Latest News

പ്രമുഖ ഉര്‍ദു ഗ്രന്ഥകര്‍ത്താവ് മുജ്തബ ഹുസൈന്‍ നിര്യാതനായി

റെഡ് ഹില്‍സിലെ വസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്ന് കുടുംബ വൃത്തങ്ങള്‍ അറിയിച്ചു.

പ്രമുഖ ഉര്‍ദു ഗ്രന്ഥകര്‍ത്താവ് മുജ്തബ ഹുസൈന്‍ നിര്യാതനായി
X

ഹൈദരാബാദ്: പ്രമുഖ ഉര്‍ദു ഗ്രന്ഥകര്‍ത്താവും ഹാസ്യ- ആക്ഷേപഹാസ്യ സാഹിത്യകാരനുമായ മുജ്തബ ഹുസൈന്‍ നിര്യാതനായി. 84 വയസ്സായിരുന്നു. റെഡ് ഹില്‍സിലെ വസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്ന് കുടുംബ വൃത്തങ്ങള്‍ അറിയിച്ചു. ഏതാനും വര്‍ഷങ്ങളായി വാര്‍ധക്യ സഹജമായ രോഗങ്ങളുടെ പിടിയിലായിരുന്നു.

മുജ്തബ ഹുസൈനെ പലപ്പോഴും ഉര്‍ദുവിന്റെ മാര്‍ക്ക് ട്വെയ്ന്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 2007ല്‍ നാലാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഉര്‍ദു സാഹിത്യത്തിന് കനത്ത നഷ്ടമാണ്.

''ജപ്പാന്‍ ചലോ ജപ്പാന്‍'' ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളും യാത്രാവിവരണങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഉര്‍ദു സാഹിത്യത്തിലെ തന്റെ ഏറ്റവും വലിയ സംഭാവനയായിരുന്നു ജപ്പാനെക്കുറിച്ചുള്ള യാത്രാവിവരണം. കാരണം, ആ രാജ്യത്തേക്ക് ധാരാളം ആളുകള്‍ സഞ്ചരിക്കാത്ത ഒരു സമയത്ത് ജപ്പാനെക്കുറിച്ച് അപൂര്‍വവും രസകരവുമായ ഉള്‍ക്കാഴ്ച നല്‍കുന്നതായിരുന്നു ആ കൃതി.

ഹൈദരാബാദില്‍ നിന്ന് പ്രസിദ്ധീകരിച്ച ഉര്‍ദു ദിനപത്രമായ ''സിയാസത്ത്''ല്‍ നിന്നാണ് അദ്ദേഹം സാഹിത്യ ജീവിതം ആരംഭിച്ചത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ അദ്ദേഹം അതില്‍ കോളങ്ങള്‍ എഴുതിയിരുന്നു. അദ്ദേഹത്തിന്റെ ഞായറാഴ്ച കോളത്തിനായി വായനക്കാര്‍ ആകാംക്ഷയോടെ കാത്തിരുന്നു.

ഒറിയ, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, റഷ്യന്‍, ജാപ്പനീസ് ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മോദി സര്‍ക്കാര്‍ സൃഷ്ടിച്ച ഭയത്തിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മുജ്തബ ഹുസൈന്‍ തന്റെ പത്മശ്രീ അവാര്‍ഡ് തിരികെ നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഭരണകൂടം ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലിംകളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന നിലവിലെ അവസ്ഥയില്‍ തനിക്ക് വേദനയുണ്ടെന്ന് ഹുസൈന്‍ പറഞ്ഞിരുന്നു.

പാകിസ്താനിലേക്ക് കുടിയേറിയ പ്രശസ്ത എഴുത്തുകാരന്‍ ഇബ്രാഹീം ജലീസിന്റെയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മഹ്ബൂബ് ഹുസൈന്‍ ജിഗാറിന്റെയും സഹോദരനാണ് മുജ്തബ ഹുസൈന്‍.

Next Story

RELATED STORIES

Share it