Latest News

വര്‍ത്തമാനപത്രങ്ങളും മുസ് ലിംകളും ചന്ദ്രികയും; മുന്‍ പത്രപ്രവര്‍ത്തകന്റെ അനുഭവങ്ങള്‍

വര്‍ത്തമാനപത്രങ്ങളും മുസ് ലിംകളും ചന്ദ്രികയും; മുന്‍ പത്രപ്രവര്‍ത്തകന്റെ അനുഭവങ്ങള്‍
X

ഖാദര്‍ പാലാഴി

കോഴിക്കോട്: മലയാളപത്രങ്ങളിള്‍ ചന്ദ്രികക്ക് അതുല്യമായ സ്ഥാനമുണ്ട്. ദേശീയപത്രങ്ങളെന്ന് അറിയപ്പെടുന്ന പല പത്രങ്ങളിലെയും ദലിതരുടെയും പിന്നാക്കക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും എണ്ണം പരിതാപകരമാം വിധം കുറവാണ്. ആ സാഹചര്യത്തിലാണ് ചന്ദ്രികയെപ്പോലുള്ള പത്രങ്ങള്‍ അത്തരം സാമൂഹികവിഭാഗങ്ങളെ പത്രപ്രവര്‍ത്തകരായി തിരഞ്ഞെടുക്കുന്നത്. ഇക്കാര്യത്തില്‍ മുസ് ലിം പത്രങ്ങളുടേത് ഒരു മാതൃകയാണ്. തന്റെ അനുഭവങ്ങളിലൂടെ ചന്ദ്രികയെക്കുറിച്ചും മലയാള മാധ്യമങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് പിആര്‍ഡി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആയി വിരമിച്ച ഖാദര്‍പാലാഴി എഴുതുന്നു:

ഒരു പത്രത്തില്‍ സബ് എഡിറ്ററായി ജോയിന്‍ ചെയ്തതിന്റെ രണ്ടാം ദിവസം റിസപ്ഷനിലെത്തിയ എന്റെ ഒരു സുഹൃത്തിനോട് റിസപ്ഷനിസ്റ്റ് ചോദിച്ചു. ' സര്‍ പുതുതായി വന്നതാണോ?' 'അതെ' എന്ന് മൂളിയപ്പോള്‍ അടുത്ത ചോദ്യം 'പേരന്താണ്?'' പേര് പറഞ്ഞപ്പോള്‍ റിസപ്ഷനിസ്റ്റിന്റെ നിഷ്‌കളങ്കമായ പ്രതികരണം ഇങ്ങനെയായിരുന്നു. 'ആ, ഇങ്ങളാക്കൂട്ടര് ഒരാള്‍ കൂടിയുണ്ടല്ലോ ഇവിടെ.' അക്കാലത്ത് 'ഇങ്ങളാക്കൂട്ടര്‍' അത്രയും കുറവായിരുന്ന ആ പത്രത്തില്‍ ഇന്നും 'ഇങ്ങളാകൂട്ടര്‍' അത്രയൊന്നുമില്ല.

1934 മാര്‍ച്ച് 26ന് തുടങ്ങിയ ചന്ദ്രിക പത്രത്തിന് പക്ഷേ ദേശീയപത്ര മുദ്ര ആരും പതിച്ചു നല്‍കാറില്ലെങ്കിലും തുടക്കം മുതല്‍ ഇന്ന് വരെ ദേശീയ ജനവിഭാഗങ്ങളെയെല്ലാം ഉള്‍ക്കൊള്ളാനുള്ള വിശാലത കാട്ടിയ പത്രമാണത്. സാമ്പത്തിക പ്രതിസന്ധികളെ പത്രം അതിജീവിച്ച അനേകം ചരിത്രമുഹൂര്‍ത്തങ്ങളിലൊന്ന് പോലും പത്രക്കടലാസിന് പണമില്ലാഞ്ഞപ്പോള്‍ ഭാര്യയുടെ താലിച്ചെയിന്‍ പണയം വെച്ച ശങ്കുണ്ണി റൈറ്ററുടേതാണ്.

