- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: സംസ്ഥാനത്ത് അടുത്ത രണ്ടാഴ്ച ലോക് ഡൗണ്‍ നടപ്പിലാക്കണമെന്ന് കെജിഎംസിടിഎ
മെഡിക്കല്‍ കോളജുകളെ എക്‌സ്‌ക്ലൂസിവ് കൊവിഡ് ആശുപത്രിയായി മാറ്റാതിരിക്കുക; ഗുരുതരാവസ്ഥയിലുള്ള കാറ്റഗറി സി വിഭാഗം രോഗികളെ മാത്രം മെഡിക്കല്‍ കോളജുകളില്‍ പ്രവേശിപ്പിക്കണമെന്നും കെജിഎംസിടിഎ
തിരുവനന്തപുരം: അതിതീവ്ര കൊവിഡ് വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അടുത്ത രണ്ടാഴ്ചത്തേക്കെങ്കിലും സംസ്ഥാന വ്യാപകമായി ലോക്ക്ഡൗണ്‍ നടപ്പിലാക്കണമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേര്‍സ് അസോസിയേഷന്‍(കെജിഎംസിടിഎ). ജനിതക മാറ്റം സംഭവിച്ചിട്ടുള്ള പുതിയ വൈറസ് (യൂ.കെ സ്‌ട്രെയിന്‍) ആണിപ്പോള്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. അതീവ പ്രഹരശേഷിയുള്ളതും യുവാക്കളില്‍ പോലും ഗുരുതരമായ രോഗം ഉണ്ടാക്കുന്നതും മരണനിരക്ക് ഉയര്‍ന്നതുമായ വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കേണ്ടത് പ്രധാനമാണെന്നും കെജിഎംസിറ്റിഎ വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.
ആരോഗ്യരംഗത്തെ പ്രഫഷണല്‍ സംഘടന എന്ന നിലയിലും കൊവിഡ് കാലത്തെ അനുഭവങ്ങളില്‍ നിന്നും താഴെപറയുന്ന നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്നു.
1. എ, ബി എന്നീ കാറ്റഗറിയിലുള്ള രോഗികളെ ചികില്‍സിക്കാനുള്ള പൂര്‍ണമായ സൗകര്യം ജില്ലകളിലെ ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രികളില്‍ ഒരുക്കുകയും അതീവ വൈദഗ്ധ്യം ആവശ്യമുള്ള അതിതീവ്ര രോഗികളെ ചികില്‌സിക്കുന്നതിനായി മെഡിക്കല്‍ കോളജുകള്‍ സുസജ്ജമാക്കുകയും ചെയ്യുക. ആരോഗ്യ ചികിത്സാരംഗത്തെ ഉത്തുംഗശൃംഗങ്ങള്‍ ആയി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളെ അതേപടി നിലനിര്‍ത്തുകയും അവിടെ ഗുരുതരാവസ്ഥയിലുള്ള കാറ്റഗറി സി രോഗികളെ ചികില്‍സിക്കാന്‍ മാത്രമായി ഉപയോഗിക്കുകയും ചെയ്യുക.
2. എല്ലാ വിഭാഗത്തിലുമുള്ള കൊവിഡ് രോഗികളെ ചികില്‍സിക്കേണ്ടി വരുന്ന സാഹചര്യം മെഡിക്കല്‍ കോളജുകളില്‍ വന്നാല്‍ അത് സാധാരണ രോഗികള്‍ക്കിടയില്‍ പോലും രോഗവ്യാപനത്തിന് കാരണമാവുകയും മെഡിക്കല്‍ കോളജുകളുടെ ചികിത്സാഅധ്യയനപ്രവര്‍ത്തിപരിചയ പ്രവര്‍ത്തനങ്ങളെയും കൊവിഡ് ഇതര ചികിത്സയെയും അവതാളത്തിലാക്കുകയും ചെയ്യും. അതിനാല്‍ കാറ്റഗറി സി വിഭാഗം രോഗികള്‍ക്ക് മാത്രമായി സേവനം നിയന്ത്രിക്കുന്നത് കൊവിഡ്ഇതര രോഗികള്‍ക്ക് ഇപ്പോള്‍ കുറഞ്ഞ ചിലവില്‍ ഏറ്റവും നല്ല ചികിത്സ ലഭ്യമാകുന്ന സാഹചര്യം തടസ്സമില്ലാതെ തുടരുന്നതിന് സഹായകമായിരിക്കും.
