Latest News

ഇന്ത്യൻ വിദ്യാർത്ഥികൾക്കെതിരായ അതിക്രമത്തെ അപലപിച്ച് അമേരിക്ക

ഇന്ത്യൻ  വിദ്യാർത്ഥികൾക്കെതിരായ അതിക്രമത്തെ അപലപിച്ച് അമേരിക്ക
X

വാഷിങ്ടണ്‍: അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കെതിരായ ആക്രമണങ്ങളെ ന്യായീകരിക്കാനാവില്ലെന്ന് വൈറ്റ് ഹൗസ്. ഇത്തരം ആക്രമണങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ആക്രമണങ്ങള്‍ തടയുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും അദ്ദേഹത്തിന്റെ ഭരണകൂടവും കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസിലെ നാഷനല്‍ സെക്യൂരിറ്റി കൗണ്‍സിലിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് കോഓഡിനേറ്റര്‍ ജോണ്‍ കിര്‍ബി അവകാശപ്പെട്ടു. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിരവധി ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികളാണ് അമേരിക്കയില്‍ കൊല്ലപ്പെട്ടത്. ജനുവരിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയായ വിവേക് സൈനിയെ മയക്കുമരുന്നിന് അടിമയായ പ്രതിയാണ് കൊലപ്പെടുത്തിയത്. ജോര്‍ജിയയിലെ ലിത്തോണിയയിലായിരുന്നു സംഭവം. ഇന്ത്യാന വെസ്‌ലിയന്‍ യൂനിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥി സയ്യിദ് മസാഹിര്‍ അലി ഫെബ്രുവരിയില്‍ ആക്രമിക്കപ്പെട്ടു. അകുല്‍ ധവാന്‍, നീല്‍ ആചാര്യ എന്നീ വിദ്യാര്‍ഥികളെ മരിച്ച നിലയില്‍ കണ്ടെത്തിയതും ജനുവരിയിലാണ്. സിന്‍സിനാറ്റിയിലെ ലിന്‍ഡ്‌നര്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി ശ്രേയസ് റെഡ്ഡിയെ ഈ മാസമാണ് ഓഹിയോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യത്യസ്ത സംഭവങ്ങളിലായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ താന്‍ അസ്വസ്ഥനാണെന്ന് ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റി നേതാവ് അജയ് ജെയിന്‍ ഭൂട്ടോറിയ പറഞ്ഞു. അമേരിക്കയില്‍ ഉപരിപഠനത്തിനായി എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it