മുസ് ലിം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള പത്രത്തില്‍ കമ്പോസിംഗ് മുതല്‍ മാനേജീരിയല്‍ തസ്തികകളില്‍ വരെ എല്ലാ വിഭാഗമാളുകളും ജോലിയെടുക്കുന്നു. മതം മാത്രമല്ല രാഷ്ട്രീയം പോലും നോക്കാതെ നിയമിച്ചതിന്റെ ഉദാഹരണങ്ങള്‍ പറയുമ്പോള്‍ ചന്ദ്രികയുടെ എതിര്‍പക്ഷ രാഷ്ടീയത്തിന്റെ പത്രത്തില്‍ അങ്ങനെയൊന്ന് ഊഹിക്കാന്‍ പോലുമാകുമോ എന്ന് ആരും ചോദിക്കാതിരിക്കില്ല. ചന്ദ്രിക ജീവനക്കാരനായിരിക്കെ രണ്ട് ടേമില്‍ സി.പിഎം ടിക്കറ്റില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ ആള്‍ വരേ അവിടെ ഉണ്ടായിരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ മാനേജ്‌മെന്‍് എത്രമാത്രം ഡെമോക്രാറ്റിക് ആയിരുന്നുവെന്ന് ബോധ്യമാവും. പൗരധ്വനിയില്‍ പ്രവര്‍ത്തിച്ച മുഷ്താഖ് എന്ന പി.എ മുഹമ്മദ് കോയയെ കമ്യൂണിസ്റ്റ് അനുഭാവി ആയിക്കൊണ്ട് തന്നെയാണ് സിഎച്ച് ചന്ദ്രികയില്‍ കൊണ്ട് വരുന്നത്. ജോലിയിലിരിക്കെതന്നെ അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണയോടെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. ഇതോടൊപ്പം ചേര്‍ത്ത് പറയേണ്ട ഒരു കൗതുക വര്‍ത്തമാനം കൂടിയുണ്ട്. ചന്ദ്രിക കൊച്ചി എഡിഷനില്‍ കൂടുതല്‍ അമുസ്ലിംകളെ എടുക്കുന്നുവെന്ന് ആക്ഷേപിച്ചയാള്‍ ഇന്ന് കേരളത്തിലെ എണ്ണപ്പെടുന്ന ഇടതു സാംസ്‌കാരിക പ്രവര്‍ത്തകനാണ് എന്നതാണത്. ഒരു കാര്യം തര്‍ക്കമില്ലാത്ത കാര്യമാണ്. നേരത്തെ പറഞ്ഞ പത്രത്തിന്റെ മൊത്തം ജീവനക്കാരുടെ ബഹുത്വ ശരാശരിയും ചന്ദികയുടെ ശരാശരിയും നോക്കുമ്പോള്‍ ബഹുകാതം മുന്നിലാവും ചന്ദ്രികയെന്നുറപ്പിച്ച് പറയാനാവും.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ സാഹിത്യവും സംഗീതവും കലയും സിനിമയും ഊട്ടി വളര്‍ത്തിയ പ്ലാറ്റ്‌ഫോമാണ് ചന്ദ്രികയുടേത്. ഇതുവഴി മലയാളത്തിന് പരശതം അതുല്യ പ്രതിഭകളെ സമ്മാനിക്കാന്‍ കാരണമായ പത്രം.

ഈ ഇംക്ലൂസീവ്‌നസൊക്കെ ഒരു പത്രത്തിന്റെ പ്ലസുകളാണോ എന്ന് ചോദിക്കുന്നവരുണ്ടാവും. അവര്‍ മാധ്യമ മേഖലയില്‍നിന്ന് അകറ്റപ്പെടുന്ന ദളിതരേയും മറ്റ് പ്രാന്തവല്‍കൃതരേയും കുറിച്ച് രാജ്യത്താകെ നടക്കുന്ന ഗൗരവതരമായ സാമൂഹ്യശാസ്ത്ര പഠനങ്ങളും ഉത്ക്കണ്ഠകളും അറിയാത്തവരാണെന്നേ പറയാനുള്ളൂ.

ലോകത്ത് എട്ടര ദശകത്തിലേറെ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച പത്രങ്ങള്‍ ഒത്തിരിയുണ്ട്. എന്നാല്‍ മുസ് ലിം മാനേജ്‌മെന്റിന് കീഴില്‍ ഇത്ര പഴക്കമുള്ള പത്രങ്ങള്‍ എണ്ണിയാല്‍ ഏറെ പേരുകളൊന്നുമുണ്ടാവില്ല.