3. രണ്ടാം തരംഗത്തിന്റെ കൂടുതലായുള്ള വ്യാപനശേഷി കണക്കിലെടുത്തു ഇതിനായി നിലവിലുള്ളതിനു പുറമെയായി കൂടുതല്‍ ഐസിയു കിടക്കകള്‍ മെഡിക്കല്‍ കോളജുകളില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. നിലവിലുള്ള സൗകര്യങ്ങള്‍ക്ക് പുറമേ കൂടുതല്‍ താല്‍ക്കാലിക അതി തീവ്രചികിത്സാ വാര്‍ഡുകള്‍ ഒരുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
4. കാറ്റഗറി ബിയില്‍ പെട്ട കൊവിഡ് രോഗികളെ എല്‍എല്‍സിടിസികളിലും മറ്റു ആശുപത്രികളിലുമായി ചികില്‍്‌സിക്കാനുള്ള സൗകര്യം ഉറപ്പാക്കുക. കാറ്റഗറി എയില്‍ ഉള്‍പ്പെടുന്ന രോഗികള്‍ക്ക് വീട്ടില്‍ തന്നെയുള്ള ചികിത്സ പ്രോത്സാഹിപ്പിക്കുകയും വീടുകളില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി ഐസൊലേഷന്‍ സൗകര്യങ്ങള്‍ ഒരുക്കുകയും വേണം. അതതു ജില്ലകളിലെ കാറ്റഗറി എ & ബി രോഗികളുടെ പൂര്‍ണമായ മേല്‍നോട്ടം സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡിസ്ട്രിക്റ്റ് ഹെല്‍ത്ത് സെര്‍വിസിന്റെ കീഴില്‍ നിക്ഷിപ്തമാക്കുകയും ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ സേവനം അതിനായി ഉപയോഗിക്കുകയും ചെയ്യുക.
5. രോഗീചികിത്സ പോലെത്തന്നെ അതീവപ്രാധാന്യമര്‍ഹിക്കുന്നതാണ് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനവും. കഴിഞ്ഞ ഒരു വര്‍ഷമായി താറുമാറായി കിടക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസരംഗം വീണ്ടും പൂര്‍വസ്ഥിതി പ്രാപിക്കുന്നതേയുള്ളൂ. പഠനവും പ്രവൃത്തി പരിചയവും സമയബന്ധിതമായി അവസാനിപ്പിക്കാനും പരീക്ഷകള്‍ മുടങ്ങാതെ നടത്താനുമുള്ള സാഹചര്യമുണ്ടാവണം. അനിശ്ചിതാവസ്ഥയില്‍ തുടരുന്ന കൊവിഡ് മഹാമാരിയെ വരുംവര്‍ഷങ്ങളില്‍ നേരിടുന്നതിനുള്ള മനുഷ്യ വിഭവശേഷി കൈവരിക്കുന്നതിന് അത് സഹായകമായിരിക്കും.
6. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളും അധ്യാപകരുടെയും ജൂനിയര്‍ ഡോക്ടര്‍മാരുടെയും ക്ഷാമം അനുഭവിക്കുകയാണ്. ഒഴിവുള്ള സ്ഥിരം തസ്തികകളില്‍ എത്രയും വേഗം നിയമനം നടത്തുകയും ജൂനിയര്‍ പോസ്റ്റുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനങ്ങള്‍ നടത്തി ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനുള്ള നടപടികള്‍ എടുക്കുകയും വേണം. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ലഭ്യത മെഡിക്കല്‍ കോളജില്‍ നല്‍കിവരുന്ന കൊവിഡ്-കൊവിഡ് ഇതര രോഗീസേവനങ്ങള്‍ ഏറ്റവും ഫലപ്രദമായി നല്‍കാന്‍ സഹായകമായിരിക്കും. അതുപോലെ തന്നെ നഴ്‌സിങ്, പാരാമെഡിക്കല്‍ വിഭാഗങ്ങളിലുമുള്ള ജീവനക്കാരുടെ കുറവും പരിഹരിച്ചാല്‍ മാത്രമേ ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമായി നടക്കുകയുള്ളൂ.
