ ജിദ്ദ പൊളി ക്ലിനിക്), മുഹമ്മദ് ഷമീം കൗസര്‍, ഇഖ്ബാല്‍ മിര്‍സ, ഡോ. അഷ്ഫാഖ് മണിയാര്‍, മിക്‌സ് അക്കാഡമി ചെയര്‍മാന്‍ അബ്ദുല്‍ ഗനി, അസീസുല്‍ റബ്ബ്, മുഹമ്മദ് അസ്‌ലം ഖാസി എന്നിവരെ ചടങ്ങില്‍ കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് നല്‍കി ആദരിച്ചു. മാസങ്ങള്‍ക്കു മുമ്പ് ജിദ്ദയില്‍ മരണപ്പെട്ട ഐ.പി. ഡബ്ല്യൂ ,എഫ്. മുന്‍ പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ ഖാനുള്ള ലൈഫ് ടൈം അച്ചീവ്!മെന്റ് അവാര്‍ഡ് അദ്ദേഹത്തിന്റെ മരുമകന്‍ ആബിദ് സിദ്ദീഖി ചടങ്ങില്‍ ഏറ്റു വാങ്ങി.

മാസ്റ്റര്‍.സിബ്ഗത്തുല്ലയുടെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച ചടങ്ങില്‍ ഫ്രറ്റേണിറ്റി ഫോറം തമിഴ്‌നാട് സ്‌റ്റേറ്റ് സെക്രട്ടറി അമീര്‍ സുല്‍ത്താന്‍ സ്വാഗതം പറഞ്ഞു. റീജിണല്‍ പ്രസിഡന്റ് ഫയാസുദ്ദീന്‍ ചെന്നൈ അധ്യക്ഷത വഹിച്ചു. അസീം ഷീസാന്‍ പരിപാടികളുടെ അവതാരകനായിരുന്നു. ഫ്രറ്റേണിറ്റി ഫോറം ജിദ്ദ നോര്‍ത്തേണ്‍ സ്‌റ്റേറ്റ്‌സ് പ്രസിഡന്റ് സെയ്ദ് അലി കൊല്‍ക്കത്ത നന്ദിയും പറഞ്ഞു.

യൂനിലിവര്‍, ലുലു ഗ്രൂപ്പ്, ഈസ്‌റ്റേണ്‍ ഗ്രൂപ്പ്, ഗ്രീന്‍ ലാന്റ് ഹോട്ടല്‍, ബിരിയാണി ഗേറ്റ്, ബാഫ്‌കോ, പെട്രോണസ്, ഹിമാലയ, പ്രീമിയര്‍, ഷൂഫിയാസ് കുക്ക് ഹൗസ് എന്നീ കമ്പനികളുടെയും സ്ഥാപങ്ങളുടെയും സഹകരണത്തോടെയാണ് ഫുഡ്‌ഫെസ്റ്റിവലിന്റെ സ്റ്റാളുകള്‍ തയ്യാറാക്കിയിരുന്നത്.

കോയിസ്സന്‍ ബീരാന്‍കുട്ടി, മുഹമ്മദ് ഹക്കീം കണ്ണൂര്‍, മുഹമ്മദലി കൂന്തല, സാജിദ് ഫറോക്ക്, ഷാഹുല്‍ ഹമീദ് തൊഴൂപ്പാടം, ഹംസ കരുളായി, മുഹമ്മദ് ഹുസ്സൈന്‍ ബജ്‌പെ,കബീര്‍ കൊണ്ടോട്ടി, ജംഷീദ്, സക്കരിയ്യ, അഹമ്മദ് അക്രം ലഖ്‌നൗ, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it