മതനിരപേക്ഷതയും ജനാധിപത്യവും നരകക്കുണ്ടിലേക്കുള്ള വഴിയാണെന്ന് രാജ്യത്തെ പ്രബലരായ ന്യൂനപക്ഷങ്ങളോട് ചിലര്‍ പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ അതല്ല അത് സ്വര്‍ഗത്തിലേക്കുള്ള വിജയപാതയാണെന്ന് വിളിച്ചു പറയുക മാത്രമല്ല അതിലൂടെ അവരെ രാഷ്ട്രീയ ശാക്തീകരണം നടത്തുകയും നീതിയുടെ പക്ഷം പിടിക്കുകയും ചെയ്ത പത്രമാണത്.

എന്നാല്‍ ചന്ദ്രികയെക്കുറിച്ച് ഇങ്ങനെയുള്ള അനേകം സുപ്പീരിയോറിട്ടി കോംപ്ലക്‌സുകളുമായി നടക്കേണ്ട അതിന്റെ സംഘാടകരും നടത്തിപ്പുകാരും പത്രത്തെക്കുറിച്ച് ഇന്‍ഫീരിയോറിട്ടി കോംപ്ലക്‌സ് പേറുന്നതായി പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. കണ്ണൂരില്‍ നടന്ന ഒരു യോഗത്തില്‍ ചന്ദ്രികയെക്കുറിച്ച് ശത്രുക്കളുണ്ടാക്കിയ ഇല്ലാകഥകള്‍ പറഞ്ഞ് നേതാവ് അണികളെ രസിപ്പിച്ചപ്പോള്‍ ചങ്കുറപ്പുള്ള പത്രാധിപര്‍ക്ക് അയാള്‍ക്ക് പരസ്യ മുന്നറിയിപ്പ് കൊടുക്കേണ്ട അവസ്ഥയുണ്ടായി. അനവസരത്തില്‍ പത്രത്തെ ഇകഴ്ത്തുന്നതും അതിന് വേണ്ടിയുള്ള ശബ്ദം ഉയര്‍ത്തേണ്ടിടത്ത് ഉയര്‍ത്താത്തതും ഈ കോംപ്ലക്‌സ് കൊണ്ടാണ്. ഈ കോംപ്ലക്‌സ് ആഴത്തില്‍ ചന്ദ്രിക ജീവനക്കാരിലും വേരൂന്നിയിട്ടുണ്ട്. വേജ് ബോര്‍ഡ് ശുപാര്‍ശകളിലൂടെ സാമാന്യം ഭേദപ്പെട്ട ശമ്പളം വാങ്ങുന്ന അവരില്‍ പലരും നിരന്തരമായ ആത്മനിന്ദയിലേര്‍പ്പെടുന്നവരാണ്.

1987ല്‍ തുടങ്ങിയ മറ്റൊരു പത്രത്തിന്റെ ട്രസ്റ്റ് യോഗം ആഴ്ചയിലൊരിക്കല്‍ അവയ്‌ലബിള്‍ അംഗങ്ങളെ വെച്ച് അന്ന് മുതല്‍ ഇന്ന് വരെ ചേരാറുണ്ടെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ ആ പത്രത്തേക്കാള്‍ ഗുണകാംക്ഷാ ശൃംഖലയും വിഭവശേഷിയും ചരിത്രവും പാരമ്പര്യവും ആള്‍ ശേഷിയുമുള്ള പത്രത്തിന്റെ ഡയറക്ടര്‍മാര്‍ക്ക് ഭരണപക്ഷത്താവുമ്പോള്‍ തല ചൊറിയാന്‍ സമയമുണ്ടാവില്ലെന്ന ന്യായം പറയാം. എന്നാല്‍ പ്രതിപക്ഷത്താവുമ്പോള്‍ ഇവരൊക്കെ ഏത് മലയാണ് മറിക്കാന്‍ പോകുന്നതെന്ന് ആലോചിച്ചിട്ടുണ്ട്. ബാഫഖി തങ്ങളും സി.എച്ചുമൊക്കെ ആഴ്ചയിലല്ല ദൈനംദിനമാണ് ചന്ദ്രികക്കാര്യത്തില്‍ ഇടപെട്ടിരുന്നതെന്ന് കേട്ടിട്ടുമുണ്ട്.