7. എറണാകുളം, മഞ്ചേരി, കൊല്ലം പോലുള്ള താരതമ്യേന പുതിയ കോളജുകളില്‍ സ്ഥലമനുഷ്യ വിഭവശേഷി കുറവാണ്. കൊവിഡ് ഒന്നാം തരംഗ കാലത്തു ഈ മെഡിക്കല്‍ കോളജുകള്‍ പൂര്‍ണമായും കൊവിഡ് ആശുപത്രികളായി മാറ്റിയത് മെഡിക്കല്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായ ഒരു തീരുമാനമായിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തെയും പ്രവര്‍ത്തിപരിചയ പരിശീലനത്തെയും പ്രതികൂലമായി ബാധിക്കുന്ന ഇത്തരം തീരുമാനങ്ങള്‍ ഭാവിയില്‍ ആരോഗ്യരംഗത്തിനു തന്നെ ദോഷകരമായേക്കാവുന്നതിനാല്‍ ഇത്തരം തീരുമാനങ്ങള്‍ പുനഃപരിശോധിക്കുക.
8. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളും സങ്കീര്‍ണമായ വിവിധ രോഗചികിത്സാ സംവിധാനങ്ങളാലും യന്ത്രസാമഗ്രികളാലും സമ്പന്നമാണ്. മെഡിക്കല്‍ കോളജുകളില്‍ ഇത്തരത്തില്‍ വിവിധ ചികിത്സാവിഭാഗങ്ങളിലായി പൊതുജനങ്ങള്‍ക്ക് കുറഞ്ഞചിലവില്‍ ചികിത്സ ലഭ്യമാക്കുന്നതിനായി ഉപയോഗിച്ചുവന്നിരുന്ന വിലപിടിച്ച പല ചികിത്സാ സാമഗ്രികളും ഉപകരണങ്ങളും ഉപയോഗശൂന്യമാകാനും അത്തരത്തിലുള്ള ചികിത്സാനിഷേധത്തിനും ആശുപത്രികളുടെ സാധാരണ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള കൊവിഡ് ഒന്നാം തരംഗകാലത്തെ തീരുമാനം കാരണമായിട്ടുണ്ടായിരുന്നു. അതിനാല്‍ ആ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഒരു മെഡിക്കല്‍ കോളജിനെയും പൂര്‍ണമായി എക്‌സ്‌ക്ലൂസിവ് കൊവിഡ് ആശുപത്രിയായി മാറ്റാതിരിക്കുക.
9. എല്ലാം സ്വകാര്യ ആശുപത്രികളുടെയും സേവനം കൊവിഡ് ചികിത്സക്ക് പ്രയോജനപ്പെടുത്തണം. ഓരോ ആശുപത്രികളിലും ലഭ്യമായ സൗകര്യങ്ങളെ പറ്റി കൃത്യമായി അറിയുന്നതിനുള്ള കേന്ദ്രീകൃത സംവിധാനം ഓരോ ജില്ലകളിലുമായി ഒരുക്കുക. കൂടാതെ എ, ബി എന്നീ കാറ്റഗറിയിലുള്ള രോഗികളെ പ്രവേശിപ്പിക്കുന്ന കൊവിഡ് സെന്ററുകളില്‍ ആയുഷ് ഡോക്ടര്‍മാരുടെ സേവനവും ഉപയോഗിക്കാം.
10. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ചികിത്സയുടെ ഭാഗമായി ഓക്‌സിജന്‍ കൂടുതലായി ലഭ്യമാക്കേണ്ടതുണ്ട്. മറ്റുസംസ്ഥാനങ്ങളിലെ പോലെ നമ്മുടെ നാട്ടില്‍ ഓക്‌സിജന്‍ ക്ഷാമം ഇപ്പോള്‍ അനുഭവപ്പെടുന്നില്ലെങ്കിലും ഈ രോഗവ്യാപനം എത്രനാള്‍ നിലനില്‍ക്കും എന്ന് ഇപ്പോള്‍ പറയാനാവില്ല. ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഓക്‌സിജന്‍ ദൗര്‍ലഭ്യം ഒഴിവാക്കുന്നതിലേക്കായി സര്‍ക്കാരിതരസ്വകാര്യ മേഖലകളിലേക്കുള്ള ഓക്‌സിജന്‍ വിതരണം ക്രമപ്പെടുത്തുകയും കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുകയും വേണം.
11. കൊവിഡ് വാക്‌സിനേഷന്‍ എത്രയും വേഗത്തില്‍ പരമാവധി ജനങ്ങളിലേക്ക് എത്തിച്ചാല്‍ അതുവഴി രോഗവ്യാപനത്തെ ഒരു പരിധിവരെ തടയാന്‍ സാധിക്കുകയും ചെയ്യും. അതിനായി കൂടുതല്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ ലഭ്യമാക്കുക വഴി അവിടെ ഉണ്ടാകാവുന്ന തിരക്കും രോഗവ്യാപനസാധ്യതയും കൂടി ഒഴിവാക്കാം.