ഡയറക്ടര്‍ ബോര്‍ഡ് വിശ്വാസമര്‍പ്പിച്ച് വിവിധ ചുമതലകളില്‍ ഏല്‍പ്പിക്കുന്ന പലരും നൂറ് കൂട്ടം ഏര്‍പ്പാടുകളാല്‍ ചന്ദ്രികയില്‍ ശ്രദ്ധിക്കാന്‍ സമയം ലഭിക്കാത്തവരാണ്. അതുകൊണ്ട്തന്നെ പണക്കണക്കുകളില്‍ കൂടിച്ചേരലുകള്‍ക്കും കുറച്ചിലുകള്‍ക്കും സാധ്യത സ്വഭാവികം. അത് എത്രത്തോളം കൈവിട്ടുവെന്ന് വെച്ചാല്‍ പണമുണ്ടായിരിക്കെ പി എഫ് അടവ് കുടിശിക വരുത്തുകയും അതിന് ലക്ഷങ്ങള്‍ പിഴ ഒടുക്കുകയും റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ വരെ മടങ്ങുകയും ചെയ്യുന്ന അവസ്ഥയുണ്ടായി.

നോട്ട് നിരോധനവും കൊവിഡും ചാനല്‍ വ്യാപനവും എല്ലാ അച്ചടി മാധ്യമങ്ങള്‍ക്കും പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. അതിനാല്‍ പഴയ കാലത്തെ സുഭിക്ഷ പുരാണം വിളെേമ്പണ്ടന്നത് ശരിതന്നെ. എന്നാല്‍ മറ്റ് പത്രങ്ങളെല്ലാം കാലത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് ഓണ്‍ലൈന്‍ എഡിഷനുകള്‍ ശക്തമാക്കി വരവിന്റെ വഴികള്‍ കൂട്ടിയപ്പോള്‍ മെലിഞ്ഞ സബ്‌സ്‌ക്രിബ്ഷനും വയറൊട്ടിയ സംവിധാനങ്ങളുമുള്ള വെര്‍ച്വല്‍ സെക്ഷനാണിന്ന് ചന്ദ്രികയുടേതെന്ന് മനസിലാക്കണം. രാജ്യമാകെ വേട്ടക്കാരും വേട്ടയാടപ്പെടുന്നവരും അനുദിനം വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇന്ദ്രപ്രസ്ഥത്തില്‍ പത്രത്തിന് ഒരു ദേശീയ റിപോര്‍ട്ടറില്ലാത്തതും 'ചന്ദ്രികയല്ലേ അതൊക്കെ മതി'യെന്ന തോന്നലില്‍നിന്നാണ്. എല്ലാം പറഞ്ഞു തീര്‍ക്കുന്നില്ല. ഈ അനുബന്ധംകൂടി ചേര്‍ക്കാനുളളപ്പോള്‍

സ്വയം പൊങ്ങല്‍ വാല്‍ക്കഷ്ണം!

ചന്ദ്രികയിലാദ്യമായി എഴുത്ത് പരീക്ഷയും ഇന്റര്‍വ്യൂവും കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ച നാല് പേരിലൊരാളാണ് ഞാനെന്നത് തള്ളാണെന്ന് പറഞ്ഞേക്കാം. തെളിവ് തന്നാല്‍ മാറ്റിപ്പറഞ്ഞോളാം. ഏതായാലും ആ നാല് പേരും ഇന്ന് പത്രത്തിലില്ല. സബ് എഡിറ്ററായിരിക്കെ ലഭിച്ച മൂന്ന് പി.എസ്.സി നിയമനങ്ങളും വേണ്ടെന്ന് വെച്ചത് ചന്ദ്രികയോടുള്ള അതിരറ്റ കൂറ് കൊണ്ടായിരുന്നുവെന്ന് പഞ്ഞാല്‍ അത് തീര്‍ച്ചയായും തള്ളാണ്. കാരണം നാലാമത്തെ പി എസ് സി പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്ന പോസ്റ്റായതിനാല്‍ ഞാനവിടെ നിന്ന് രാജിവെച്ചു. കോഴിക്കോട്ടും കൊച്ചിയിലും തിരുവനന്തപുരത്തുമായി 11 വര്‍ഷമായിരുന്നു എന്റെ ചന്ദ്രികാ ജീവിതം. ആത്മപ്രശംസാപരമായി പറഞ്ഞാല്‍ മാധ്യമപ്രവര്‍ത്തനം എന്റെ മജ്ജയിലും മാംസത്തിലും അന്നുമിന്നുമുണ്ട്. അതുകൊണ്ടായിരിക്കാം ഞാന്‍ ചന്ദ്രിക വിടുന്നതില്‍ എഡിറ്റര്‍ റഹീം മേച്ചേരിക്ക് ഭയങ്കര സങ്കടമായിരുന്നു. പി.ആര്‍.ഡിയില്‍ ചെന്ന് മടുപ്പ് തോന്നിയാല്‍ തിരിച്ചുവന്നാല്‍ ബാക്ക് സര്‍വീസ് പരിഗണിക്കാനും വരവ് സുഗമമാക്കാനുമായി മേച്ചേരി എന്നോട് ഒരു ലീന്‍ അപേക്ഷ നല്‍കാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ അപേക്ഷ നല്‍കുകയും ചെയ്തു.പി.ആര്‍.ഡിയിലെ തുടക്ക ശമ്പളം ചന്ദ്രികയേക്കാള്‍ കുറവായിരുന്നെങ്കിലും പിന്നീടത് ഓട്ടോറിക്ഷാ മീറ്റര്‍ പോലെ കുതിക്കാന്‍ തുടങ്ങി. അങ്ങനെ ലീന്‍ ബാക്കിയായി, മേച്ചേരി ഓര്‍മയായി, ഞാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വരേയായി.

ഇത്രയും തള്ളിയത് ഒരു ദുരനുഭവം പറയാനാണ്. സ്ഥാപനത്തില്‍ ഏറെക്കുറെ നന്നായി ജോലി ചെയ്തിരുന്ന ഞാന്‍ യാത്രയയപ്പൊക്കെ കഴിഞ്ഞ് അന്തിമ കടലാസ് കര്‍മങ്ങള്‍ക്കായി മുകള്‍ നിലയില്‍ പ്രധാന ചുമതലയുള്ള ഒരു അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫിനെ സമീപിച്ചപ്പോള്‍ റിലീവിംഗ് പേപ്പര്‍ തന്ന് ടിയാന്‍ യാത്രയയച്ചത് ' നിങ്ങളും രക്ഷപ്പെട്ടു, ഞങ്ങളും രക്ഷപ്പെട്ടു' എന്ന് പറഞ്ഞാണ്.

എഡിറ്റോറിയല്‍ വിഭാഗമാണ് പത്രത്തിന്റെ സോഫ്റ്റ് വെയര്‍ എന്ന് മനസിലാക്കാതെ അവരോട് ശത്രുതയും അസൂയയും വെച്ച്പുലര്‍ത്തുന്നവര്‍ എല്ലാ മാധ്യമ സ്ഥാപനങ്ങളിലുമുണ്ടെന്ന് കേട്ടിട്ടുണ്ട്. ചന്ദ്രികയിലും അവര്‍ക്ക് കുറവുണ്ടായിരുന്നില്ല. എഴുത്തുകാര്‍ക്കുള്ള റെമ്യൂണറേഷന്‍, അധിക ഡ്യൂട്ടി അലവന്‍സ്, യാത്രാപ്പടി തുടങ്ങിയവക്കൊക്കെ അവര്‍ എന്നും ഉടക്ക് വെച്ചുകൊണ്ടിരിക്കും.

അന്ന് കണ്ണന്‍ നായരായിരുന്നു ഫിനാന്‍സ് മാനേജര്‍.പിന്നീട് കോഴിശേരി അബ്ദുല്‍ ഖാദറും. ഇരുവരുടേയും കാലത്ത് ശമ്പളം ഏറെക്കുറെ കൃത്യമായി കൊടുത്തു കൊണ്ടിരുന്നിരുന്നു. കോഴിശേരിയാവട്ടെ ശമ്പളം കൊടുക്കാതെ മറ്റൊരു ചെലവിനെക്കുറിച്ചും ആലോചിക്കുക പോലും ചെയ്യുമായിരുന്നില്ല. ഇതിപ്പോള്‍ പറഞ്ഞത് ഇപ്പോഴത്തെ ആളുകളെ ഉദ്ദേശിച്ചാണെന്ന് ആരെങ്കിലും നിനച്ചാല്‍ അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമുണ്ട്. ഒരു കാര്യം പറയുമ്പോള്‍ അത് ആ കാലത്തേക്ക് മാത്രമാണെന്ന അടിസ്ഥാന തത്വം മനസിലാക്കാത്തത് കൊണ്ടാണത്.

Next Story

RELATED STORIES

Share it