12. മെഡിക്കല്‍ കോളജുകളില്‍ കിടപ്പുരോഗികളുടെ കൂടെ കൂട്ടിരിപ്പുകാരെ മാത്രം അനുവദിക്കാനും സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കാനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുക. വാക്‌സിന്‍ എടുത്തവരോ കൊവിഡ് രോഗബാധ ഇല്ലെന്ന് ഉറപ്പു വരുത്തിയവരോ ആയിരിക്കണം കൂട്ടിരിപ്പുകാര്‍ എന്ന് നിഷ്‌കര്‍ഷിക്കണം. കൂടാതെ കുടുംബശ്രീ, മറ്റു സന്നദ്ധസംഘടനകള്‍ എന്നിവയുടെ സഹായത്തോടെ രോഗികളുടെ ആഹാരം, മറ്റു ആവശ്യങ്ങള്‍ എന്നിവ നേടിയെടുക്കാനുമുള്ള നടപടികള്‍ സ്വീകരിക്കുന്നത് നല്ലതായിരിക്കും.
13. ഓ.പി വിഭാഗത്തില്‍ വരുന്ന രോഗികളെ അനുഗമിക്കുന്നവരുടെ എണ്ണവും നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. കഴിയുമെങ്കില്‍ പൂര്‍ണ്ണമായും ഒരു റെഫെറല്‍ സംവിധാനത്തിലൂടെ ഓ.പി നിയന്ത്രിക്കുന്നത് വഴി മെഡിക്കല്‍ കോളജൂകളിലെ തിരക്ക് ഒഴിവാക്കാനും അര്‍ഹരായ രോഗികള്‍ക്ക് മാത്രമായി സേവനം ഉറപ്പുവരുത്താനും സാധിക്കും. മെഡിക്കല്‍ കോളേജ് പരിസരത്തു എല്ലാ തരത്തിലുള്ള ആള്‍ക്കൂട്ടങ്ങളെയും നിയമപരമായി തന്നെ നിയന്ത്രിക്കാനുള്ള നടപടികള്‍ ഉണ്ടാക്കുക.
14. കൊവിഡ് രണ്ടാംതരംഗത്തിന്റെ വ്യാപനം അതിതീവ്രമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ സമ്പര്‍ക്കം മൂലമുള്ള രോഗവ്യാപനം ഏറ്റവും കുറയ്ക്കുക എന്നതാണ് പ്രതിരോധത്തിനുള്ള ഫലപ്രദമായ ഒരു മാര്‍ഗ്ഗം. ഇതിനായി സര്‍ക്കാര്‍ അടുത്ത രണ്ടാഴ്ചത്തേക്കെങ്കിലും സംസ്ഥാന വ്യാപകമായി ലോക്കഡൗണ്‍ തന്നെ നടപ്പിലാക്കുന്നതായിരിക്കും ഉചിതമായിരിക്കുക എന്നാണ് കെജിഎംസിറ്റിഎ നിര്‍ദ്ദേശിക്കുന്നത്.
കൊവിഡ് മുന്നണി പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്തുണയേകുന്ന തരത്തിലുള്ള സമീപനം സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ ഡോ. ബിനോയ് എസ്, സംസ്ഥാന സെക്രട്ടറി ഡോ. നിര്‍മല്‍ ഭാസ്‌കര്‍ എന്നിവര്‍ വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.
RELATED STORIES
സ്ട്രെയ്റ്റ് ഡ്രൈവില്‍ പന്ത് മുഖത്തടിച്ചു; അംപയര്‍ ടോണി ഡെ...
21 Nov 2024 5:22 AM GMTട്വന്റി-20 ലോക റാങ്കിങില്‍ തിലക് വര്‍മ്മയ്ക്കും സഞ്ജുവിനും കുതിപ്പ്;...
20 Nov 2024 12:17 PM GMTജൊഹന്നാസ്ബര്ഗില് തീപ്പൊരി കൂട്ട്കെട്ട്; സഞ്ജുവിനും തിലകിനും...
15 Nov 2024 5:45 PM GMTതിലക് വര്‍മ്മയുടെ സെഞ്ചുറി കരുത്തില്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക്...
14 Nov 2024 1:19 AM GMTഇന്ത്യ ചാംപ്യന്‍സ് ട്രോഫിയില്‍ പങ്കെടുത്തില്ലെങ്കില്‍ ഐസിസി...
11 Nov 2024 6:44 AM GMTരണ്ടാം ട്വന്റി-20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് ജയം;...
10 Nov 2024 6:11 PM GMT